ഒരേ ഓര്‍ഡിനന്‍സ് അഞ്ച്തവണ;രാഷ്ട്രപതിക്ക് അതൃപതി

Posted on: December 24, 2016 10:53 pm | Last updated: December 24, 2016 at 10:53 pm

ന്യൂഡല്‍ഹി: ഒരേ ഓര്‍ഡിനന്‍സ് അഞ്ചാം തവണയും അംഗീകാരത്തിനയച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ രാഷ്ട്രപതിക്ക് അതൃപ്തി. ശത്രു സ്വത്ത് ആക്ട് ഭേദഗതി ചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സിലാണ് അഞ്ചാം തവണയും രാഷ്ട്രപതി ഒപ്പുവെച്ചത്. എന്നാല്‍ ഓര്‍ഡിനന്‍സിനെ ഈ സമയത്തിനുള്ളില്‍ നിയമമാക്കാന്‍ സാധിക്കാത്തതില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അതൃപ്തി പ്രകടിപ്പിച്ചതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. 48 വര്‍ഷം പഴക്കമുള്ള ശത്രു സ്വത്ത് നിയമ ഭേദഗതിയില്‍ രാഷ്ട്രപതി ശക്തമായ അതൃപ്തി അറിയിച്ചിതായി രാഷ്ട്രപതി ഓഫീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. രാഷ്ട്ര താത്പര്യം കണക്കിലെടുത്താണ് ശത്രു സ്വത്ത് ആക്ട് ഭേദഗതി ചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചതെന്ന് രാഷ്ട്രപതി പ്രതികരിച്ചതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

കഴിഞ്ഞ ആഗസ്റ്റിലാണ് നാലാം തവണ ശത്രു സ്വത്ത് ആക്ട് ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ പരിഗണനക്കായി വന്നത്. രാജ്യചരിത്രത്തില്‍ ആദ്യമായി കേന്ദ്രമന്ത്രിസഭയുടെ അംഗീകാരമില്ലാതെയാണ് അന്ന് രാഷ്ട്രപതിയുടെ പരിഗണനക്കായി ബില്ല് അയച്ചിരുന്നത്. ഈ നടപടിയില്‍ രാഷ്ട്രപതി അന്നുതന്നെ അതൃപ്തി അറിയിച്ചിരുന്നു. പൊതുതാത്പര്യം മാത്രം പരിഗണിച്ചാണ് ഇതില്‍ ഒപ്പുവെക്കുന്നതെന്നും മന്ത്രിസഭയെ മറികടന്ന് ഇനിയൊരിക്കലും ഇങ്ങിനെ ഓര്‍ഡിനന്‍സ് അയക്കരുതെന്നുമാണ് രാഷ്ട്രപതി മുന്നറിപ്പ് നല്‍കിയത്. രാഷ്ട്രപതിയുടെ ശാസനയെ തുടര്‍ന്ന് അന്ന് മന്ത്രിസഭ ഭേദഗതിക്ക് അംഗീകാരം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം പാര്‍ലിമെന്റില്‍ ഈ ബില്ല് അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലോക്‌സഭ പാസ്സാക്കാന്‍ സാധ്യമായിരുന്നുവെങ്കിലും രാജ്യസഭയില്‍ സര്‍ക്കാര്‍ ന്യൂനപക്ഷമായതിനാല്‍ ഇവിടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിന് തടയിടുകയായിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ചേര്‍ന്ന മന്ത്രി സഭായോഗം ഈ ഓര്‍ഡിന്‍സിന് അംഗീകാരം നല്‍കിയതോടെ കേന്ദ്രം വീണ്ടും രാഷ്ട്രപതിക്ക് അംഗീകാരത്തിനായി അയക്കുകയായിരുന്നു. ഇതോടെയാണ് രാഷ്ട്രപതി അതൃപതി അറിയിച്ചിരിക്കുന്നത്. യുദ്ധാനന്തരം പാകിസ്ഥാനിലേക്കും ചൈനയിലേക്കും കുടിയേറിയവരുടെ സ്വത്തുക്കളുടെ കൈമാറ്റത്തിന് എതിരെയുള്ളതാണ് എനിമി പ്രോപ്പര്‍ട്ടി ആക്ട്.
അതേസമയം, കേന്ദ്രം തുടര്‍ച്ചയായി ഓര്‍ഡിനന്‍സുകള്‍ ഇറക്കുന്നതിലും പുതുക്കുന്നതിലും രാഷ്ട്രപതിക്ക് അതൃപതിയുള്ളതായും വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്. കഴിഞ്ഞ ദിവസം ശമ്പളം ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള നിയമ ഭേദഗതിക്ക് ഉള്‍പ്പെടെ വിവിധ നിയമങ്ങളില്‍ കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കി ഭേദഗതി വരുത്തിയിരുന്നു. എന്നാല്‍ ഇവ വെറും ആറ്മാസക്കാലത്തിനുള്ളില്‍ പാര്‍ലിമെന്റില്‍ പാസ്സാക്കിയെടുക്കാന്‍ കഴിയുന്നില്ല എന്നതാണ് സര്‍ക്കാറിനുള്ള തിരിച്ചടി.