Connect with us

Kerala

വീരനെതിരെ മനയത്ത് ചന്ദ്രന്റെ പടയൊരുക്കം; കോഴിക്കോട്ട് ജനതാദള്‍ യു പൊട്ടിത്തെറിയിലേക്ക്

Published

|

Last Updated

കോഴിക്കോട്: എം പി വീരേന്ദ്രകുമാറിന്റെ തട്ടകമായ കോഴിക്കോട് മനയത്ത് ചന്ദ്രന്‍ വിഭാഗം പിടിമുറുക്കിയതോടെ ജില്ലയില്‍ ജനതാദള്‍ യു പൊട്ടിത്തെറിയുടെ വക്കില്‍. വീരന്‍വിരുദ്ധ ചേരിയില്‍ പ്രധാനിയായ മനയത്ത് ചന്ദ്രന്‍ ജില്ലാ പ്രസിഡന്റ് ആയതോടെയാണ് ജില്ലാ ഘടകം പൂര്‍ണമായും വീരേന്ദ്രകുമാറിന്റെ എതിര്‍ വിഭാഗം പിടിച്ചടക്കാനുള്ള നീക്കം തുടങ്ങിയത്. എന്നാല്‍ മനയത്ത് സ്വന്തം നിലയില്‍ ജില്ലാ ഭാരവാഹികളെ തിരുകി കയറ്റിയെന്ന ആരോപണവുമായി മറു വിഭാഗവും രംഗത്തെത്തിയിരിക്കുകയാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാജിവെച്ച മനയത്ത് ചന്ദ്രനെ വീണ്ടും ജില്ലാ പ്രസിഡന്റാകാന്‍ സഹായിച്ച മണ്ഡലം നേതാക്കളെ ജില്ലാ ഘടകത്തിലേക്ക് ഉയര്‍ത്താനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും വീരേന്ദ്രകുമാര്‍ അനുകൂലികള്‍ പറയുന്നു. നിര്‍വാഹക സമിതിയിലേക്ക് തിരഞ്ഞെടുത്തവരില്‍ നിന്നാണ് ജില്ലാ ഭാരവാഹികളെ നോമിനേറ്റ് ചെയ്യേണ്ടതെന്ന പാര്‍ട്ടി ഭരണഘടന മറികടന്നാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ജില്ലാ ഘടകത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇതുവരെ പങ്കെടുക്കാത്തവരെ പോലും ജില്ലാ ഭാരവാഹികളാക്കുന്നത് അംഗീകരിക്കാനാകില്ല. നിര്‍വാഹക സമിതിയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടയാളെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്തത് പാര്‍ട്ടി പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അവര്‍ ആരോപിക്കുന്നു.

ജില്ലാ ഭാരവാഹികളായി മനയത്ത് ചന്ദ്രന്‍ നോമിനേറ്റ് ചെയ്തവരെല്ലാം വീരേന്ദ്രകുമാറിന്റെ എതിര്‍ ചേരിയിലുള്ളവരാണെന്ന ആരോപണം നേരത്തെ ജില്ലാ ഘടകത്തില്‍ പുകയുന്നുണ്ടായിരുന്നു. പാര്‍ട്ടിയുടെ പല പരിപാടികളും വേണ്ട രീതിയില്‍ നടക്കുന്നില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ജില്ലാ കമ്മിറ്റി പോലും വിളിക്കാന്‍ പ്രസിഡന്റിന് സമയമില്ലെന്ന ആരോപണവും എതിര്‍ വിഭാഗം ഉന്നയിക്കുന്നു. വീരേന്ദ്രകുമാറിന്റെ വിശ്വസ്തനായിരുന്ന മനയത്ത് ചന്ദ്രന്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് അദ്ദേഹവുമായി അകന്നത്. തിരഞ്ഞെടുപ്പിന് മുമ്പുള്ള എല്‍ ഡി എഫ് പ്രവേശത്തിന് തടസ്സം നിന്നതായിരുന്നു മനയത്തിനെ പാര്‍ട്ടിയില്‍ മറുചേരിയിലെത്തിച്ചത്. മുന്‍ മന്ത്രി കെ പി മോഹനന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന്റെ പിന്തുണ മനയത്ത് ചന്ദ്രനുള്ളതിനാല്‍ തര്‍ക്കം സംസ്ഥാന തലത്തിലേക്ക് നീങ്ങാനും സാധ്യതയുണ്ട്.

Latest