Connect with us

Articles

അവര്‍ തന്നെ ചിരിക്കും, ക്രൂരമായി

Published

|

Last Updated

തീവ്രവലതുപക്ഷ ചിന്താഗതിയോട് അഭിമുഖ്യം പുലര്‍ത്തുന്ന കാഴ്ചയാണ് പോയ വര്‍ഷം ലോകത്ത് കാണാനായത്. കടുത്ത മുസ്‌ലിം, അഭയാര്‍ഥിവിരുദ്ധനായ ഡൊണാള്‍ഡ് ട്രംപ് അപ്രതീക്ഷിതമായി അമേരിക്കയുടെ തലപത്തെത്തിയതോടെ ഇത് കൂടുതല്‍ വ്യക്തമായി. ഇറ്റലിയിലും ഫ്രാന്‍സിലും ബ്രിട്ടനിലുമെല്ലാം ഈ ആഭിമുഖ്യത്തിന്റെ നേര്‍ക്കാഴ്ചകള്‍ ദൃശ്യമായി. അഭയാര്‍ഥി പ്രതിസന്ധി, മുസ്‌ലിംവിരുദ്ധ ആക്രമണങ്ങള്‍, പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍, റോഹിംഗ്യ, ഇസ്‌റാഈല്‍ കുടിയേറ്റം തുടങ്ങിയ നിരവധി പ്രശ്‌നങ്ങളില്‍ നിയമവിരുദ്ധമായ സമീപനങ്ങള്‍ക്ക് പുതിയ വര്‍ഷം സാക്ഷിയായേക്കും. ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറുന്ന ജനുവരി 20 മുതല്‍ ദുരന്തപൂര്‍ണമായ സാഹചര്യങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിച്ചേക്കും.
പുതിയ വര്‍ഷത്തില്‍ നടക്കാനിരിക്കുന്നത് ഇത്തരം വേദനാജനകമായ വസ്തുതകളാണെന്നതിന് വ്യക്തമായ സൂചന പോയ വര്‍ഷം തന്ന് കഴിഞ്ഞു. സിറിയന്‍ വിഷയത്തില്‍ അമേരിക്കയും റഷ്യയും ഒന്നിച്ച് നില്‍ക്കാനും ഇസില്‍വിരുദ്ധ പോരാട്ടത്തിന്റെ പേരില്‍ അവിടെ അധിനിവേശം നടത്താനുമുള്ള സാധ്യത വളരെ കൂടുതലാണ്. റഷ്യയുമായുള്ള അമേരിക്കയുടെ ബന്ധം ശീതയുദ്ധത്തിന് താത്കാലിക വിരാമം ഉണ്ടാക്കുമെങ്കിലും അധിനിവേശങ്ങളും സൈനിക ആക്രമണങ്ങളും വര്‍ധിച്ചേക്കും. അമേരിക്കയുടെ സാമ്രാജ്യത്വ ശബ്ദങ്ങള്‍ക്ക് എതിര്‍വാക്കുണ്ടാകാനിടയില്ലെന്ന ഭീതിജനകമായ സാഹചര്യമാണ് വരാനിരിക്കുന്നത്. റഷ്യയും അമേരിക്കയും തമ്മില്‍ ഒന്നിക്കുമ്പോള്‍ ചൈന ഒറ്റപ്പെടാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. റഷ്യയോട് ബന്ധം പുലര്‍ത്തുമ്പോള്‍ തന്നെ ചൈനയുമായി കൊമ്പുകോര്‍ക്കാനാണ് ട്രംപ് ശ്രമം നടത്തിയത്. തായ്‌വാനടക്കമുള്ള ചൈനീസ് ഭരണ പ്രദേശങ്ങളോട് ട്രംപ് അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. ഇത് ചൈനയെ ചൊടിപ്പിച്ചിരിക്കുകയാണ്.
ഏഷ്യന്‍ മേഖലയില്‍ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള ആക്രമണങ്ങളുടെ തോത് വര്‍ധിക്കാന്‍ തന്നെയാണ് സാധ്യത. ട്രംപിന്റെ വരവോടെ യു എന്‍ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകള്‍ റോഹിംഗ്യന്‍ വിഷയത്തില്‍ മൗനം പാലിച്ചേക്കും. റോഹിംഗ്യകള്‍ക്ക് വേണ്ടി ശബ്ദിക്കുന്ന രാജ്യങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ പിന്തുണ ലഭിക്കാതെവരും. ആംഗ് സന്‍ സൂക്കിക്കൊപ്പം റോഹിംഗ്യന്‍ വിഷയത്തില്‍ കുറ്റകരമായ മൗനം പാലിക്കാന്‍ യു എന്നും മനുഷ്യാവകാശ സംഘടനകളും നിര്‍ബന്ധിതരാകും. പശ്ചിമേഷ്യയിലെ അഭയാര്‍ഥി ദുരിതം കൂടുതല്‍ രൂക്ഷമാകും. അഭയാര്‍ഥികളെ സ്വീകരിക്കുന്നതിനോട് കടുത്ത എതിര്‍പ്പ് പുലര്‍ത്തുന്ന രാഷ്ട്ര നേതാക്കളെയാണ് യൂറോപ്പും അമേരിക്കയും ശരിവെച്ചുകൊണ്ടിരിക്കുന്നത്.
