Connect with us

Kerala

വരുന്നൂ, 'ഹായ് സ്‌കൂള്‍ കുട്ടിക്കൂട്ടം' പദ്ധതി

Published

|

Last Updated

തിരുവനന്തപുരം: ഐ സി ടി അധിഷ്ഠിത പ്രവര്‍ത്തനങ്ങളില്‍ ആഭിമുഖ്യവും താത്പര്യവുമുള്ള കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും വ്യാപകമാക്കുന്നതിനും ഐ ടി@സ്‌കൂള്‍, “ഹായ് സ്‌കൂള്‍ കുട്ടിക്കൂട്ടം” പദ്ധതി നടപ്പാക്കുന്നു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ മാതൃകയില്‍ സ്ഥിരം സംവിധാനമായി ഇതിനെ മാറ്റുന്നതിന്റെ വിശദാംശങ്ങള്‍ ഐ ടി @ സ്‌കൂള്‍ പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തങ്ങളുടെ ഭാഗമായി ” ഹായ്‌സ്‌കൂള്‍ കുട്ടിക്കൂട്ടങ്ങളെ “ശാക്തീകരിക്കുകയും വിവിധ പ്രവര്‍ത്തനങ്ങളില്‍ ഇവരുടെ പങ്കാളിത്തം ഉറപ്പു വരുത്തുകയും ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അറിയിച്ചു.

ഈവര്‍ഷം ഒരു ലക്ഷം കുട്ടികള്‍ക്കും അടുത്ത വര്‍ഷം രണ്ട് ലക്ഷം കുട്ടികള്‍ക്കുമാണ് പരിശീലനം നല്‍കുക. ഐ സി ടി സങ്കേതങ്ങള്‍ കുട്ടികള്‍ക്ക് ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുള്ള അന്തരീക്ഷം പ്രദാനം ചെയ്യുക, സംഘപഠനത്തിന്റെയും സഹവര്‍ത്തിതപഠനത്തിന്റെയും അനുഭവങ്ങള്‍ പ്രദാനം ചെയ്യുക, വിദ്യാലയത്തിലെ ഐ സി ടി അധിഷ്ഠിത പഠനത്തിന്റെ മികവ് കൂട്ടാനും, സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വിദ്യാര്‍ഥികളുടെ സഹകരണം ഉറപ്പാക്കുക, സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗം, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവാന്മാരാക്കുകയും ഇതുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളില്‍ നേതൃപരമായ പങ്കാളിത്തം വഹിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യുക, വിവിധ ഭാഷാ കമ്പ്യൂട്ടിംഗ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കാനുള്ള അവസരം ലഭ്യമാക്കുക, പഠന പ്രൊജക്ട് പ്രവര്‍ത്തനങ്ങള്‍ക്കുള്ള മേഖലകള്‍ കണ്ടെത്തി ഗവേഷണപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ താത്പര്യം വളര്‍ത്തിയെടുത്തുക തുടങ്ങിയവയാണ് “ഹായ്‌സ്‌കൂള്‍ കുട്ടിക്കൂട്ടം” ലക്ഷ്യമിടുന്നത്.
ഇതനുസരിച്ച് ഓരോ സ്‌കൂളിലെയും ഐ ടി ക്ലബിലെ കുട്ടികളെ അനിമേഷന്‍ ആന്‍ഡ് മള്‍ട്ടിമീഡിയ, ഹാര്‍ഡ്‌വെയര്‍, ഇലക്‌ട്രോണിക്‌സ്, ഭാഷാ കമ്പ്യൂട്ടിംഗ് ഇന്റര്‍നെറ്റും സൈബര്‍ സുരക്ഷയും എന്നിങ്ങനെ അഞ്ച് മേഖലകള്‍ തിരിച്ചു വിദഗ്ധ പരിശീലനം നല്‍കും. ഐ ടി @ സ്‌കൂള്‍ പ്രൊജക്ട് ഇത് തുടര്‍ച്ചയായി മോണിറ്റര്‍ ചെയ്യും. കുട്ടിക്കൂട്ടായ്മയുടെ സ്‌കൂള്‍തല പ്രവര്‍ത്തനങ്ങള്‍ പി ടി എ പ്രസിഡന്റ് ചെയര്‍മാനും ഹെഡ്മാസ്റ്റര്‍ കണ്‍വീനറുമായ സമിതി ഏകീകരിക്കും. സ്‌കൂളിലെ ഐ ടി കോ-ഓര്‍ഡിനേറ്റര്‍മാര്‍ ഇവയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ക്ലാസ് സമയം നഷ്ടപ്പെടുത്താതെയാകും കുട്ടിക്കൂട്ടത്തിന്റെ പ്രവര്‍ത്തനം.

ഒരു ലക്ഷം വിദ്യാര്‍ഥികളെ ഈ വര്‍ഷം ഇതിന്റെ ഭാഗമാകുന്നതോടൊപ്പം ഇവരെ ഉപയോഗിച്ച് ക്രമേണ മറ്റ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമെല്ലാം ബോധവത്കരണവും പരിശീലനങ്ങളും നല്‍കാനും ഐ ടി @ സ്‌കൂള്‍ സംവിധാനം ഒരുക്കുമെന്ന് ഐ ടി @ സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ അന്‍വര്‍ സാദത്ത് അറിയിച്ചു. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ഐ ടി നെറ്റ്‌വര്‍ക്ക് ആയി ഇത് മാറും . അടുത്ത അധ്യയന വര്‍ഷം അംഗങ്ങളുടെ എണ്ണം ചുരുങ്ങിയത് രണ്ട് ലക്ഷമാക്കി ഉയര്‍ത്തും.
നിലവില്‍ ഇന്റര്‍നെറ്റ് സുരക്ഷിതത്വ പ്രവര്‍ത്തനങ്ങളില്‍ ഗൂഗിള്‍, ഇലകട്രോണിക്‌സില്‍ സ്റ്റാര്‍ട്ട് അപ്പ് മിഷന്‍, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് എന്നിങ്ങനെ വിവിധ ഏജന്‍സികള്‍ പങ്കാളിത്തം ഉറപ്പു തന്നിട്ടുണ്ട് . ഇത് വിപുലപ്പെടുത്തുകയും സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടുകളും ( സി എസ് ആര്‍ ) കുട്ടികള്‍ക്ക് ഹാര്‍ഡ്‌വെയര്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ ഡിജിറ്റല്‍ ഇന്ത്യാ ഫണ്ടും ലഭ്യമാക്കാന്‍ ഐ ടി @ സ്‌കൂള്‍ പദ്ധതികള്‍ സമര്‍പ്പിക്കും
പദ്ധതിയുമായി ബന്ധപ്പെട്ട് ഡി പി ഐ യുടെ സര്‍ക്കുലര്‍ ഉള്‍പ്പടെയുള്ള വിശദമായ റിപ്പോര്‍ട്ട് www.itscho ol.gov.in ല്‍ നല്‍കിയിട്ടുണ്ട്. ഓരോ സ്‌കൂളില്‍ നിന്നും കുറഞ്ഞത് ഇരുപത് കുട്ടികളെങ്കിലും പദ്ധതിയില്‍ അംഗങ്ങളായി ഉണ്ടായിരിക്കണം. കുട്ടികളുടെ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും. ഒന്നാം ഘട്ട പരിശീലനം മാര്‍ച്ച് 31 ന് മുമ്പ് പൂര്‍ത്തിയാക്കും. വിശദമായ പരിശീലനം അവധിക്കാലത്തും നടത്തും.

 

---- facebook comment plugin here -----

Latest