Connect with us

Editorial

വിഷയം മാറ്റാന്‍ മിനി ബജറ്റോ?

Published

|

Last Updated

നോട്ട് നിരോധനത്തെ തുടര്‍ന്ന് അനുഭവിക്കുന്ന ദുരിതത്തിന് പുതുവര്‍ഷപ്പിറവിയോടെ അറുതി വരുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. നിരോധനത്തിന്റെ 54 ദിനങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തോടായി ചെയ്ത പ്രസംഗത്തില്‍ ആ വിഷയത്തില്‍ നിന്ന് ഒഴിഞ്ഞു മാറി ഒരു മിനി ബജറ്റ് പ്രഖ്യാപനം നടത്തുകയായിരുന്നു. ഭവനരഹിതര്‍ക്കും കര്‍ഷകര്‍ക്കും ഗര്‍ഭിണികള്‍ക്കും ചില ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു നോട്ട് വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിക്കുകയായിരുന്നു. നോട്ട് നിരോധത്തിന്റെ ദുരിതങ്ങള്‍ 50 ദിവസം കൊണ്ട് അവസാനിക്കുമെന്നും അതോടെ സാധാരണ നില കൈവരുമെന്നുമായിരുന്നു പ്രധാനമന്ത്രിയും ധനമന്ത്രിയും അടിക്കടി പറഞ്ഞിരുന്നത്. എന്നാല്‍ അധ്വാനിച്ചുണ്ടാക്കിയ പണം ബേങ്കുകളില്‍ നിന്ന് പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. നിര്‍മാണ മേഖല സ്തംഭനത്തിലായതിനാല്‍ തൊഴിലാളികള്‍ക്ക് പണിയില്ല. വ്യാപാരമേഖലയിലെ മന്ദീഭാവവും മാറ്റമില്ലാതെ തുടരുന്നു. എ ടി എമ്മുകളില്‍ പകുതിയിലേറെയും പ്രവര്‍ത്തനരഹിതമാണിപ്പോഴും. ശമ്പള, പെന്‍ഷന്‍ വിതരണം ഈ മാസവും പ്രതിസന്ധിയിലാണ്. നോട്ട് നിരോധ ദുരിതം എന്ന് അവസാനിക്കുമെന്ന സൂചന പോലും പ്രധാനമന്ത്രിയുടെ പ്രസംഗത്തിലില്ല. കാരണം വ്യക്തമാണ്. സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയത് പോലെ അടുത്ത കാലത്തൊന്നും പരിഹൃതമാകുന്നതല്ല ഈ പ്രശ്‌നം. നോട്ടുനിരോധവുമായി ബന്ധപ്പെട്ട് സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങളായിരിക്കും മോദിയുടെ പ്രസംഗത്തിലുണ്ടാകുകയെന്നാണ് പൊതുജനം കരുതിയത്. ഭരണ തലപ്പത്തുള്ളവരുടെയും പ്രതീക്ഷ അതായിരുന്നവെന്ന് മന്ത്രി പരീക്കറുടെ പ്രസ്താവന വ്യക്തമാക്കുന്നു. നോട്ട് നിരോധനത്തെക്കുറിച്ച് തന്നെയായിരിക്കും പ്രധാനമന്ത്രിയുടെ മുഖ്യ പ്രമേയമെന്നാണ് ഡിസംബര്‍ 30ന് പനാജിയില്‍ കേന്ദ്ര മന്ത്രി പറഞ്ഞത്.
രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ക്കാന്‍ പാക് തീവ്രവാദികള്‍ പ്രചരിപ്പിക്കുന്ന വ്യാജനോട്ടുകള്‍ തടയലും കള്ളപ്പണത്തിന് അറുതി വരുത്തലുമാണ് നവംബര്‍ എട്ടിന് രാത്രി ചാനല്‍ പ്രഖ്യാപനത്തില്‍ നോട്ട് നിരോധത്തിന് പ്രധാനമന്ത്രി നിരത്തിയ ന്യായീകരണങ്ങള്‍. നോട്ട് നിരോധനം തീവ്രവാദികള്‍ക്ക് കടുത്ത തിരിച്ചടിയായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. അതേകുറിച്ചു ഇപ്പോള്‍ മിണ്ടാട്ടമില്ല. അതിര്‍ത്തിയില്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് അശേഷവും കുറവില്ല. എത്ര കള്ളപ്പണം ഇതിനകം ബേങ്കുകളിലെത്തിയെന്ന് മോദിയോ ധനമന്ത്രി ജെയ്റ്റ്‌ലിയോ വെളിപ്പെടുത്തുന്നില്ല. അടുത്തൊന്നും ഈ പ്രതിസന്ധി അവസാനിക്കില്ലെന്നും അതീവ ഗുരുതര പ്രതിസന്ധിയാണ് വരും നാളുകളില്‍ രാജ്യത്തെ കാത്തിരിക്കുന്നതെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.
