Connect with us

Alappuzha

കരിനിയമങ്ങളില്‍ കുടുക്കി ജയിലിലടച്ചവരെ മോചിപ്പിക്കണം: കാന്തപുരം

Published

|

Last Updated

ആലപ്പുഴ: കിരാത നിയമങ്ങളില്‍ കുടുക്കിയും ഇല്ലാത്ത കുറ്റങ്ങള്‍ ആരോപിച്ചും പാവപ്പെട്ട ആളുകളെ ജയിലിലടക്കുന്ന നടപടികള്‍ ഭരണാധികാരികള്‍ പുനഃപരിശോധിക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. കരിനിയമങ്ങളില്‍ കുടുക്കി ജയിലിലടച്ചവരെ എത്രയും വേഗം മോചിപ്പിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹുബ്ബുര്‍റസൂല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.

ഭരണാധികാരികള്‍ പരിഷ്‌കാരങ്ങള്‍ വരുത്തുമ്പോള്‍ പാവപ്പെട്ടവന്റെ സാഹചര്യം കൂടി പരിഗണിക്കണം. രാജ്യത്ത് നോട്ട് പരിഷ്‌കാരം മൂലം കഷ്ടപ്പെട്ടത് പാവപ്പെട്ടവരാണ്. പണക്കാരനെ ഇതൊന്നും ബാധിച്ചിട്ടില്ല. ദേശസ്‌നേഹം എന്ന വാക്ക് ചിലര്‍ കുത്തകയാക്കി വെച്ചിരിക്കുകയാണ്. മുസ്‌ലിംകള്‍ എന്ന് മുതലാണ് ദേശസ്‌നേഹികളല്ലാതായി മാറിയത്? രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും രണ്ട് പ്രധാനമന്ത്രിമാരും കൊല്ലപ്പെട്ട സംഭവത്തില്‍ ഒരു മുസ്‌ലിം പോലും പ്രതിയല്ലെന്ന കാര്യം ഓര്‍ക്കണമെന്നും കാന്തപുരം പറഞ്ഞു.

സുന്നി ഐക്യത്തിന് എല്ലാകാലത്തും പൂര്‍ണ സന്നദ്ധത തങ്ങള്‍ അറിയിച്ചിട്ടുണ്ട്. സത്യത്തിലധിഷ്ഠിതമായ സുന്നി ഐക്യത്തിന് തങ്ങളുടെ സംഘടന തയാറാണ്. എന്നാല്‍ മഖ്ബറകള്‍ പൊളിക്കുകയും മുസ്‌ലിംകള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവരുമായി ഐക്യപ്പെടാനാകില്ല. ജമാഅത്തെ ഇസ്‌ലാമി രാജ്യത്ത് ഇസ്‌ലാമിക് റിപ്പബ്ലിക് വേണമെന്ന് വാദിക്കുന്നവരാണ്. മുജാഹിദിന് ഭരണം കിട്ടിയാല്‍ മദീനയിലെ പ്രവാചക ഖബറിടം തകര്‍ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഈ വിഭാഗങ്ങളുമായി സുന്നികള്‍ക്ക് ഒരിക്കലും യോജിക്കാന്‍ കഴിയില്ല-കാന്തപുരം പറഞ്ഞു.
മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. സുന്നി സംഘടനകളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സാന്ത്വനം പദ്ധതി പ്രകാരമുള്ള വീല്‍ ചെയറുകള്‍ അഡ്വ. എ എം ആരിഫ് എം എല്‍ എ വണ്ടാനം മെഡിക്കല്‍ കോളജിന് കൈമാറി. കാന്തപുരം ഉസ്താദിനുള്ള ആലപ്പുഴ പൗരാവലിയുടെ ഉപഹാരം നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് സമ്മാനിച്ചു. ഹുബ്ബുര്‍റസൂല്‍ സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് എച്ച് അബ്ദുന്നാസര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു.

Latest