Connect with us

Alappuzha

പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 20 ലക്ഷം രൂപയുടെ സ്വര്‍ണവും വജ്രാഭരണവും കവര്‍ന്നു

Published

|

Last Updated

കായംകുളം: വീട് കുത്തിത്തുറന്ന് 20 ലക്ഷം രൂപയുടെ സ്വര്‍ണവും വജ്രാഭരണവും കവര്‍ച്ച നടത്തി. പുള്ളിക്കണക്ക് പാലപ്പള്ളി തേജസില്‍ റിട്ട. ബേങ്ക് ഉദ്യോഗസ്ഥനായ സുരേന്ദ്രന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 75 പവനും വജ്രാഭരണവും 25,000 രൂപയും മോഷ്ടാക്കള്‍ അപഹരിച്ചു. സംഭവത്തെ തുടര്‍ന്ന് ജില്ലാ പോലീസ് ചീഫ് എ അക്ബര്‍, അഡ്മിനിസ്‌ട്രേഷന്‍ ഡി വൈ എസ് പി സുഭാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

വീട് പൂട്ടിയിട്ട ശേഷം തിരുവനന്തപുരത്തുള്ള ബന്ധുവീട്ടിലേക്ക് ശനിയാഴ്ച രാവിലെ പോയ സുരേന്ദ്രനും കുടുംബവും ഇന്നലെ രാവിലെ തിരികെയെത്തി വീട് തുറന്നു നോക്കിയപ്പോഴാണ് മുറിക്കുള്ളിലെ അലമാര കുത്തിത്തുറന്ന് പണവും ആഭരണങ്ങളും അപഹരിച്ചതായി കണ്ടെത്തിയത്. മുന്‍വാതിലിന്റെ പൂട്ട് കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാക്കള്‍ മുറിയിലുണ്ടായിരുന്ന ഇരുമ്പ് അലമാര കുത്തിപ്പൊളിച്ച് വസ്ത്രങ്ങളും മറ്റും വാരിവലിച്ച് പുറത്തിട്ടിരിക്കുകയായിരുന്നു. വീട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഡി വൈ എസ് പി രാജേഷ്, സി ഐ. കെ സദന്‍ എന്നിവര്‍ ഉടന്‍തന്നെ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

വീട്ടില്‍ ആളില്ലാത്ത സമയം മുന്‍കൂട്ടി അിറിയാവുന്ന, പുതുവത്സരാഘോഷമായിരുന്നതിനാല്‍ രാത്രിയില്‍ നടന്ന സംഭവം ആരും ശ്രദ്ധിക്കാനിടയില്ലെന്ന് മനസ്സിലാക്കിയ വിദഗ്ധരായ മോഷ്ടാക്കളാണ് കവര്‍ച്ചക്കു പിന്നിലെന്നാണ് പോലീസ് നിഗമനം. ആലപ്പുഴയില്‍ നിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സംഭത്തെ തുടര്‍ന്ന് സി ഐ. കെ സദന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. സംഭവവുമായി ബന്ധപ്പെട്ട ചില സൂചനകള്‍ ലഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

Latest