വേണ്ടത് വെറും പ്രതിജ്ഞകളല്ല

Posted on: January 1, 2017 10:41 am | Last updated: January 1, 2017 at 10:41 am
SHARE

ഇമാം ശാഫി(റ) പറയുന്നുണ്ട്. ‘കാലത്തെ പഴിച്ചിട്ട് കാര്യമില്ല. കാലത്തെ മനോഹരവും വികൃതവുമാക്കുന്നത് അതില്‍ ജീവിക്കുന്ന മനുഷ്യരാണ്.’ പോയ വര്‍ഷം ഏതെങ്കിലും വിധത്തില്‍ നിരാശാജനകമാണെങ്കില്‍ അതിന്റെ ഉത്തരവാദിത്വം അക്കാലത്തിലൂടെ കടന്ന് വന്ന എല്ലാവര്‍ക്കുമുണ്ട്. പിറന്ന് വീണ വര്‍ഷം ചരിത്രത്തിലുടനീളം ഓര്‍മിക്കത്തക്ക മുന്നേറ്റങ്ങള്‍ കൊണ്ടും മനുഷ്യത്വത്തിന്റെ മഹത്തായ മാതൃകകള്‍ കൊണ്ടും അലങ്കരിക്കേണ്ടതും ഇക്കാലത്ത് ജീവിക്കുന്നവര്‍ തന്നെ.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇന്ത്യക്ക് അഭിമാനിക്കാവുന്ന മുഹൂര്‍ത്തങ്ങളല്ല കഴിഞ്ഞ വര്‍ഷം സമ്മാനിച്ചത്. തീവ്രവലതുപക്ഷ യുക്തികളിലും വര്‍ഗീയ വിഭജന പ്രത്യയശാസ്ത്രത്തിലും അഭിരമിക്കുന്ന സംഘടനകള്‍ക്കും സംഘങ്ങള്‍ക്കും നിര്‍ണായക സ്വാധീനമുള്ള കക്ഷി കേന്ദ്ര സര്‍ക്കാറിനെ നയിക്കുമ്പോള്‍ ഇതില്‍ അത്ഭുതപ്പെടാനില്ല. എന്നാല്‍ ആവശ്യത്തിന് ഭൂരിപക്ഷത്തോടെ ഭരണത്തിലേറിക്കഴിയുമ്പോള്‍ ബി ജെ പിയെപ്പോലെ ഒരു പാര്‍ട്ടിയും നരേന്ദ്ര മോദിയെപ്പോലെ ഒരു നേതാവും അവരുടെ മുന്‍ഗണനകളിലും ശൈലികളിലും ചില ജനാധിപത്യ പരിഷ്‌കാരങ്ങള്‍ക്ക് തയ്യാറാകുമെന്ന് രാജ്യം പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍, അതുണ്ടായില്ല. അത്‌കൊണ്ട് മനുഷ്യരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കും ജീവിക്കാനുള്ള അവകാശത്തിലേക്കും ഭക്ഷണ സ്വാതന്ത്ര്യത്തിലേക്കുമെല്ലാം സര്‍ക്കാര്‍ നേരിട്ടും സര്‍ക്കാറിന്റെ മൗനാനുവാദത്തോടെ പരിവാര സംഘങ്ങളും കടന്നു കയറിക്കൊണ്ടിരുന്നു. ന്യൂനപക്ഷങ്ങള്‍ നിതാന്തമായ ഭീതിയിലേക്ക് എടുത്തറിയപ്പെട്ടു. ദളിത് സമൂഹങ്ങള്‍ക്ക് മേല്‍ ക്രൂരമായ ആക്രമണങ്ങള്‍ അരങ്ങേറി. മതേതരമായി നിലനില്‍ക്കേണ്ട സ്ഥാപനങ്ങളും സമിതികളുമെല്ലാം അതിവേഗം വിഭാഗീയവത്കരിക്കപ്പെട്ടു. കലാലയങ്ങള്‍ സംഘര്‍ഷ ഭൂമിയായി. പഴയ മനുവാദ ശാസനകള്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കങ്ങളെ സര്‍വകലാശാലാ ക്യാമ്പസുകള്‍ ശക്തമായി ചെറുത്തു നില്‍ക്കുന്ന കാഴ്ചയും കണ്ടു.
പോയ വര്‍ഷത്തിന്റെ സായാഹ്നത്തില്‍ ജനങ്ങള്‍ക്ക് മേല്‍ അര്‍ധരാത്രി വീണ ഇടിത്തീയായിരുന്നു നോട്ട് നിരോധം. അവനവന്‍ അധ്വാനിച്ച പണത്തിനായി യാചിക്കേണ്ട സ്ഥിതി വന്നുവെന്നത് മാത്രമായിരുന്നില്ല അതിന്റെ ആഘാതം. ഫെഡറലിസത്തിന്റെയും ജനാധിപത്യത്തിന്റെയും കൂടിയാലോചനയുടെയും എല്ലാ പാരമ്പര്യങ്ങളെയും ആ തീരുമാനം നിരാകരിച്ചു. അത് സമ്പദ്‌വ്യവസ്ഥയില്‍ സൃഷ്ടിച്ച മാന്ദ്യത്തിന്റെ കെടുതി ഈ വര്‍ഷത്തിന്റെ പകുതിയോളമെങ്കിലും നിലനില്‍ക്കും.
തിരുത്തല്‍ പ്രക്രിയ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സര്‍ക്കാറും ആത്മാര്‍ഥമായി ശ്രമിച്ചില്ലെങ്കില്‍ 2017ന്റെ ഒന്നാം പകുതിയും കടന്ന് ഞെരുക്കം മുന്നേറും. അവകാശവാദങ്ങള്‍ക്കപ്പുറത്തെ യാഥാര്‍ഥ്യ ബോധത്തിലേക്ക് ഭരിക്കുന്നവര്‍ ഉണരുമെന്ന് പ്രതീക്ഷിക്കാം.
കേരളം വലിയൊരു ജല പ്രതിസന്ധിയുടെ വക്കിലാണ്. വരണ്ടുണങ്ങാതിരിക്കാന്‍ ഓരോരുത്തരും ഉണരേണ്ട ഘട്ടമാണിത്. ഒന്നുകില്‍ ഇതേ അഹംഭാവത്തില്‍ പ്രകൃതിയോട് ഉത്തരവാദിത്വമില്ലാത്തവരായി കാലം കഴിക്കാം. അല്ലെങ്കില്‍ പ്രതിസന്ധിയെ ഒറ്റക്കെട്ടായി, ബുദ്ധിപൂര്‍വം നേരിട്ടവരായി ചരിത്രം കുറിക്കാം. ഏത് തിരഞ്ഞെടുക്കുന്നുവെന്നത് നാടിന്റെ ഭാവിയെ നിര്‍ണയിക്കുന്ന ചോദ്യമാണ്. വെറും പ്രതിജ്ഞകളല്ല, പ്രയോഗവത്കരിക്കാനുള്ള നിശ്ചയദാര്‍ഢ്യമുള്ള പ്രതിജ്ഞകളാണ് വേണ്ടത്.