അഴിമതി ആരോപണം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരെ വിജിലന്‍സ് അന്വേഷണം

Posted on: January 2, 2017 7:30 pm | Last updated: January 3, 2017 at 10:18 am

തിരുവനന്തപുരം: മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയ്ക്കും ഭര്‍ത്താവിനുമെതിരെ വിജിലന്‍സ് ത്വരിത പരിശോധനയ്ക്ക് ഉത്തരവ്. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ തോട്ടണ്ടി ഇറക്കുമതി നടത്തിയതില്‍ ക്രമക്കേടുണ്ടെന്ന പരാതിയുടെ അടിസ്ഥാമനത്തിലാണ് നടപടി. വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസാണു ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. അഡ്വ. പി. റഹീമിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

കശുവണ്ടി വികസന കോര്‍പറേഷനും കാപെക്‌സും ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ തോട്ടണ്ടി വാങ്ങിയതില്‍ 10.34 കോടി രൂപയുടെ അഴിമതിയുണ്ടെന്നും സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും വി.ഡി. സതീശന്‍ എംഎല്‍എയാണ് ആദ്യം നിയമസഭയില്‍ ആരോപണം ഉന്നയിച്ചത്. ആരോപണം അടിസ്ഥാനരഹിതമാണെന്നും അഴിമതി തെളിയിച്ചാല്‍ മന്ത്രിപദം ഉപേക്ഷിക്കാമെന്നും മേഴ്‌സിക്കുട്ടിയമ്മ അന്നു വ്യക്തമാക്കിയിരുന്നു.

ടെന്‍ഡറില്‍ ഡോളര്‍ നിരക്ക് രേഖപ്പെടുത്തിയ തോട്ടണ്ടി വാങ്ങിയത് ഇന്ത്യന്‍ രൂപയിലായതിനാല്‍ ഉണ്ടായ തെറ്റിദ്ധാരണയാണു സതീശന്റെ ആരോപണത്തിനു കാരണമെന്നു മറുപടി നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍, അന്വേഷണമെന്ന ആവശ്യം തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഇതേ ആരോപണത്തിന്റെ പേരില്‍ ത്വരിത പരിശോധന നടത്താന്‍ ജേക്കബ് തോമസ് ഉത്തരവിട്ടിരിക്കുന്നത്.