ടെലിമെഡിസിന്റെ കാലം

Posted on: January 1, 2017 10:52 am | Last updated: January 1, 2017 at 10:53 am

പേറെടുക്കാന്‍ ഡോക്ടര്‍മാര്‍ വീട്ടിലെത്തിയ കാലമുണ്ടായിരുന്നു പണ്ട്. വയറ്റാട്ടികള്‍ ഈ മേഖല സമ്പൂര്‍ണമായി കൈകാര്യം ചെയ്ത കാലവും. വികസനവും മനോഭാവവും പിന്നീട് ആളുകളെ ക്ലിനിക്കുകളിലേക്കും സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രികളിലേക്കും അടുപ്പിച്ചു. ഇന്ന് വന്‍വ്യവസായ മേഖലയായി ആരോഗ്യരംഗം തഴച്ചുവളരുന്നു. ഒപ്പം ചൂഷണത്തിന്റെയും. ആശുപത്രികളില്‍ പ്രസവങ്ങള്‍ കൂടി. ഭൂരിപക്ഷവും ശസ്ത്രക്രിയയിലൂടെയുള്ളവ. പ്രസവിക്കാന്‍ ‘സമയമില്ലാത്തവര്‍’ക്കായി വാടക ഗര്‍ഭപാത്രങ്ങള്‍. അസുഖങ്ങള്‍ക്കെല്ലാം ആശുപത്രികള്‍ ആശ്രയ കേന്ദ്രങ്ങളായി.
ടെലിമെഡിസിന്‍ വിപ്ലവമാണ് പുതുവര്‍ഷത്തില്‍ ആരോഗ്യരംഗത്ത് കാണാനിരിക്കുന്നത്. ടെലികമ്മ്യൂണിക്കേഷന്റെയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെയും സമന്വയം. കേരളത്തിലെ ഏതോ ഒരു ഗ്രാമത്തിലെ വീട്ടിനകത്ത് രോഗി കിടക്കുന്നു. കാതങ്ങള്‍ക്കകലെ ഇലക്‌ട്രോണിക് രേഖകളും വീഡിയോകളും മൊബൈല്‍ ചിത്രങ്ങളും വിശകലനം ചെയ്ത്, കോണ്‍ഫറന്‍സ് കോളുകള്‍ നടത്തി വിദഗ്ധ ഡോക്ടര്‍മാര്‍ കുറിപ്പടി തയ്യാറാക്കുന്നു. രോഗി സുഖം പ്രാപിക്കുന്നു. ക്ലിനിക്കുകളിലോ ആശുപത്രികളിലോ എത്താതെ വീട്ടില്‍ തന്നെ ചികിത്സ. താരതമ്യേന ചെലവ് കുറവായതിനാല്‍ ഈ മേഖലക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. രോഗിയും വിദഗ്ധരായ ഡോക്ടര്‍മാരും തമ്മിലുള്ള അകലം കുറയുകയും ഉള്‍നാടുകളില്‍ പോലും കാര്യക്ഷമമായ മെഡിക്കല്‍ സേവനങ്ങള്‍ എത്തുകയും ചെയ്യും. ടെലി ഹെല്‍ത്ത്, ഇ ഹെല്‍ത്ത് എന്നീ പേരുകളില്‍ അറിയപ്പെടുന്ന ടെലിമെഡിസിന്‍ സംവിധാനം ജനസംഖ്യയുടെ 70 ശതമാനം താമസിക്കുന്ന ഗ്രാമപ്രദേശത്ത് വന്‍വിപ്ലവത്തിനാണ് വഴിയൊരുക്കുക. നഗരങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചിരുന്ന മെഡിക്കല്‍ സൗകര്യങ്ങള്‍ ഗ്രാമങ്ങളിലും എത്തുമെന്നര്‍ഥം. സാങ്കേതിക വിദ്യയുടെ ഉപയോഗത്തോടെ ഗ്രാമ, നഗര അന്തരം കുറയും. ഇന്ത്യന്‍ ആരോഗ്യരംഗത്ത് 2017 ഓടെ 18.7 മില്യന്‍ യു എസ് ഡോളറിന്റെ വളര്‍ച്ചാ മൂല്യമാണ് ടെലിമെഡിസിന്‍ രംഗം പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ ആരോഗ്യസംരക്ഷണ വിപണി ഇന്ന് 100 ബില്യണ്‍ യു എസ് ഡോളറിന്റെ മൂല്യമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ മേഖലകള്‍ കൂടി തുറക്കുന്നതോടെ 2020 ആകുമ്പോഴേക്കും ഇത് 280 ബില്യണ്‍ യു എസ് ഡോളറിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.
