Connect with us

Gulf

മുരളിയുടെ അച്ചടക്കവും ശംസുവിന്റെ പരിമിതിയും

Published

|

Last Updated

എന്‍ ശംസുദ്ദീന്‍

പോയ വാരത്തില്‍ ദോഹയിലെ വാര്‍ത്താ ഉത്പാദനത്തില്‍ രാജ്യാന്തര തലത്തില്‍ പ്രസിദ്ധിയാര്‍ജിച്ച രണ്ടു “പരിമിതി”കളുണ്ടായി. സഖാവ് വി എസിന്റെ ഭാഷ പറഞ്ഞാല്‍, കോണ്‍ഗ്രസിലെ കിങ്ങിണിക്കുട്ടന്‍ കെ മുരളീധരനും മണ്ണാര്‍ക്കാട്ടെ മണവാളന്‍ ലീഗിലെ യുവസിഗം എന്‍ ശംസുദ്ദീനുമാണ് പരിമിതികളുടെ ഉപജ്ഞാതാക്കള്‍. കുത്തിത്തുളച്ച് ചോദിച്ച് ഈ സഭാ സാമാജികരെക്കൊണ്ട് പരിമിതികള്‍ പുറത്തുചാടിച്ച ദോഹയിലെ പത്രക്കാരെ ചേരി തിരിഞ്ഞ് തല്ലിപ്പഴുപ്പിക്കുകയാണിപ്പോള്‍ സമുദായ മലയാളം.

കെ പി സി സി പ്രസിഡന്റിനെതിരെ പരസ്യമായി കുറ്റം പറയാന്‍ മുന്‍ കെ പി സി സി പ്രസിഡന്റിന് പരിമിതികളുണ്ടെന്നായിരുന്നു മുരളീധരന്റെ മൊഴി. ചിലര്‍ക്കങ്ങനെയാണ്, ചില നേരങ്ങളില്‍ അച്ചടക്കം പെട്ടെന്നങ്ങ് ഓര്‍മവരും. തന്നെ ആക്രമിക്കുന്നവര്‍ക്കു പിന്നില്‍ ശക്തരുണ്ടെന്നു പറഞ്ഞയുടന്‍ സുധീരനാണോന്ന് ഇടങ്കോലിട്ടപ്പോഴായിരുന്നു മുരളിക്ക് പരിമിതി തികട്ടിയത്. ഈ മുന്‍ കെ പി സി സി പ്രസിഡന്റ് എന്ന പദവി, പ്രസിഡന്റായ ശേഷം പാര്‍ട്ടിയില്‍നിന്ന് ചാടിപ്പോയി വേറെ പാര്‍ട്ടിയുണ്ടാക്കി അവിടെ പ്രസിഡന്റായി ഗതികിട്ടാതെ കയ്യും കാലും പിടിച്ച് തിരികെ വന്നവര്‍ക്ക് ബാധമാകുമോ എന്നൊന്നും ചോദിക്കരുത്. കോണ്‍ഗ്രസ് പാര്‍ട്ടി ജനാധിപത്യത്തിന്റെ കാര്യത്തില്‍ നൂറുക്കു നൂറാണ്. അവിടെ മുന്‍ എന്നാല്‍ അതിനു പിന്‍ ബാധകമല്ല. മുന്‍ മുന്‍ തന്നെയാണ്. അല്ല പിന്നെ.
ശംസൂന്റെ പരിമിതി, സംഘ്പരിവാറിനെതിരായ മുസ്‌ലിം ലീഗിന്റെ പ്രതികരണങ്ങള്‍ കടുപ്പിക്കുന്നതിലാണ്. സംഘി വിമര്‍ശത്തില്‍ ലീഗിന് മതേതരപ്പേടി പിടികൂടുന്നുണ്ടോ എന്ന ചോദ്യത്തെ സാധൂകരിച്ചാണ് ശംസു അപ്പടി പരിമിതി കാച്ചിയത്. മതേതര ജനാധിപത്യ സമൂഹത്തില്‍ സംഘ് പരിവാരത്തിനെതിരായ ലീഗിന്റെ പ്രതികരണങ്ങള്‍ സമചിത്തതയോടെയായില്ലെങ്കില്‍ അതിന് വര്‍ഗീയ ഭാഷ്യം ചാര്‍ത്തപ്പെടുമെന്ന ലീഗിന്റെ പേടിയാണ് ശംസു മനോഹരമായി പറഞ്ഞു വെച്ചത്. ഇതാകട്ടെ ശംസുവും പാര്‍ട്ടിയും ആദ്യമായി പറയുന്നതുമല്ല. അപ്പോഴും പരിമിതികളെ മറി കടക്കാന്‍ ലീഗിനു സാധിക്കുമെന്നും നിങ്ങള്‍ കണ്ടില്ലേ സാകിര്‍ നായികിന്റെയും എം എം അക്ബറിന്റെയുമൊക്കെ കാര്യത്തില്‍ ഇടപെട്ടത് എന്ന് നെഞ്ചു വിരിച്ചു ചോദിക്കാനും ശംസു മറന്നില്ല. സംഗതി പിടികിട്ടിയില്ലേ. അദ്ദാണ് ലീഗും പരിമിതിയും തമ്മിലുള്ള അന്തരം.

