ആര്‍ എസ് എസ് ക്യാമ്പിന് സ്‌കൂള്‍ അനുവദിച്ചവര്‍ക്കെതിരെ നടപടി വേണം: സി പി എം

Posted on: December 29, 2016 6:57 am | Last updated: December 28, 2016 at 11:58 pm

കണ്ണൂര്‍: പ്രാഥമിക ശിക്ഷാ വര്‍ഗ് എന്ന പേരില്‍ ആര്‍ എസ് എസ് സംഘടിപ്പിക്കുന്ന ക്യാമ്പില്‍ നടക്കുന്നത് യഥാര്‍ഥത്തില്‍ ആയുധ പരിശീലനമാണെന്നും നിയമനടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതയാണെന്ന് തെളിഞ്ഞതായി സി പി എം നേതൃത്വം വ്യക്തമാക്കി.

കണ്ണൂര്‍ ജില്ലയിലെ നടുവില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തലശേരി നങ്ങാറത്ത് പീടികയിലെ ടാഗോര്‍ വിദ്യാനികേതന്‍, വളപട്ടണത്തെ നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ് നടന്നുവരുന്നത്. യുവാക്കളെയും കുട്ടികളെയും കൊലയാളികളാക്കി മാറ്റുന്നതിനുള്ള പരിശീലനമാണ് ക്യാമ്പില്‍ നടക്കുന്നതെന്നും സി പി എം ജില്ലാ സിക്രട്ടറി പി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പോലീസ് ആക്റ്റിലെ എഴുപത്തി മൂന്നാം വകുപ്പ് പ്രകാരം ജനങ്ങളില്‍ ഭീതിയുണ്ടാക്കുന്ന കുറ്റകൃത്യമാണിത്. സംസ്ഥാനത്തുടനീളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ആര്‍ എസ് എസ് ന്റെ ഈ പരിശീലന ക്യാമ്പുകള്‍ നടക്കുന്നത്. ഇത്തരം ക്യാമ്പുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനുവദനീയമല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് തന്നെ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. ഇതിന് കടകവിരുദ്ധമായാണ് സ്ഥാപന മാനേജ്‌മെന്റുകള്‍ ആയുധ പരിശീലന ക്യാമ്പിന് അനുമതി നല്‍കിയിട്ടുള്ളത്. എതിരാളികളെ കടന്നാക്രമിക്കാനാണ് പരിശീലകര്‍ക്കുള്ള കൈപ്പുസ്തകത്തില്‍ ആര്‍ എസ് എസ് നിര്‍ദേശിച്ചിട്ടുള്ളത്. അതിനായി കത്തി, വടി എന്നിവ ഉപയോഗിച്ചുള്ള പരിശീലനമാണ് നല്‍കുന്നത്. മാത്രമല്ല മാരകമായ പ്രഹരശേഷിയുള്ള ബോംബുകള്‍ നിര്‍മിക്കാനും പരിശീലനം നല്‍കുകയാണ്.അതിനാല്‍ ഈ വിഷയത്തില്‍ ഗൗരവതരമായ കുറ്റകൃത്യം എന്ന നിലയില്‍ പോലീസ് നടപടി സ്വീകരിക്കണമെന്നും സംഘാടകര്‍ക്കെതിരേ കേസെടുക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. നടുവില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ്. ആയുധ പരിശീലന ക്യാമ്പിന് സ്‌കൂള്‍ അനുവദിച്ച മാനേജ്‌മെന്റിനെതിരേ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കണം. നടുവില്‍ സ്‌കൂളിലെ ക്യാമ്പിന് നേതൃത്വം നല്‍കിയത് ജയില്‍ ഉദ്യോഗസ്ഥനാണെന്നത് അത്യന്തം ഗൗരവമുള്ളതാണ്. ഇത് സംബന്ധിച്ച് അന്വേഷിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.