കൊതുകുകടിയും അപകടമാണെന്ന് ഉപഭോക്തൃ കമ്മീഷന്‍

Posted on: January 3, 2017 6:55 am | Last updated: January 2, 2017 at 11:56 pm

ന്യൂഡല്‍ഹി: കൊതുകുകടി മൂലമുള്ള മരണം അപകടമായി കണക്കാക്കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. കൊതുകുജന്യ രോഗമായ മലേറിയ ഉള്‍പ്പെടെയുള്ളവ പിടിപെട്ട് മരിച്ചയാളുടെ ഭാര്യ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കമ്മീഷന്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്‍ഷ്വറന്‍സ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ദേബാശിഷ് എന്നയാളുടെ ഭാര്യ മൗസമി ഭട്ടാചാര്‍ജിയുടെ പരാതിയിലാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ നടപടി.

കൊതുക് മൂലമുള്ള മരണം അപകട മരണമായി കണക്കാക്കാത്തത് ഏറെ പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് ജസ്റ്റിസ് വി കെ ജെയിന്‍ പറഞ്ഞു. ആരും പ്രതീക്ഷിക്കാത്ത സമയത്ത് തന്നെയാണ് കൊതുക് കടിക്കുന്നത്. ഇന്‍ഷ്വറന്‍സ് കമ്പനിയുടെ വെബ്‌സൈറ്റ് പ്രകാരം, പാമ്പ്, പട്ടി എന്നിവയുടെ കടിയേല്‍ക്കുന്നത് അപകടമാണ്. ഈ സാഹചര്യത്തില്‍ കൊതുകുകടിയെ അപകടമായി സ്വീകരിക്കാത്തത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കമ്മീഷന്‍ പറഞ്ഞു.

2012 ജനുവരിയിലാണ് ദേബാശിഷ് കൊതുകടിയെ തുടര്‍ന്ന് മലേറിയ ബാധിച്ച് മരിച്ചത്. ഇദ്ദേഹത്തിന് അപകട ഇന്‍ഷ്വറന്‍സ് ഉണ്ടായിരുന്നെങ്കിലും നല്‍കാന്‍ ദേശീയ ഇന്‍ഷ്വറന്‍സ് കമ്പനി തയ്യാറായില്ല. ഇതേത്തുടര്‍ന്ന് ഭാര്യ മൗസമി നേരത്തെ പശ്ചിമ ബംഗാള്‍ ഉപഭോക്തൃ ഫോറത്തെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. എന്നാല്‍, ഇത് ചോദ്യം ചെയ്ത് ഇന്‍ഷ്വറന്‍സ് കമ്പനി ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു.