Connect with us

Articles

വടകര മുഹമ്മദ് ഹാജി തങ്ങളെ ഓര്‍ക്കുമ്പോള്‍

Published

|

Last Updated

വടകര മുഹമ്മദ് ഹാജി തങ്ങള്‍; ഒരു യുഗത്തിന് വഴിവെളിച്ചം നല്‍കിയ പ്രകാശ ഗോപുരമായിരുന്നു അദ്ദേഹം. ചെറുവണ്ണൂര്‍ കണ്ടിയില്‍ തറവാട്ടില്‍ ജനനം. പണ്ഡിതനും ആബിദുമായ തറുവയ് മുസ്‌ലിയാരായിരുന്നു പിതാവ്. മാതാവ് മലയില്‍ ഫാത്വിമ. പഠനത്തിന് തുടക്കം കുറിച്ചത് പിതാവില്‍ നിന്നു തന്നെയായിരുന്നു. കമ്മുണ്ണി മുസ്‌ലിയാര്‍ തലക്കടത്തൂര്‍, ശൈഖ് ആദം ഹസ്‌റത്ത്, അബൂബക്കര്‍ മുസ്‌ലിയാര്‍ വടകര, ബാവ മുസ്‌ലിയാര്‍ വടകര എന്നിവരാണ് പ്രധാന ഉസ്താദുമാര്‍.
പഠനകാലം മുതല്‍ തന്നെ വ്യത്യസ്തത പ്രകടമായിരുന്നു ആ ജീവിതത്തില്‍. ഏകാന്തത ഇഷ്ടപ്പെടുന്ന പ്രകൃതം. കുട്ടിയുടെ അസാധാരണത്വം കമ്മുണ്ണി മുസ്‌ലിയാര്‍ക്ക് ബോധ്യപ്പെട്ടു. ഉപരിപഠനത്തിന് വെല്ലൂര്‍ ബാഖിയാത്തില്‍ ചെന്നപ്പോഴും ഉസ്താദുമാര്‍ ആ മഹത്വം തിരിച്ചറിഞ്ഞു. കമ്മുണ്ണി മുസ്‌ലിയാരുടെ ദര്‍സില്‍ നില്‍ക്കുന്ന കാലത്താണ് ആദ്യമായി ഹജ്ജിനു പുറപ്പെടുന്നത്. മഹത്വത്തിന്റെ പടവുകള്‍ കയറിപ്പോകുന്നതില്‍ ഏറ്റവും നിര്‍ണായകമായ ഒരു യാത്രയായിരുന്നു അത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബാന്തരീക്ഷത്തില്‍, വഴിച്ചെലവിനു പോലും കാര്യമായി ഒന്നും കരുതാതെയാണ് യാത്ര പുറപ്പെട്ടത്.

മുംബൈയില്‍ ചെന്ന് ഒരു ഇറാനിയുമായി സൗഹൃദം സ്ഥാപിച്ചു. ആ സൗഹൃദം ഉപയോഗപ്പെടുത്തി അദ്ദേഹത്തിന്റെ പായക്കപ്പലില്‍ കയറി. കപ്പല്‍ ഏദനിലെത്തിയപ്പോള്‍ അവിടെയിറങ്ങി. തുടര്‍ന്ന് കാല്‍നടയായാണ് യാത്ര. ഒരു പരിചയവുമില്ലാത്ത നാട്ടുവഴികള്‍, തദ്ദേശീയരുടെ ഭാഷയറിയില്ല. കൈയിലുള്ളത് തുച്ഛമായ കാശ്. ഭക്ഷണം, വെള്ളം, ഉറക്കം തുടങ്ങിയ പ്രാഥമിക ആവശ്യങ്ങളുടെ നിര്‍വഹണം ഇതെല്ലാം ഊഹിക്കുന്നതിലും വലിയ കഷ്ടതകള്‍ നിറഞ്ഞതായിരുന്നു.
അവസാനം ഉമ്മുല്‍ഖുറയുടെ തിരുമുറ്റത്ത് എത്തിച്ചേര്‍ന്നു. ഹജ്ജ് പൂര്‍ത്തിയാക്കി ആ വര്‍ഷം നാട്ടിലേക്ക് മടങ്ങിയില്ല. മക്കയിലും മദീനയിലും തിരുനബി യുടെ പാദം പതിഞ്ഞ ഭൂമികളിലൂടെ ഒരഭയാര്‍ഥിയെ പോലെ അദ്ദേഹം അലഞ്ഞു നടന്നു. അടുത്ത ഹജ്ജും കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തി. എന്നാല്‍ മഅ്‌രിഫത്തിന്റെ പുതിയ അനുഭവങ്ങളില്‍ മതിമറന്ന് തനിക്ക് ചുറ്റും നടക്കുന്നതൊന്നും അറിയാത്ത “ജദ്ബ്” എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രത്യേക അവസ്ഥയിലായിരുന്നു അവിടുന്ന്. പലരും കാണാന്‍ വന്ന് പലതും ചോദിച്ചു. അവ്യക്തമായിരുന്നു മറുപടികള്‍.
പിന്നെ നാലു പതിറ്റാണ്ടോളം കാലം പലയിടങ്ങളിലുമായി കഴിഞ്ഞു. അതിനിടക്ക് പിതാവ് മരണപ്പെട്ടു. ആരെയും അറിയിക്കാതെ തന്നെ വീട്ടില്‍ കയറിവന്നു. ഉപ്പക്കുവേണ്ടിയുള്ള പ്രാര്‍ഥനക്കും ജനങ്ങള്‍ക്കുള്ള ഭക്ഷണ വിതരണത്തിനുമെല്ലാം നേതൃത്വം നല്‍കി. ദീര്‍ഘകാലം കഴിഞ്ഞ് മഹാനവര്‍കള്‍ വടകരയിലും പരിസരങ്ങളിലും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ചെറുവണ്ണൂര്‍ സ്വദേശിയാണെങ്കിലും വടകര മുഹമ്മദാജി തങ്ങള്‍ എന്ന പേര് വന്നത് ഇക്കാലത്താണ്. ചില അത്ഭുതങ്ങള്‍ അവരില്‍ നിന്നും പ്രകടമായി തുടങ്ങി. അതോടെ ജനങ്ങള്‍ ആദരിക്കാന്‍ തുടങ്ങി. “തങ്ങള്‍” എന്നത് അഹ്‌ലുബൈത്തിനെ വിശേഷിപ്പിക്കാനാണ് കേരളീയര്‍ സാധാരണയായി ഉപയോഗിക്കാറുള്ളത്. എന്നാല്‍ ആത്യന്തികമായി അത് ആദരവിന്റെ പ്രയോഗമായിരുന്നു. അങ്ങനെയാണ് “തങ്ങള്‍” എന്ന ആ പേര് മഹാനവര്‍കള്‍ക്ക് വന്നുചേരുന്നത്.

