അഖിലേഷ് ദേശീയ അധ്യക്ഷനല്ലെന്ന് മുലായം; രാംഗോപാല്‍ യാദവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

Posted on: January 1, 2017 3:07 pm | Last updated: January 2, 2017 at 9:12 am
SHARE

ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടിയില്‍ വീണ്ടും പോര് കനക്കുന്നു. അഖിലേഷ് യാദവ് ദേശീയ അധ്യക്ഷനല്ലെന്ന് വ്യക്തമാക്കി മുലായം സിംഗ് യാദവ് രംഗത്തെത്തി. ദേശീയ കണ്‍വന്‍ഷനും എക്‌സിക്യൂട്ടീവ് യോഗവും വിളിച്ചതിന് രാംഗോപാല്‍ യാദവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അഖിലേഷിന്റെ കണ്‍വന്‍ഷന് മറുപടിയായി ജനുവരി അഞ്ചിന് ജനേശ്വര്‍ മിശ്ര പാര്‍ക്കില്‍ കണ്‍വന്‍ഷന്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പാര്‍ട്ടി ദേശീയ അധ്യക്ഷനാക്കിയ നടപടി നിയമവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ കൗണ്‍സില്‍ വിളിച്ചു ചേര്‍ത്ത രാംഗോപാല്‍ വര്‍മയുടെ നടപടി പാര്‍ട്ടിയുടെ ഭരണഘടനക്ക് എതിരാണ്. അതുകൊണ്ട് തന്നെ ഈ യോഗത്തിലെടുത്ത തീരുമാനങ്ങള്‍ അസാധുവാണ്. തന്നെ അപമാനിച്ച് ബിജെപിക്ക് നേട്ടമുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും മുലായം ആരോപിച്ചു.

ലക്‌നൗവില്‍ രാവിലെ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ ആണ് അഖിലേഷ് യാദവിനെ പാര്‍ട്ടി ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തത്. ശിവപാല്‍ യാദവിനെ പാര്‍ട്ടിയുടെ യുപി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് നീക്കാനും അമര്‍സിംഗിനെ പുറത്താക്കാനും യോഗം തീരുമാനിച്ചിരുന്നു.