കസ്റ്റഡി മരണങ്ങള്‍ കൂടുന്നു; മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് പോലീസ് കംപ്ലയിന്റ് അതോറിറ്റി

Posted on: December 30, 2016 12:02 am | Last updated: December 29, 2016 at 11:48 pm

കൊച്ചി: പോലീസ് കസ്റ്റഡി മര്‍ദനങ്ങള്‍ വര്‍ധിച്ചു വരുന്നത് മുഖ്യമന്ത്രിയെ നേരില്‍കണ്ട് ശ്രദ്ധയില്‍പ്പെടുത്തുമെന്ന് പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണകുറുപ്പ്. പോലീസ് കസ്റ്റഡി മര്‍ദനങ്ങള്‍ അത്യധികം ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു. പനങ്ങാട് പോലീസിന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഓട്ടോ ഡ്രൈവര്‍ നെട്ടൂര്‍ കൂളത്തിപറമ്പില്‍ നസീറിനെ സന്ദര്‍ശിച്ച് മൊഴിയെടുത്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മര്‍ദനം മാത്രം പോലീസ് കൈമുതലായി വെച്ചാല്‍ ശരിയാകില്ല. കസ്റ്റഡി മര്‍ദനത്തിന്റെ എണ്ണം അനുദിനം വര്‍ധിച്ചുവരുന്നതിന്റെ ഗൗരവം മുഖ്യമന്ത്രിയെ ധരിപ്പിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. അതിക്രൂരമായ മര്‍ദനത്തിന് യാതൊരു ന്യായീകരണവുമില്ല. അസാധാരണമായ കേസുകളില്‍ അസാധാരണമായ നടപടി തന്നെ വേണ്ടിവരും. നിയമം അങ്ങനെയാണ് പറയുന്നത്. ഇത്തരം ഒന്നു രണ്ടു കേസുകളില്‍ കടുത്ത നടപടി സ്വീകരിക്കാതെ ഇവര്‍ നന്നാകില്ല. അതല്ലാതെ ഇപ്പോഴത്തെ സ്ഥിതിതന്നെ തുടര്‍ന്നാല്‍ ഇത്തരത്തിലുളള മര്‍ദനങ്ങളുടെ എണ്ണവും പെരുകിവരികയേയുളളുവെന്നും അത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് നാരായണകുറുപ്പ് പറഞ്ഞു.
പോലീസ് മര്‍ദനത്തെ തുടര്‍ന്ന് നസീര്‍ നേരത്തെ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ജസ്റ്റിസ് നാരായണകുറുപ്പ് നസീറിനെ ഇന്നലെ സന്ദര്‍ശിച്ച് മൊഴി രേഖപ്പെടുത്തിയത്. തുടര്‍ന്ന് നസീറിന്റെ പരുക്കുകള്‍ സംബന്ധിച്ച് ഡോക്ടര്‍മാരുമായും ജസ്റ്റിസ് നാരായണകുറുപ്പ് സംസാരിച്ചു. മരട് മാര്‍ക്കറ്റിലെ ഫ്രൂട്ട്‌സ് കടയില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് നസീറിനെ സ്റ്റേഷനില്‍ കൊണ്ട് വന്ന് മര്‍ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. .തൊണ്ണൂറായിരം രൂപ നഷ്ടപ്പെട്ടിരുന്നു. കടയിലെ സി സി ടി വി ക്യാമറയില്‍ രണ്ട് മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിരുന്നു. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിലെ ഓട്ടോറിക്ഷ ഡ്രൈവറായ നസീറിനെ നാല് ദിവസം രാവിലെയും വൈകീട്ടുമുള്ള സമയങ്ങളില്‍ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയിരുന്നു. പിന്നീട് കഴിഞ്ഞ വെള്ളിയാഴ്ച മാര്‍ക്കറ്റിലെത്തി പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയായിരുന്നു എന്ന് നസീര്‍ പറഞ്ഞു. കൈകള്‍ പിന്നിലേക്ക് വിലങ്ങ് വെച്ച് ബന്ധിച്ചതായും നെഞ്ചത്ത് ഇടിക്കുകയും വയറില്‍ ചവിട്ടി ജനനേന്ദ്രിയം ഞരിഞ്ഞമര്‍ത്തിയെന്നും കുരുമുളക് സ്‌പ്രേയടിച്ച് കിടത്തിയ ശേഷം ഉള്ളം കാലില്‍ ചൂരല്‍ കൊണ്ടടിച്ചതായും നസീര്‍ പരാതിയില്‍ പറയുന്നു.