ദീര്‍ഘകാലത്തെ യാത്രക്കൊടുവില്‍ ചെറുവണ്ണൂരിലെ വീട്ടില്‍ തിരിച്ചെത്തി. സാധാരണക്കാരെപ്പോലെയുള്ള ദിനചര്യകളിലേക്ക് ജീവിതം ക്രമപ്പെട്ടു. നൂറുകൂട്ടം പ്രയാസങ്ങളുമായി പലരും ആ സന്നിധിയില്‍ വന്നു തുടങ്ങി. പല പ്രശ്‌നങ്ങള്‍ക്കും ആ സന്നിധിയില്‍ ഉത്തരങ്ങളുണ്ടായി. പ്രവാചക പ്രേമത്തില്‍ അലിഞ്ഞു ചേര്‍ന്ന ചലന നിശ്ചലനങ്ങളായിരുന്നു തങ്ങളുടേത്. അതുകൊണ്ടാണ് നബി (സ)ക്ക് അല്ലാഹു സമ്മാനിച്ച മഹത്വമായ മിഅ്‌റാജ് ഒരു ആഘോഷമാക്കി അദ്ദേഹം മാറ്റിയത്. പ്രസിദ്ധമായ ശാദുലി റാത്തീബിന് കേരളത്തില്‍ പ്രചാരം നല്‍കിയത് വടകര മുഹമ്മദാജി തങ്ങളായിരുന്നു. ജീവിതാവസാനം വരെയും ആരാധനകളില്‍ കണിശത പുലര്‍ത്തിയ തങ്ങള്‍ വ്യാജ ശൈഖന്‍മാര്‍ക്ക് ജീവിതം കൊണ്ട് മറുപടി നല്‍കി. ശരീഅത്തിന്റെ നിയമങ്ങള്‍ തെറ്റിച്ചുകൊണ്ടുള്ള ഒരു നീക്കവും ആ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല.
ദീനി ചൈതന്യം നിലനിര്‍ത്താന്‍ അഹോരാത്രം അധ്വാനിക്കുന്ന സംഘടനാ നേതാക്കളോടും പ്രവര്‍ത്തകരോടും വലിയ ആത്മബന്ധമായിരുന്നു തങ്ങള്‍ക്ക്. പ്രാര്‍ഥനയിലൂടെയും പ്രേരണയിലൂടെയും തങ്ങള്‍ അവര്‍ക്ക് ധൈര്യം നല്‍കി. അവസാന കാലഘട്ടങ്ങളില്‍ സുന്നത്ത് ജമാഅത്തിന്റെ നിരവധി വേദികളില്‍ നേതാക്കള്‍ക്കൊപ്പം അദ്ദേഹം പങ്കെടുത്തു. ഒരു നൂറ്റാണ്ടിലധികം നീണ്ട ജീവിതം കൊണ്ട് മഹത്തരമായ മാതൃകകള്‍ ബാക്കിവെച്ച് മഹാന്‍ 1998 ജൂലൈ 31നാണ് യാത്രയായത്. 1419 റബിഉല്‍ അവ്വല്‍ 29 ആയിരുന്നു അന്ന്. ചെറുവണ്ണൂരിലെ വീടിനടുത്തുള്ള മലയില്‍ മഖാമിലാണ് അവരുടെ അന്ത്യവിശ്രമം.

 

---- facebook comment plugin here -----

Latest