സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍കരണം കമ്പനികളില്‍ പരിശോധന കര്‍ശനമാക്കും

Posted on: January 2, 2017 7:49 pm | Last updated: January 2, 2017 at 7:49 pm

അബുദാബി: സ്വകാര്യ കമ്പനികളില്‍ സ്വദേശി നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നിയമാവലികള്‍ പൂര്‍ണമായും നടപ്പിലാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിന് ഇന്ന് മുതല്‍ പരിശോധന കര്‍ശനമാക്കും. മാനവവിഭവശേഷി-സ്വദേശീല്‍വകരണ മന്ത്രാലയമാണ് പരിശോധിക്കുക. 500 തൊഴിലാളികള്‍ക്ക് ഒരു സ്വദേശി സുരക്ഷാ ഓഫീസര്‍, ആയിരം തൊഴിലാളികള്‍ക്ക് സ്വദേശിയായ രണ്ട് ഡാറ്റ എന്‍ട്രി ഉദ്യോഗസ്ഥര്‍ തുടങ്ങിയ നിര്‍ദേശങ്ങളാണ് പ്രധാനമായും മന്ത്രാലയം മുമ്പോട്ടുവെച്ചത്.

മന്ത്രാലയം യോഗ്യതയുള്ള തൊഴിലാളികളുടെ വിശദാംശങ്ങള്‍ ഉള്‍പെടുന്ന ഒരു സമഗ്രമായ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്, ഇതില്‍ നിന്നാണ് ആവശ്യമായ തൊഴിലാളികളെ കണ്ടത്തേണ്ടത്. രാജ്യത്തെ സ്വകാര്യ മേഖലയിലെ ചില കമ്പനികളില്‍ തൊഴില്‍ മേഖലയില്‍ പ്രാവണ്യമുള്ള ആരോഗ്യം, സുരക്ഷ ഓഫീസര്‍ നിലവിലില്ലായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥരെ നിയമിക്കാത്ത കമ്പനികള്‍ക്ക് നിയമം 711 പ്രകാരം ഇനി മുതല്‍ പുതിയ പ്രവൃത്തികള്‍ക്ക് അനുമതി ലഭിക്കില്ല. മന്ത്രാലയത്തിന്റെ ഇ- നെറ്റ് വാസല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് പരിശീലനം ലഭിച്ച ഡാറ്റ എന്‍ട്രി ഉദ്യോഗസ്ഥരെ നിയമിക്കാന്‍ ആവശ്യപ്പെടുന്നത്. ഡാറ്റ എന്‍ട്രി ഉദ്യോഗസ്ഥരെ നിയമിച്ച കമ്പനികള്‍ക്ക് മാത്രമേ തസ്ഹീലിന്റെ ഓണ്‍ലൈന്‍ അനുബന്ധ സേവനങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന് മന്ത്രാലയം അറിയിച്ചു.