Connect with us

Gulf

ദോഹ മെട്രോ റയില്‍ ലൈനുകള്‍ ഈ വര്‍ഷം പൂര്‍ത്തിയാകും

Published

|

Last Updated

ദോഹ: ദോഹ മെട്രോ പാതയില്‍ റയിലുകള്‍ ഘടിപ്പിക്കുന്ന ജോലികള്‍ ഈവര്‍ഷം പൂര്‍ത്തിയാകുമെന്ന് ഖത്വര്‍ റയില്‍ സി ഇ ഒ സാദ് അല്‍ മുഹന്നദി അറിയിച്ചു. മെട്രോ സ്റ്റേഷനുകളുടെ ഓപറേഷന്‍, ഫെസിലിറ്റീസ് മാനേജ്‌മെന്റ് കരാറും ഈ വര്‍ഷം അന്തിമമാകും. 36 ബില്യന്‍ യു എസ് ഡോളര്‍ ചെലവിലാണ് റയില്‍ പാത നിര്‍മാണം പുരോഗമിക്കുന്നത്. പദ്ധതിയുടെ സിവില്‍ വര്‍ക്കുകള്‍ ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. 41,000 ജീവനക്കാരാണ് മെട്രോ പദ്ധതികള്‍ക്കായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ പ്ലാന്റുകളുടെ ഇന്‍സ്റ്റലേഷനും റയില്‍വേ കണ്‍ട്രോള്‍ സിസ്റ്റം, സ്റ്റേഷനുകള്‍ എന്നിവയുടെ ജോലികളും സമാന്തരമായി നടന്നു വരുന്നതായും അദ്ദേഹം വ്യക്തമാക്കി.

എല്ലാ മെട്രോ സ്റ്റേഷനുകളുടെയും ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായും അഞ്ച് ഇലവേറ്റഡ് സ്റ്റേഷനുകളില്‍ പ്ലാറ്റ് ഫോം സ്ലാബുകള്‍ ഘടിപ്പിക്കില്‍ പുരോഗമിക്കുകയാണെന്നും അദ്ദേംഹ വിശദീകരിച്ചു. തടസങ്ങളില്ലാത്ത പുരോഗതിയാണ് മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൈവരിച്ചിട്ടുള്ളത്. നേരത്തേ പ്രധാന സ്റ്റേഷനുകളുടെ നിര്‍മാണ കരാര്‍ കഴിഞ്ഞ വര്‍ഷം റദ്ദാക്കിയിരുന്നെങ്കിലും അവിടെ നില്‍ക്കുകയല്ല പദ്ധതികളെന്നും അദ്ദേഹം അറിയിച്ചു. ദോഹ മെട്രോക്കു വേണ്ടിയുള്ള ആദ്യ നാലു ട്രെയിനുകള്‍ ഈ വര്‍ഷം എത്തുമെന്നും പ്രതീക്ഷിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ മെട്രോ പദ്ധതികളുടെ നിര്‍മാണത്തില്‍ 70 ശതമാനം പുരോഗതി പ്രാപിക്കാന്‍ കഴിയുമെന്നാണ് ഖത്വര്‍ റയില്‍ കമ്പനി പ്രതീക്ഷിക്കന്നത്. രാജ്യത്തെ റയില്‍ വികസന പദ്ധതി അതിന്റെ നിര്‍ണായകവും സങ്കീര്‍ണവുമായ ഘട്ടത്തലേക്കു പ്രവശിക്കുകയാണെന്ന് ഖത്വര്‍ റയില്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി ചെര്‍മാന്‍ അബ്ദുല്ല അല്‍ സുബൈഈ പറഞ്ഞു. റയില്‍ നിര്‍മാണ കരാറുകാരില്‍ നിന്നും പ്രവര്‍ത്തിപ്പിക്കല്‍ കരാറുകാരിലേക്ക് പദ്ധതി കൈമാറുന്ന നടപടി ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മെട്രോ പദ്ധതിയോടനുബന്ധിച്ച് നടപ്പിലാക്കുന്ന ബിസിനസ് പദ്ദതികളും സമാന്തരമായി പുരോഗമിക്കുന്നുണ്ട്. മെട്രോ സ്റ്റേഷനുകളോടു ചേര്‍ന്ന് പ്രോപ്പര്‍ട്ടി വികസനം, റീട്ടെയില്‍ യൂനിറ്റുകള്‍ സ്ഥാപിക്കല്‍, പരസ്യ സ്ഥലങ്ങള്‍ പാട്ടത്തിനു നല്‍കല്‍ എന്നിവയാണ് ബിസിനസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്നത്.

റയില്‍ പദ്ധതികള്‍ക്ക് ബജറ്റില്‍ മതിയായ തുക നീക്കിവെക്കാന്‍ സര്‍ക്കാറും തയാറായിട്ടുണ്ട്. ഗതാഗത മേഖലക്ക് 198.4 ബില്യന്‍ റിയാലാണ് വകയിരുത്തിയിരിക്കുന്നത്. റയില്‍ പദ്ധതികള്‍ക്കു മാത്രമായി ആയിരം കോടി റിയാല്‍ നീക്കി വെച്ചിട്ടുണ്ട്.

Latest