കള്ളപ്പണ നിയന്ത്രണത്തിന്റെ ഭാഗമെന്ന നിലയില്‍ നോട്ട് നിരോധനത്തെ ജനങ്ങള്‍ സ്വാഗതം ചെയ്തുവെന്നും സര്‍ക്കാര്‍ നടപടികളുമായി അവര്‍ സര്‍വാത്മനാ സഹകരിച്ചുവെന്നും മോദി അവകാശപ്പെടുകയുണ്ടായി. നേരത്തെ തന്റെ മൊബൈല്‍ ആപ്പിലൂടെ നടത്തിയ ഹിതപരിശോധനയില്‍ തൊണ്ണൂറ് ശതമാനത്തിലേറെ പേര്‍ ഈ നടപടിയെ സ്വാഗതം ചെയ്തുവെന്ന് മോദി അവകാശപ്പെട്ടിരുന്നു. ഇത് വ്യാജ അവകാശമാണെന്ന് ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സര്‍വേയില്‍ ബോധ്യപ്പെട്ടതാണ്. അവരുടെ സര്‍വേയില്‍ നോട്ട് നിരോധനത്തെ അനുകൂലിച്ചത് 29 ശതമാനം പേര്‍ മാത്രമായിരുന്നു. നിരോധനം ഭീകരവിരുദ്ധ പോരാട്ടമായും കള്ളപ്പണ നിര്‍മാര്‍ജനത്തിനുള്ള ധീര നടപടിയായും അതിശയോക്തിപരമായി അവതരിപ്പിച്ചു, അതിന് രാജ്യതാത്പര്യത്തിന്റെ മേലങ്കിയണിയിക്കുകയും വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയും ചെയ്തു ഒരു തരം ഭീതിതാവസ്ഥ സൃഷ്ടിച്ചത് കൊണ്ടാണ് ജനങ്ങള്‍ പരസ്യമായി അതിനെതിരെ രംഗത്ത് വരാതിരുന്നത്. ഇതേക്കുറിച്ചു സ്വതന്ത്രമായി സര്‍വേ നടത്തി ജനവികാരം അളക്കാനുള്ള അവസരം പോലൂം സര്‍ക്കാര്‍ നിഷേധിക്കുകയുണ്ടായി. ടൈംസ് ഓഫ് ഇന്ത്യയുടെ സര്‍വേ ഫലം എതിരാണെന്ന് വന്നതോടെ അവസാന സമയം ഭരണ കക്ഷി കടുത്ത സമ്മര്‍ദത്തിലൂടെ അത് നിര്‍ത്തി വെപ്പിക്കുകയാണുണ്ടായത്. നോട്ട് നിരോധത്തിനെതിരെ ഭയലേശമന്യേ പ്രതികരിക്കാനും വിമര്‍ശിക്കാനുമുള്ള അവസരമുണ്ടായിരുന്നെങ്കില്‍ വെനിസ്വേല ഇവിടെയും ആവര്‍ത്തിക്കുമായിരുന്നു. വെനിസ്വേലയില്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് നിരോധം ഒരാഴ്ചക്കകം പിന്‍വലിക്കേണ്ടി വന്നു. ജനവികാരം മാനിക്കുന്ന സര്‍ക്കാറില്‍ നിന്നേ അതുപോലുള്ള തിരുത്തല്‍ നടപടികള്‍ പ്രതീക്ഷിക്കേണ്ടതുള്ളൂ.
ദരിദ്രര്‍ക്ക് കുറഞ്ഞ പലിശയില്‍ ഭവന വായ്പ, ഗര്‍ഭിണികള്‍ക്ക് 6,000 രൂപയുടെ ധനസഹായം, റാബി സീസനില്‍ കാര്‍ഷിക വായ്പയുടെ രണ്ട് അടവ് സര്‍ക്കാര്‍ ഏറ്റെടുക്കല്‍ എന്നിവയാണ് മോദി ശനിയാഴ്ച നടത്തിയ “മിനി ബജറ്റി”ലെ പ്രഖ്യാപനങ്ങള്‍. ഗര്‍ഭിണികള്‍ക്കുള്ള ധനസഹായം 4000 രൂപ തോതില്‍ 55 ജില്ലകളില്‍ പൈലറ്റ് പദ്ധതിയായി മുന്‍ സര്‍ക്കാര്‍ നടപ്പാക്കിയിരുന്നതാണ്. അതൊരു പുതിയ പദ്ധതിയല്ല. വായ്പയുടെ തിരിച്ചടവ് സഹായം ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് പ്രയോജനപ്പെടുക. യു പി തിരഞ്ഞെടുപ്പ് ലാക്കാക്കിയാണ് ഈ പ്രഖ്യാപനങ്ങളെല്ലാം.