എം ടിക്ക് പിന്തുണയുമായി മന്ത്രി വി എസ് സുനില്‍കുമാര്‍

Posted on: January 3, 2017 6:46 am | Last updated: January 2, 2017 at 11:48 pm
തിരൂര്‍ തുഞ്ചന്‍പറമ്പിലെത്തി മന്ത്രി വി എസ് സുനില്‍കുമാര്‍ എം ടി വാസുദേവന്‍ നായരെ കണ്ടപ്പോള്‍

തിരൂര്‍: എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്കെതിരെ സംഘ്പരിവാര്‍ രംഗത്തെത്തിയ സാഹചര്യത്തില്‍ പിന്തുണയുമായി മന്ത്രി വി എസ് സുനില്‍ കുമാര്‍ എത്തി. ഇന്നലെ വൈകീട്ട് 6.45 ഓടെ തുഞ്ചന്‍പറമ്പിലെത്തിയ മന്ത്രി വി എസ് സുനില്‍ കുമാര്‍ 15 മിനിറ്റോളം സമയം എം ടിക്കൊപ്പം ചെലവഴിച്ചാണ് മടങ്ങിയത്. എം ടിയെ പോലും വെറുതെ വിടാത്ത സംഘ്പരിവാര്‍, ബി ജെ പി സംഘങ്ങളെ കേരളീയ ജനത ഒറ്റക്കെട്ടായി എതിര്‍ക്കണമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.

എം ടി വാസുദേവന്‍നായരെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. എം ടിയെ പോലുള്ള ഗുരുതുല്യരായവരെ പോലും വെറുതെ വിടാത്ത സംഘ്പരിവാര്‍ സംഘടനകള്‍ മറ്റുള്ളവരെ എന്തും ചെയ്യാന്‍ മടിക്കില്ല. രാഷ്ട്രീയം നോക്കാതെ എഴുതുന്നവരാണ് എം ടിയെ പോലുള്ളവര്‍. അവരുടെ ഭാഗത്തു നിന്നുണ്ടാകുന്ന വിമര്‍ശനങ്ങളെ പോലും സഹിഷ്ണുതയോടെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് ഫാസിസമാണ്. അതിനാല്‍ അത്തരം സംഘങ്ങള്‍ക്കെതിരെ കേരളീയ സമൂഹം ഒറ്റക്കെട്ടാകണം. അകലെ നിന്ന് നോക്കി കണ്ടിരുന്ന താന്‍ ആദ്യമായാണ് എം ടിയെ നേരില്‍ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.