സുപ്രീം കോടതി വിധി; സംസ്ഥാന രാഷ്ട്രീയത്തിലും ചലനങ്ങളുണ്ടാകും

>>വിധിയെ അനുകൂലിച്ച് മുഖ്യമന്ത്രി >>തെറ്റായ സന്ദേശമെന്ന് മുസ്‌ലിം ലീഗ്‌
Posted on: January 3, 2017 8:20 am | Last updated: January 2, 2017 at 11:38 pm

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മതേതരമാകണമെന്നും ജാതിയുടേയും മതത്തിന്റേയും വംശത്തിന്റേയും പേരില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ വോട്ട്പിടിക്കാന്‍ പാടില്ലെന്ന സുപ്രീം കോടതിയുടെ ഉത്തരവ് കേരള രാഷ്ട്രീയത്തിലും ചലനങ്ങള്‍ സൃഷ്ടിക്കും. മതം ,ജാതി, വംശം, ഭാഷ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന സ്ഥാനാര്‍ഥിക്ക് അയോഗ്യത പ്രഖ്യാപിക്കാന്‍ ജനപ്രാതിനിധ്യ നിയമത്തില്‍ 123-(3) വകുപ്പുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിലവില്‍ അധികാരം നല്‍കുന്നുണ്ട്. ഇതനുസരിച്ച് സ്ഥാനാര്‍ഥിക്കും എതിര്‍സ്ഥാനാര്‍ഥിക്കും മാത്രം ബാധകമാകുമായിരുന്ന ചട്ടം ഇനി മുതല്‍ സ്ഥാനാര്‍ഥിയുടെ ഏജന്റിനും മറ്റുള്ളവര്‍ക്കും ബാധകമാക്കുന്ന വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ളത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതു മുതല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തുടങ്ങി പ്രചാരണത്തില്‍ വരെ ഇടപെടുന്ന മത, സാമുദായിക സംഘടനകള്‍ക്ക് ഇത് തിരിച്ചടിയാകും. സാമുദായിക നേതാക്കളേയും മതാധ്യക്ഷന്‍മാരേയും സന്ദര്‍ശിക്കലും പിന്തുണ തേടലുമെല്ലാം തിരഞ്ഞെടുപ്പ് വേളയില്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ തുടരുന്ന കീഴ്‌വഴക്കമായി മാറിയിട്ടുണ്ട്. പുതിയ വിധിയുടെ അടിസ്ഥാനത്തില്‍ ഇത്തരം മത, സാമുദായിക സംഘടനകളുമായി ചേര്‍ന്നുള്ള നീക്കങ്ങള്‍ ദുഷ്‌കരമാകാനാണ് സാധ്യത. സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനായി പള്ളികളില്‍ വായിക്കുന്ന ഇടയലേഖനങ്ങള്‍ പുതിയ വിധിയുടെ പശ്ചാത്തലത്തില്‍ ഇനി പുറപ്പെടുവിക്കാനാകുമോ എന്നതും ചോദ്യമാണ്. മുസ്ലീം ലീഗ് അടക്കമുള്ള രാഷ്ട്രീയ സംഘടനകളേയും പള്ളിയും സഭയുമായി കെട്ടുപിരിഞ്ഞു കിടക്കുന്ന കേരള കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്കും പുതിയ വിധി തിരിച്ചടിയാകും.

ഇതിനിടെ വിധിക്ക് അനുകൂലവും പ്രതികൂലവുമായി സംസ്ഥാന രാഷ്ട്രീയത്തിനുള്ളില്‍ നിന്ന് പ്രതികരണങ്ങളും ഉയര്‍ന്നു. ജാതിയുടേയോ സമുദായത്തിന്റേയോ ഭാഷയുടേയോ പേരില്‍ പ്രചാരണം പാടില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി വിധി വര്‍ഗീയ രാഷ്ടീയശക്തികള്‍ക്കുള്ള കനത്ത താക്കീതും മതനിരപേക്ഷ രാഷ്ട്രീയത്തിനുള്ള അംഗീകാരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. വിധി തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും മതന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ക്ക് തങ്ങളുടെ വിഷയങ്ങള്‍ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാനും പരിഹരിക്കാനുമുള്ള അവസരം നഷ്ടമാകുമെന്നായിരുന്നു ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ പ്രതികരണം.

മതജാതി വികാരങ്ങള്‍ ഇളക്കി വിട്ട് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവര്‍ ഭരണഘടനാ നിഷേധികളും അഴിമതിക്കാരുമാണ് എന്നാണ് പരമോന്നത കോടതിയുടെ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കുന്നതെന്നും മതനിരപേക്ഷ രാഷ്ട്രീയം സംബന്ധിച്ച ഇടതുപക്ഷ നിലപാടിനുള്ള സാധൂകരണമാണ് ഈ വിധിയെന്നും പിണറായി ഫേസ്ബുക്കിലൂലെ തന്റെ നിലപാട് വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ മതചിഹ്നങ്ങളും മതസ്പര്‍ധയും സാമുദായിക വികാരവും ആയുധമാക്കുന്നത് കുറ്റകൃത്യമാണെന്നും രാഷ്ട്രീയത്തില്‍ നിന്ന് മതം വേറിട്ടു നില്‍ക്കണമെന്നുമുള്ള സുപ്രീം കോടതിയുടെ വിലയിരുത്തല്‍ സ്വാഗതാര്‍ഹമാണ്. സങ്കുചിത വികാരങ്ങള്‍ മൂലധനമാക്കി വോട്ടു ബാങ്ക് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നറിയിപ്പാണ് ഈ വിധിയെന്നും പിണറായി വ്യക്തമാക്കി.
എന്നാല്‍ ഹിന്ദുത്വം പുനര്‍നിര്‍വചിക്കാത്ത സാഹചര്യത്തില്‍ സുപ്രീംകോടതി വിധി ബി ജെ പിക്കാണ് ഗുണം ചെയ്യുകയെന്നായിരുന്നു മുസ്ലീംലീഗ് പ്രതികരിച്ചത്. ഹിന്ദുത്വം ജീവിത രീതിയാണെന്ന കോടതിയുടെ നിരീക്ഷണത്തില്‍ മാറ്റമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ സകല തെരഞ്ഞെടുപ്പുകളിലും ഹിന്ദുത്വം ഉയര്‍ത്തിപ്പിടിച്ചും ജാതിയും മതവും പറഞ്ഞുമാണ് ബി ജെ പി വോട്ട് പിടിക്കാറുള്ളത്. അതേസമയം, ബി ജെ പിയുടെ വര്‍ഗീയതയെയും ന്യൂപക്ഷ വേട്ടയെയും തുറന്നെതിര്‍ക്കുന്ന ന്യൂനപക്ഷങ്ങളെ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടികള്‍ക്ക് വിധി തിരിച്ചടിയാകുമെന്നും കെ പി എ മജീദ് ചൂണ്ടിക്കാട്ടി.