ഫലസ്തീന് അനുകൂലമായ നിലപാട് പോയ വര്‍ഷാവസാനം യു എന്നിലുണ്ടായിരുന്നെങ്കിലും ഇനിയുള്ള മാസങ്ങളില്‍ ഇതിന്റെ വൈരുധ്യങ്ങളാകും സംഭവിക്കുക. ഇസ്‌റാഈലിന് പൂര്‍ണ പിന്തുണ നല്‍കുന്ന ട്രംപ് ഭരണകൂടം യു എന്നിന്റെ ഫലസ്തീന്‍ അനുകൂല നിലപാടുകള്‍ക്കെതിരെ രംഗത്തെത്തും. ട്രംപിനെ അവഗണിച്ച് ഇസ്‌റാഈലിന് വിരുദ്ധമായ പ്രമേയം വീറ്റോ ചെയ്യാതെ മാറി നിന്ന യു എസ് പ്രതിനിധികളാകില്ല യു എന്നിലുണ്ടാകുക. ഇസ്‌റാഈലിന് അനുകൂലമായി നിലപാട് സ്വീകരിക്കുമെന്ന് ഇതിനകം ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. അധികാരത്തിലേറുന്നതിന് മുമ്പ് തന്നെ ഫലസ്തീന്‍ വിഷയത്തില്‍ ട്രംപ് ഇടപെട്ടിട്ടുണ്ട്. ഇസ്‌റാഈല്‍വിരുദ്ധ പ്രമേയം അവതരിപ്പിക്കുന്നതില്‍ നിന്ന് ഈജിപ്തിനെ പിന്തിരിപ്പിക്കാന്‍ ട്രംപിന് കഴിഞ്ഞിട്ടുണ്ട്. വഹാബി ചിന്താധാരയില്‍ നിന്ന് ജന്മം കൊണ്ട ഇസിലടക്കമുള്ള തീവ്രവാദി സംഘടനകള്‍ “ട്രംപ് യുഗ”ത്തില്‍ തഴച്ച് വളരുക തന്നെ ചെയ്യും. ഇത്തരം സംഘടനകള്‍ക്ക് രഹസ്യമായി ആയുധം എത്തിച്ച് കൊടുക്കാന്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ സജീവമായി അമേരിക്ക രംഗത്തെത്തും. ഇസിലിനെയും മറ്റ് തീവ്രവാദി സംഘടനകളെയും ഉപയോഗപ്പെടുത്തി മുസ്‌ലിം രാജ്യങ്ങളിലും ഇസ്‌ലാമിക ചരിത്രങ്ങളും സംസ്‌കാരങ്ങളും നിലനില്‍ക്കുന്ന സ്ഥലങ്ങളിലും അരക്ഷിതാവസ്ഥ പടര്‍ത്താന്‍ അമേരിക്ക ശ്രമിച്ചുകൊണ്ടിരിക്കും. ബ്രദര്‍ഹുഡ് സംഘടനകളോടുള്ള അമേരിക്കയുടെ സമീപനവും മറിച്ചാകില്ല.
തെക്കേഷ്യന്‍ മേഖലയിലെ ട്രംപായി ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂടേര്‍ട് മാറും. ട്രംപിന്റെ സമാന ചിന്താഗതിയും രാഷ്ട്രീയ നിലപാടുമാണ് ഡ്യൂടേര്‍ട്ടിനുള്ളത്. ട്രംപുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന ഫിലിപ്പൈന്‍സ് പ്രസിഡന്റ് റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായി കൈകോര്‍ത്തിട്ടുണ്ട്. രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുന്ന രാജ്യങ്ങളുടെ പട്ടിക വിശാലമാണ്. വെനിസ്വേല, ദക്ഷിണ കൊറിയ, തെക്കന്‍ സുഡാന്‍, നൈജീരിയ, ഗാംബിയ തുടങ്ങിയവയാണ് ഇതില്‍ മുന്‍പന്തിയിലുള്ളത്.
.

Latest