Connect with us

Kuwait

കുവൈത്തിന് ഐ ഒ സി നിരോധനം തുടരും

Published

|

Last Updated

കുവൈത് സിറ്റി: അന്തര്‍ദേശീയ ഒളിമ്പിക്‌സ് കമ്മറ്റിയുടെയും ഫിഫയുടെയും നിരോധനം താല്‍ക്കാലികമായെങ്കിലും നീക്കികിട്ടാനുള്ള കുവൈറ്റ് പാര്‍ലമന്റിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. കുവൈറ്റ് ഒളിമ്പിക്‌സ് കമ്മറ്റി ജനാധിപത്യപരമായല്ല തിരഞ്ഞെടുക്കപ്പെടുന്നതെന്നും, സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിലൂടെ അനധികൃതമായി ഇടപെടുന്നുവെന്നും കാണിച്ചായിരുന്നു 2015 ഒക്ടോബറില്‍ കുവൈറ്റിന് ഐ ഒ സി ബാന്‍ പ്രഖ്യാപിച്ചത്.

കുവൈറ്റ് ഒളിപിക്‌സ് അസോസോയേഷനില്‍, ഒളിമ്പിക്‌സ് ചാര്‍ട്ടര്‍ അനുസരിച്ചുള്ള മാറ്റങ്ങള്‍ക്ക് കുവൈറ്റ് സര്‍ക്കാര്‍ തയ്യാറായിട്ടില്ലാത്തതിനാല്‍ ഇപ്പോള്‍ നിരോധനം പുനഃപരിശോധിക്കാന്‍ നിര്‍വാഹമില്ല എന്ന് ഐ ഒ സി അറിയിച്ചതായി കുവൈത് സ്‌പോര്‍ട്‌സ് യുവജന കാര്യമന്ത്രി ഷെയ്ഖ് സല്‍മാന്‍ സബാഹ് അല്‍ സാലിം വ്യക്തമാക്കി.

ഒളിമ്പിക് ചാര്‍ട്ടര്‍ അനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്താനുള്ള നടപടികള്‍ ശുപാര്‍ശ ചെയ്യാനായി പാര്‍ലമെന്ററി കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെന്നും, പ്രസ്തുത കമ്മറ്റിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് വേണ്ട മാറ്റങ്ങള്‍ വരുത്തുമെന്നുമുള്ള കുവൈറ്റിന്റെ അപേക്ഷയില്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും ഇത് ഐ ഒ സി മുഖവിലക്കെടുത്തിരുന്നില്ല.

നിരോധനം കാരണം റിയോ ഒളിമ്പിക്‌സിലും 2018 ല്‍ നടക്കുന്ന ഫിഫ ലോക കപ്പിന്റെ ക്വാളിഫെയിങ് മത്സരങ്ങളിലും കുവൈറ്റിന് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ജനുവരി 10 നുള്ളില്‍ നിരോധനം താല്‍ക്കാലികമായെങ്കിലും നീക്കിയില്ലെങ്കില്‍ 2019 ല്‍ നടക്കുന്ന ഏഷ്യാ കപ്പിലും കുവൈത്തിന് പങ്കെടുക്കാനാവില്ല.
അതേസമയം റിയോ ഒളിമ്പിക്‌സില്‍ സര്‍ക്കാരേതര വിഭാഗത്തില്‍ മത്സരിച്ച രണ്ട് കുവൈത്തി ഷൂട്ടിങ് താരങ്ങള്‍ക്ക് സ്വര്‍ണവും വെള്ളിയും നേടാന്‍ കഴിഞ്ഞിരുന്നു.

Latest