കെ.മുരളീധരന്‍

ഈ പരിമിതി മാധ്യമങ്ങള്‍ നേരേ ചൊവ്വേയൊക്കെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പറയുന്നത് തുടക്കം മുതല്‍ ഒടുക്കം വരെ എഴുതിവെക്കുന്ന മാതിരി റിപ്പോര്‍ട്ടിംഗൊന്നം പത്രക്കാര്‍ പഠിച്ചിട്ടില്ല. അത് മുരളീടേം ശംസൂന്റേം പാര്‍ട്ടി പത്രത്തിലായാലും മറിച്ചല്ല. നുമ്മ ഉദ്ദേശിച്ചതു തന്നെ വാര്‍ത്തയുടെ തലക്കെട്ടായി വരണമെന്ന ആഗ്രഹങ്ങളുടെ നെറുകില്‍ നിന്നുകൊണ്ടാണിപ്പോള്‍ സ്മാര്‍ട്ട് മലയാളികള്‍ സ്റ്റാറ്റസുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതെന്നു മാത്രം. തലക്കെട്ടു വായിക്കുന്നതിനു പകരം വാര്‍ത്ത വായിച്ചാല്‍ തീരുന്ന പ്രശ്‌നമേ ഈ പരിമിതികള്‍ക്കുള്ളൂ.
പക്ഷേ ശംസു പറയാത്ത ചില കാര്യങ്ങളുമുണ്ട്. മതേതര ജനാധിപത്യ രാഷ്ട്രത്തില്‍ ശരീഅത്ത് ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ മതേതര സ്വഭാവത്തില്‍ നേടിയെടുക്കുന്നതിനു പകരം എന്തിനാണ് ലീഗ് ഇടക്കിടക്ക് മുസ്‌ലിം സംഘടനകളുടെ മാത്രം യോഗം വിളിക്കുന്നതെന്ന്. മുസ്‌ലിം പശ്ചാത്തലമുള്ള രാഷ്ട്രീയ പാര്‍ട്ടികളെയൊന്നും ആ വഴിക്ക് അടുപ്പിക്കാത്തതെന്തെന്ന്. വിയോജിക്കാനുള്ള ജനാധിപത്യ അവകാശത്തിന്റെ ബലത്തില്‍ യോഗത്തിലേക്കു വരാത്തവരെ ചീത്ത പറയുന്നതെന്തെന്ന്.
അഥവാ വോട്ടുറപ്പിക്കുന്നിടത്ത് മറിഞ്ഞു വീഴുന്ന പരിമിതികള്‍ക്ക് ന്റെ പാര്‍ട്ടിക്ക് ചരിത്രത്തില്‍ രേഖയുണ്ടെന്ന്.

 

Latest