Connect with us

National

നേതാക്കള്‍ അഖിലേഷിനൊപ്പം; എസ് പിയില്‍ ഒറ്റപ്പെട്ട് മുലായം

Published

|

Last Updated

മുലായം സിംഗ് യാദവ് (ഫയല്‍ ചിത്രം)

ലക്‌നോ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയും മകനുമായ അഖിലേഷ് യാദവ് പാര്‍ട്ടി ദേശീയ അധ്യക്ഷ സ്ഥാനം പിടിച്ചെടുത്തതോടെ എസ് പിയില്‍ മുലായം സിംഗ് യാദവ് തികച്ചും ഒറ്റപ്പെട്ടു. എം എല്‍ എമാരും മുതിര്‍ന്ന നേതാക്കളില്‍ മിക്കവരും ഇതിനകം അഖിലേഷിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

എസ് പിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ റിയോതി രാമന്‍ സിംഗ്, ഉപാധ്യക്ഷന്‍ കിരണ്‍മയ് നന്ദ, ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായ നരേഷ് അഗര്‍വാള്‍, മന്ത്രിമാര്‍, എം എല്‍ എമാര്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം അഖിലേഷ് പക്ഷം വിളിച്ചുചേര്‍ത്ത പ്രത്യേക ദേശീയ കൗണ്‍സിലില്‍ പങ്കെടുത്തിരുന്നു. കിരണ്‍മയ് നന്ദയാണ് യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. ഇവരില്‍ പലരും മുലായം സിംഗുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നവരും യാദവ കുടുംബവുമായി അടുപ്പമുള്ളവരുമായിരുന്നു എന്നതാണ് സ്ഥാപക നേതാവിന്റെ ഒറ്റപ്പെടലിന്റെ ആക്കം കൂട്ടുന്നത്. അഖിലേഷിന്റെ നേതൃത്വത്തില്‍ നടന്ന നീക്കങ്ങള്‍ പാര്‍ട്ടിയുടെ ഭരണഘടനക്ക് വിരുദ്ധമാണെന്ന് മുലായം പ്രതികരിച്ചപ്പോള്‍ പോലും അനുകൂലിക്കാന്‍ നേതാക്കള്‍ ആരും എത്തിയില്ലെന്നതും ശ്രദ്ധേയമാണ്.
അഖിലേഷിന്റെ നേതൃത്വത്തിലുള്ള വിഭാഗം പാര്‍ട്ടിയുടെ ചുക്കാന്‍ പിടിച്ചെടുത്ത നിര്‍ണായക ഘട്ടത്തില്‍ മുലായം സിംഗിനെ സന്ദര്‍ശിച്ചത് ഏതാനും നേതാക്കള്‍ മാത്രമായിരുന്നു. ശിവ്പാല്‍ യാദവിനെ കൂടാതെ മന്ത്രി ഗായത്രി പ്രസാദ് പ്രജാപതി, രാജ്യസഭാംഗം ബേനി പ്രസാദ് വര്‍മ തുടങ്ങിയവര്‍ ഇവരില്‍ ഉള്‍പ്പെടും. പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ നിന്ന് മുലായം സിംഗ് കൊണ്ടുവന്ന കിരണ്‍മയ് നന്ദ പോലും അദ്ദേഹത്തെ കൈയൊഴിഞ്ഞു. തനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പ്രചോദനം നല്‍കുന്ന നേതാവാണ് മുലായം എന്ന് പറഞ്ഞയാളാണ് നന്ദ.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് എസ് പിയെ സംബന്ധിച്ച് നിര്‍ണായകമാണെന്നും താനും മറ്റ് മുതിര്‍ന്ന നേതാക്കളും അഖിലേഷിലാണ് വിശ്വാസമര്‍പ്പിച്ചിരിക്കുന്നത് എന്നുമാണ് ഇപ്പോള്‍ നന്ദ പറയുന്നത്. അഖിലേഷ് ദേശീയ നേതാവായി ഉയര്‍ന്നിരിക്കുകയാണ്. അദ്ദേഹത്തെ രാജ്യത്ത് എവിടെയുമുള്ള ജനം തിരിച്ചറിയുന്നുണ്ട്. അഖിലേഷ് ഇപ്പോള്‍ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനാകേണ്ടത് അത്യാവശ്യമാണ്. എന്നിരുന്നാലും, പാര്‍ട്ടി രൂപവത്കരിച്ചത് തൊട്ട് താന്‍ നേതാജി (മുലായം)ക്കൊപ്പമുണ്ട്. അദ്ദേഹത്തെ ചിലര്‍ ഗൂഢാലോചന നടത്തി തെറ്റിദ്ധരിപ്പിക്കുകയാണെന്നും നന്ദ പറയുന്നു.

