Connect with us

Sports

സോംദേവ് വിരമിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നീസ് താരം സോംദേവ് ദേവ് വര്‍മന്‍ പ്രൊഫണല്‍ ടെന്നീസില്‍ നിന്ന് വിരമിച്ചു. പുതുവത്സര ദിനത്തില്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സോംദേവ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. പുതിയ തീരുമാനത്തോടെ പുതുവര്‍ഷം തുടങ്ങുകയാണെന്നും ഇതുവരെ എല്ലാവരും തന്ന സ്‌നേഹത്തിനും പിന്തുണക്കും നന്ദിയുണ്ടെന്നും വിരമിക്കല്‍ പ്രഖ്യാപനത്തില്‍ താരം അറിയിച്ചു.
പരുക്കിനെ തുടര്‍ന്ന് ഏറെക്കാലമായി ടൂര്‍ണമെന്റുകളില്‍ നിന്ന് സോംദേവ് വിട്ടുനില്‍ക്കുകയായിരുന്നു. ഈ വര്‍ഷം നടക്കുന്ന ചെന്നൈ ഓപണില്‍ നിന്നും നേരത്തെ തന്നെ പിന്‍വാങ്ങിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം. ലിയാന്‍ഡര്‍ പേസിനും മഹേഷ് ഭൂപതിക്കും ശേഷം ടെന്നീസില്‍ ഇന്ത്യയുടെ മേല്‍വിലാസമായിരുന്നു സോംദേവ്.
രണ്ട് വര്‍ഷം മുമ്പ് യു എസില്‍ സെബാസ്റ്റ്യന്‍ ഫാന്‍സ്ലോവിനെതിരെയാണ് സോംദേവ് അവസാനമായി കളിച്ചത്. മത്സരത്തില്‍ തോല്‍ക്കുകയും ചെയ്തു. 2011ല്‍ കരിയറിലെ മികച്ച റാങ്കിംഗില്‍ എത്തിയ സോംദേവ് നിലവില്‍ 704ാം റാങ്കുകാരനാണ്. ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിംഗിള്‍സില്‍ സ്വര്‍ണവും 2010 ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണവും ഒരു വെങ്കലവും സോംദേവ് നേടിയിട്ടുണ്ട്. 2009ല്‍ ചൈന ഓപണിന്റെയും 2011ല്‍ ദക്ഷിണാഫ്രിക്കന്‍ ഓപണിന്റെയും ഫൈനലിലെത്തിയ താരം എ ടി പി ടൂര്‍ണമെന്റില്‍ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തു.
2008ല്‍ മുതല്‍ ഇന്ത്യക്കായി ഡേവിസ് കപ്പില്‍ കളിക്കാന്‍ തുടങ്ങിയ സോംദേവ് 14 മത്സരങ്ങളില്‍ ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞു. 2015 ലെ ലോക ഗ്രൂപ്പ് പ്ലേ ഓഫില്‍ ചെക് റിപ്പബ്ലിക്കിന്റെ ജിറി വെസ്‌ലിക്കെതിരെയും 2014 ല്‍ സെര്‍ബിയയുടെ ദുസാന്‍ ലാജോവിക്കിനെതിരെയും നേടിയ വിജയങ്ങള്‍ സോംദേവിന്റെ കരിയറിനെ തിളക്കമുള്ളതാക്കി. 2012 ലണ്ടന്‍ ഒളിമ്പിക്‌സിലും പങ്കെടുത്തു. 31 വയസ്സുകാരനായ സോംദേവ് ത്രിപുരയിലെ അഗര്‍ത്തലയിലാണ് ജനിച്ചത്.