ഖത്വറിലെ റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങള്‍ക്ക് മികച്ച നേട്ടം

Posted on: January 2, 2017 10:06 pm | Last updated: January 2, 2017 at 10:06 pm

ദോഹ: റിയല്‍ എസ്റ്റേറ്റ് സംരംഭകര്‍ക്ക് രാജ്യത്ത് മികച്ച നേട്ടം. മിഡില്‍ ഈസ്റ്റിലെ മറ്റെല്ലാം രാജ്യങ്ങളെക്കാളും ഉയര്‍ന്ന ലാഭം ഖത്വറില്‍ റിയല്‍ എസ്റ്റേറ്റ് മേഖലക്ക് ലഭിക്കുന്നതായി റിയല്‍ എസ്റ്റേറ്റ ് ഡെവലപ്‌മെന്റ് കമ്പനിയായ അല്‍ അസ്മാഹ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചെലവിന്റെ 15 മുതല്‍ 18 ശതമാനം വരെ ലാഭമാണ് ഖത്വറിലെ റിയല്‍ എസ്റ്റേറ്റ് സംരംഭകര്‍ നേടുന്നത്. ലോകത്തിലെ പല രാജ്യങ്ങളുമായും കിടപിടിക്കുന്നതാണ് ഈ കണക്കുകള്‍. ഡെവലപ്പര്‍മാരും സംരംഭകരും റിയല്‍ എസ്റ്റേറ്റിലെ അവസരങ്ങള്‍ പിടിച്ചെടുത്ത് ലാഭം നേടുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക മേഖലകളില്‍ ഏറ്റവും പ്രധാനപ്പെട്ട കെട്ടിട നിര്‍മാണ മേഖലയില്‍ സുസ്ഥിര വികസനമാണ് നടക്കുന്നത്. അതിവേഗം വളരുന്ന സാമ്പത്തിക പ്രവര്‍ത്തനമായി കണക്കാക്കപ്പെടുന്ന റിയല്‍ എസ്റ്റേറ്റ് നിര്‍മ്മാണ മേഖല, നിര്‍മാണ കമ്പനികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് കാരണമായി. രാജ്യം കൈക്കൊണ്ട വികസന നയത്തിന്റെ അടിസ്ഥാനത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെ സുരക്ഷിതമായ അഭയസ്ഥാനമായാണ് പല നിക്ഷേപകരും കാണുന്നത്.

രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് ഫണ്ട് ആറു ബില്യണ്‍ റിയാല്‍ കവിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സമഗ്ര സാമ്പത്തിക നവോത്ഥാനം ദോഹയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഒരു കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി. റിയല്‍ എസ്റ്റേറ്റ് ഫണ്ടുകള്‍ സ്ഥാപിക്കുന്നതിനു മാത്രമല്ല, പ്രദേശത്തിന്റെ ഉയര്‍ച്ചക്കും പുരോഗതിക്കും റിയല്‍ എസ്റ്റേറ്റ് വികസനം കാരണമാവുന്നുണ്ട്. ഏതാണ്ട് 1,150ല്‍ അധികം കമ്പനികള്‍ റിയല്‍ എസ്റ്റേറ്റ് വികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.