ഷാര്‍ജയിലെ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയുടെ കൊല; പ്രതി 12 മണിക്കൂറിനുള്ളില്‍ പിടിയില്‍

Posted on: December 29, 2016 7:42 pm | Last updated: December 29, 2016 at 7:42 pm
SHARE

ഷാര്‍ജ: ഷാര്‍ജയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയായ മലയാളി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പോലീസ് പിടിയിലായി. സംഭവം നടന്ന 12 മണിക്കൂറിനുള്ളില്‍ തന്നെ പ്രതിയെ പിടികൂടാനായതായി അധികൃതര്‍ അറിയിച്ചു.
സംഭവസ്ഥലത്തുനിന്ന് ശേഖരിച്ച വിരലടയാളമുള്‍പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ഷാര്‍ജ പോലീസിലെ കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിനിടെ പ്രതിയെകുറിച്ച് സൂചന ലഭിക്കുകയായിരുന്നു. പ്രതി സ്ഥിരമായി ഉണ്ടാകാനിടയുള്ള സ്ഥലത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച പോലീസിന്റെ വലയില്‍ പ്രതി വൈകാതെ വീഴുകയായിരുന്നു.

പാക്കിസ്ഥാന്‍ സ്വദേശിയാണ് പ്രതി. കൊല്ലപ്പെട്ട അലിയുമായി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രാഥമിക ചോദ്യം ചെയ്യലില്‍നിന്ന് വ്യക്തമായതായും പോലീസ് വെളിപ്പെടുത്തി. നേരത്തെ കൈയില്‍ കരുതിയ കത്തി ഉപയോഗിച്ചാണ് ഇരയെ കുത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. ചൊവ്വാഴ്ചയാണ് ഷാര്‍ജ മൈസലൂണില്‍ പ്രവര്‍ത്തിക്കുന്ന മെജസ്റ്റിക് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ മലപ്പുറം തിരൂര്‍ സ്വദേശി അലി (52) കൊല്ലപ്പെട്ടത്. രാവിലെ എട്ടുമണിയോടെയായിരുന്നു കൊലപാതകം. അതിനിടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി അലിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here