നന്ദയെ കൂടാതെ, മുലായത്തിന്റെ ജില്ലയായ അസംഗഢില്‍ നിന്നുള്ള മന്ത്രിമാരായ ബല്‍റാം യാദവ്, ദുര്‍ഗാ പ്രസാദ് യാദവ് എന്നിവരും അഖിലേഷിനൊപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നത്. മുലായത്തോട് അടുപ്പം സൂക്ഷിച്ചിരുന്ന രാജ്യസഭാംഗവും പാര്‍ട്ടി മുന്‍ ട്രഷററുമായ ചന്ദ്രപാല്‍ സിംഗ് യാദവ്, വിദ്യാഭ്യാസ മന്ത്രി അഹ്മദ് ഹസന്‍, മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ഉദയ് പ്രതാപ് സിംഗ് എന്നിവരും നിര്‍ണായക ഘട്ടത്തില്‍ നേതാവിനെ തള്ളി അഖിലേഷിനൊപ്പം ചേര്‍ന്നു.
മുലായത്തിന്റെയും ശിവ്പാലിന്റെയും നേതൃത്വത്തില്‍ ഖ്വാമി ഏകതാ ദളിനെ എസ് പിയില്‍ ലയിപ്പിക്കാനുള്ള നീക്കം നടത്തിയപ്പോള്‍, അത് എതിര്‍ത്ത അഖിലേഷിന്റെ നിലപാട് തള്ളി കൂടെനിന്നയാളാണ് ബല്‍റാം യാദവ്. ഇതേത്തുടര്‍ന്ന് ബല്‍റാമിനെ മന്ത്രിസഭയില്‍ നിന്ന് അഖിലേഷ് പുറത്താക്കുക പോലും ചെയ്തിരുന്നു. ഇദ്ദേഹം പോലും ഇപ്പോള്‍ അഖിലേഷിനൊപ്പമാണെന്നത് മുലായത്തിന് പാര്‍ട്ടിയില്‍ എത്രമാത്രം സ്വാധീനം നഷ്ടപ്പെട്ടുവെന്ന് വ്യക്തമാക്കുന്നതാണ്. ബല്‍റാമിന്റെ മകന്‍ സംഗ്രാമിനെ പോലും ഉള്‍പ്പെടുത്തിയ സ്ഥാനാര്‍ഥി പട്ടികയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് എന്നതും അഖിലേഷിന്റെ നീക്കം എത്ര കരുതലോടെയാണെന്ന് വ്യക്തമാക്കുന്നുണ്ട്.

ബദൗനില്‍ നിന്നുള്ള പാര്‍ലിമെന്റ് അംഗം ധര്‍മേന്ദ്ര യാദവ്, രാം ഗോപാലിന്റെ മകനും ഫിറോസാബാദില്‍ നിന്നുള്ള എം പിയുമായ അക്ഷയ് യാദവ്, മൈന്‍പുരി എം പി തേജ് പ്രതാപ് യാദവ്, ഇറ്റാവ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അല്‍ശുല്‍ യാദവ് തുടങ്ങിയ കുടുംബാംഗങ്ങളെല്ലാം തന്നെ അഖിലേഷ് വിളിച്ച ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു. അഖിലേഷിന്റെ ഭാര്യ ഡിംബിള്‍ യാദവ് അടക്കമുള്ള വനിതാ നേതാക്കളാരും പക്ഷേ, സമ്മേളനത്തിനെത്തിയില്ല.