Connect with us

National

ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ റിസര്‍വ് ബേങ്ക്

Published

|

Last Updated

ന്യൂഡല്‍ഹി: നോട്ട് നിരോധനം സംബന്ധിച്ച ചോദ്യത്തില്‍ നിന്ന് വീണ്ടും ഒഴിഞ്ഞു മാറി റിസര്‍വ് ബേങ്ക്. കനത്ത പ്രത്യാഘാതം സൃഷ്ടിച്ച പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവുമായും ചര്‍ച്ച നടത്തിയിരുന്നോയെന്ന വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് ഉത്തരം നല്‍കാനാകില്ലെന്ന് ആര്‍ ബി ഐ വ്യക്തമാക്കിയിരിക്കുന്നത്. വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്ന ചോദ്യമല്ല ഇതെന്ന് കാണിച്ചാണ് അപേക്ഷ ആര്‍ ബി ഐ തള്ളിയത്. നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിക്കും മുമ്പ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യത്തിന്റെയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെയും കാഴ്ചപ്പാടുകള്‍ ആരാഞ്ഞിരുന്നോ എന്നാണ് അപേക്ഷകന്‍ ചോദിച്ചത്. എന്നാല്‍ ആര്‍ ടി ഐ ആക്ടിലെ സെക്ഷന്‍ 2 (എഫ്) പ്രകാരം ഈ ചോദ്യം നിലനില്‍ക്കില്ലെന്നാണ് ആര്‍ ബി ഐയുടെ വാദം. സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറി(സി പി ഐ ഒ)ല്‍ നിന്ന് അഭിപ്രായം ആരായുന്ന സ്വഭാവത്തിലുള്ളതാണ് അപേക്ഷയെന്നും ആര്‍ ബി ഐ വിശദീകരിക്കുന്നു.
എന്നാല്‍, തികച്ചും അര്‍ഥവത്തായ വിവരങ്ങള്‍ തന്നെയാണ് അപേക്ഷകന്‍ ആവശ്യപ്പെട്ടതെന്ന് മുന്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ എ എന്‍ തിവാരി പറഞ്ഞു. ഇത് അഭിപ്രായം തേടലല്ല. ഒരു തീരുമാനമെടുക്കും മുമ്പ് ആരില്‍ നിന്നൊക്കെ അഭിപ്രായം തേടിയെന്നത് രേഖയാണ്. അത് വിവരാവകാശ നിയമപ്രകാരം നല്‍കേണ്ടതുമാണ്. എന്ത് അഭിപ്രായമാണ് നല്‍കിയതെന്ന് ചോദിക്കുന്നതാണ് നിയമത്തിന് പുറത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസ്, ധനകാര്യ മന്ത്രാലയം തുടങ്ങിയവക്കും ഇതേ അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ അപേക്ഷ നല്‍കി മുപ്പത് ദിവസം പിന്നിട്ടിട്ടും ഈ ഓഫീസുകളൊന്നും പ്രതികരിച്ചിട്ടില്ല. നോട്ട് നിരോധന തീരുമാനത്തിന്റെ കാരണങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് റിസര്‍വ് ബേങ്ക് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച ആര്‍ ടി ഐ അപേക്ഷ തള്ളുകയായിരുന്നു. കറന്‍സികളുടെ ലഭ്യത എന്ന് സാധാരണ നിലയിലാകുമെന്ന് വ്യക്തമാക്കാനും ആര്‍ ബി ഐ തയ്യാറായില്ല. നോട്ട് നിരോധത്തിന് തീരുമാനിച്ച ബോര്‍ഡ് ഓഫ് ഡയറക്ടറേറ്റ് മിനുട്ട്‌സിന്റെ പകര്‍പ്പ് നല്‍കാനാകില്ലെന്നും ആര്‍ ബി ഐ വ്യക്തമാക്കിയിട്ടുണ്ട്.
വിവരാവകാശ നിയമത്തിലെ സെക്ഷന്‍ എട്ട് (1) എയും സെക്ഷന്‍ രണ്ട്(എഫ്)ഉം ഉയര്‍ത്തിയാണ് നേരത്തേ വിവരങ്ങള്‍ നിഷേധിച്ചിരുന്നത്. രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ തുടങ്ങിയവയെ ബാധിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്നാണ് സെക്ഷന്‍ എട്ട് (1) എ പറയുന്നത്. ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന ഒരു പ്രത്യാഘാതമോ ചലനമോ കാലേക്കൂട്ടി ആരായുന്നതില്‍ നിന്ന് സെക്ഷന്‍ രണ്ട് (എഫ്) തടയുന്നു.

Latest