മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മൂന്ന് കിലോ അരി നല്‍കും

Posted on: January 3, 2017 6:50 am | Last updated: January 2, 2017 at 11:51 pm
SHARE

കണ്ണൂര്‍: സംസ്ഥാനത്തെ റേഷന്‍ പ്രതിസന്ധി എല്‍ ഡി എഫ് സര്‍ക്കാര്‍ ഉണ്ടാക്കിയതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ യു ഡി എഫ് ഭരണകാലത്ത് തന്നെ നടപ്പാക്കേണ്ടതായിരുന്നു രാജ്യമൊട്ടാകെ നിലവില്‍വന്ന ഭക്ഷ്യസുരക്ഷാ നിയമം. എന്നാല്‍ കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ നിയമം നടപ്പാക്കുന്നതിനാവശ്യമായ നടപടിക്രമങ്ങളൊന്നും ചെയ്യാതെ പല കാരണങ്ങള്‍ പറഞ്ഞ് അവധി നീട്ടിവാങ്ങി. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴേക്കും കേരളമല്ലാത്ത മറ്റെല്ലാ സംസ്ഥാനങ്ങളും നിയമം നടപ്പാക്കിക്കഴിഞ്ഞിരുന്നു. നിയമം ഇനിയും നടപ്പാക്കാത്ത കേരളത്തിന് അരി തരാന്‍ നിര്‍വാഹമില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാട്. എന്നാല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം റേഷന്‍ പ്രതിസന്ധിയുണ്ടായി എന്ന രീതിയിലാണ് പ്രചാരണങ്ങളെന്നും അദ്ദേഹം പറഞ്ഞു. എരമം – കുറ്റൂര്‍ പഞ്ചായത്ത് മാതമംഗലത്ത് നിര്‍മിച്ച പുതിയ ബസ് സ്റ്റാന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ സൗജന്യ അരിക്ക് അര്‍ഹതയില്ലാത്തതും നേരത്തെ സംസ്ഥാന മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നതുമായ കുടുംബങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്ന രണ്ട് കിലോ അരി മൂന്നാക്കി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതോടൊപ്പം അരിയുടെ കാര്യത്തില്‍ കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് പ്രത്യേക പരിഗണന ലഭിക്കുന്നതിന് ആവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന് വിദേശ നാണ്യം നേടിത്തരുന്ന ഒട്ടേറെ നാണ്യവിളകള്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനമെന്ന നിലക്ക് കേരളത്തിനാവശ്യമായ അരി കേന്ദ്രം നല്‍കാമെന്നായിരുന്നു ഇതുവരെയുള്ള കരാര്‍. എ കെ ജി ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ കേരളം ഒറ്റക്കെട്ടായി നിന്ന് സമരം നയിച്ചതിന്റെ ഭാഗമായിട്ടായിരുന്നു സ്റ്റാറ്റിയൂട്ടറി റേഷനിംഗ് സമ്പ്രദായം നിലവില്‍ വന്നത്. എന്നാല്‍ പുതിയ ഭക്ഷ്യസുരക്ഷാ നിയമം വന്നതോടെ മുന്‍ഗണനാ പട്ടികയിലുള്‍പ്പെട്ടവര്‍ക്ക് മാത്രം സൗജന്യ അരിയെന്ന തീരുമാനത്തില്‍ കേരളത്തിന് മാത്രം ഇളവ് നല്‍കാനാകില്ലെന്ന നിലപാടിലാണ് കേന്ദ്രം. അതോടെ നേരത്തേ ബിപി എല്‍ പട്ടികയിലുണ്ടായിരുന്ന ഒട്ടേറെ കുടുംബങ്ങള്‍ക്ക് ആവശ്യത്തിന് അരി കിട്ടാത്ത അവസ്ഥ വന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here