അനുരാഗ് താക്കൂറിനെ ബിസിസിഐ അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കി

Posted on: January 2, 2017 11:39 am | Last updated: January 2, 2017 at 9:26 pm
SHARE

ന്യൂഡല്‍ഹി: ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് താക്കൂര്‍, സെക്രട്ടറി അജയ് ഷിര്‍ക എന്നിവരെ സുപ്രീംകോടതി പുറത്താക്കി. വ്യാജ സത്യവാങ്മൂലം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. അനുരാഗ് താക്കൂര്‍ വ്യാജ സത്യവാങ്മൂലം നല്‍കിയെന്നും ക്ഷമാപണം നടത്തിയില്ലെങ്കില്‍ ജയിലില്‍ പോകേണ്ടിവരുമെന്നും സുപ്രീംകോടതി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ലോധ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് താക്കൂറിനെ പുറത്താക്കുന്നതില്‍ കലാശിച്ചത്. ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ സിഎജിയെ നിയമിക്കണമെന്ന സമിതി ശുപാര്‍ശക്കെതിരെ ഐസിസിയുടെ കത്ത് ആവശ്യപ്പെട്ടതാണ് താക്കൂറിനെ വെട്ടിലാക്കിയത്.

താന്‍ അങ്ങനെയൊരു കത്ത് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് താക്കൂര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. എന്നാല്‍, കത്ത് ആവശ്യപ്പെട്ടെന്ന് ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ വെളിപ്പെടുത്തിയതോടെ താക്കൂര്‍ കുടുങ്ങി. സിഎജി നിയമനം ബാഹ്യ ഇടപെടലാണെന്നും അതുവഴി ബോര്‍ഡിന് ഐസിസിയുടെ അംഗീകാരം നഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടിയുള്ള കത്തെഴുതാന്‍ താക്കൂര്‍ തന്നോട് ആവശ്യപ്പെട്ടുവെന്ന് ശശാങ്ക് മനോഹര്‍ വെളിപ്പെടുത്തിയിരുന്നു.