മെഡിക്കല്‍ ടൂറിസം രംഗത്താണ് ഇന്ത്യയുടെയും കേരളത്തിന്റെയും പ്രതീക്ഷകള്‍ കിടക്കുന്ന മറ്റൊരിടം. വര്‍ഷത്തില്‍ മൂന്ന് ബില്യണ്‍ യു എസ് ഡോളറിന്റെ മൂല്യം കണക്കാക്കപ്പെട്ടിട്ടുള്ള മെഡിക്കല്‍ ടൂറിസം 2018ഓടെ ഇരട്ടിയിലധികമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇപ്പോള്‍ വര്‍ഷത്തില്‍ ഈ മേഖല ഉപയോഗപ്പെടുത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം 2,30,000 ആണ്. കൂടുതല്‍ ആശുപത്രികള്‍ക്ക് അന്താരാഷ്ട്ര അക്രഡിറ്റേഷന്‍ ലഭിക്കുന്നതോടെ വരും വര്‍ഷങ്ങളില്‍ ഇന്ത്യയിലെ ആരോഗ്യ മേഖല ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മെഡിക്കല്‍ ഹബ്ബായി മാറും. ഏഷ്യന്‍, പാശ്ചാത്യന്‍ രാജ്യങ്ങളേക്കാളും കുറഞ്ഞ നിരക്കില്‍ ഇന്ത്യയില്‍ ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ലഭിക്കുന്നു. യു എസിലെയും പാശ്ചാത്യന്‍ രാജ്യങ്ങളിലെയും മൂന്നിലൊന്ന് തുകക്ക് ഇന്ത്യയില്‍ സര്‍ജറികള്‍ ലഭ്യമാണ് എന്നത് കൂടുതല്‍ വിദേശികളെ ഇന്ത്യയിലെ ആശുപത്രികളിലേക്ക് ആകര്‍ഷിക്കുന്നതിന് കാരണമാകുന്നു. പ്ലാസ്റ്റിക് സര്‍ജറി, ബ്രസ്റ്റ് റികണ്‍സ്ട്രക്ഷന്‍ സര്‍ജറി പോലുള്ള സൗന്ദര്യ വര്‍ധക ശസ്ത്രക്രിയക്ക് കേരളം ഏറ്റവും മികച്ച ഡോക്ടര്‍മാരെ വാഗ്ദാനം ചെയ്യുന്നുണ്ട്. ഏറ്റവും സങ്കീര്‍ണമായ താടിയെല്ല് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പോലും അന്താരാഷ്ട്ര തലത്തിലുള്ള റേറ്റിനേക്കാളും അന്‍പത് ശതമാനം കുറച്ചാണ് കേരളം വാഗ്ദാനം ചെയ്യുന്നത്. വരും വര്‍ഷങ്ങളില്‍ ആരോഗ്യ രംഗത്ത് കൂടുതല്‍ ജോലി സാധ്യതകള്‍ പ്രതീക്ഷിക്കുന്നുണ്ട്. തൊഴില്‍ സൃഷ്ടിക്കുന്നതും ബിസിനസ് കൊണ്ടുവരുന്നതും മാത്രമല്ല മറ്റ് മേഖലകളിലേക്ക് ക്രിയാത്മകവും ആരോഗ്യവുമുള്ള തൊഴിലാളികളെ സംഭാവന ചെയ്യുകയും ചെയ്യുന്നുണ്ട് ആരോഗ്യ സംരക്ഷണ വിപണി. ആ മേഖല വന്‍ വളര്‍ച്ച നേടുകയും പതിനായിരക്കണക്കിന് പുതിയ തൊഴിലുകള്‍ രൂപപ്പെടുകയും ചെയ്യുമെന്നതാണ് വരാന്‍ പോകുന്ന പ്രതിഭാസം. കുത്തകകള്‍ക്ക് കീഴ്‌പ്പെട്ട മരുന്ന് വിപണി സാധാരണക്കാര്‍ക്ക് എങ്ങനെ പ്രാപ്യമാകും എന്നത് ഈ വളര്‍ച്ചക്കിടയിലും ഉയരുന്ന ചോദ്യമാണ്. ഔഷധ വില വര്‍ധന കാരണം ഭൂരിപക്ഷത്തിനും ചികിത്സ അപ്രാപ്യമായ ഘട്ടം കൂടിയാണിത്. മരുന്ന് കച്ചവട രംഗത്ത് നിലനില്‍ക്കുന്ന കുത്തക ഇല്ലാതാക്കുന്നതിന് വേണ്ടി ജില്ലാ ആശുപത്രികള്‍ തോറും മെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിക്കേണ്ടതുണ്ട്. നാല്‍പ്പത് മുതല്‍ അമ്പത് ശതമാനം വരെ വില കുറച്ച് മരുന്ന് വില്‍പ്പന നടത്താന്‍ പറ്റുന്ന രീതിയില്‍ നീതി, മാവേലി സ്റ്റോറുകള്‍ വ്യാപകമാക്കണം.
ആരോഗ്യ സംരക്ഷണ വിപണി വന്‍വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുമ്പോള്‍ പോലും മലേറിയ പോലുള്ള രോഗങ്ങളെ പുറത്താക്കാന്‍ നമ്മുടെ രാജ്യത്തിന് കഴിഞ്ഞിട്ടില്ല. പട്ടിണിയും ദുരിതങ്ങളം പോഷകാഹാരമില്ലാത്ത ഭക്ഷണവും നിത്യപ്രശ്‌നങ്ങളാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. എലിപ്പനി, ചെള്ള് പനി, ഡെങ്കിപ്പനി, തക്കാളിപ്പനി, പക്ഷിപ്പനി, പന്നിപ്പനി, എച്ച് വണ്‍ എന്‍ വണ്‍ , എബോള, കോളറ. ചിക്കുന്‍ ഗുനിയ, കുരങ്ങ് പനി തുടങ്ങിയ മാരക രോഗങ്ങള്‍ കേരളത്തില്‍ പടര്‍ന്ന് പിടിക്കുന്നു. ഓരോ രോഗങ്ങളും പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുന്നു എന്നതാണ് കേരളത്തിന്റെ ആരോഗ്യ രംഗം കഴിഞ്ഞ വര്‍ഷം അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രതിസന്ധി. വൈറസുകളിലും ബാക്ടീരിയകളിലും ഉണ്ടായിട്ടുള്ള ജനിതക മാറ്റങ്ങള്‍ കാരണം പ്രതിരോധ മരുന്നുകള്‍ക്ക് ചികിത്സാ ശേഷി നഷ്ടപ്പെട്ടിരിക്കുന്നു. പുതിയ ജനറേഷന്‍ ഔഷധങ്ങളുടെ നിര്‍മാണമാണ് വരും വര്‍ഷങ്ങളില്‍ പ്രതീക്ഷിക്കുന്നത്.
.