ഓണ്‍ലൈന്‍ പണമിടപാടിന് ആധാര്‍ ആപ്പുമായി കേന്ദ്രസര്‍ക്കാര്‍

Posted on: December 24, 2016 9:57 pm | Last updated: December 25, 2016 at 3:08 pm

ന്യൂഡല്‍ഹി: കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പുതിയ ആധാര്‍ പെയ്‌മെന്റ് ആപ്പ് ഞായറാഴ്ച അവതരിപ്പിക്കും. ഓണ്‍ലൈന്‍ ഇടപാടുകളുടെ നട്ടെല്ലായ ഡെബിറ്റ് കാര്‍ഡുകളേയും ക്രെഡിറ്റ് കാര്‍ഡുകളേയും അപ്രസക്തമാക്കിയാണ് പുതിയ ആപ്പ് എത്തുന്നത്.

ഗ്രാമീണ മേഖലയിലുള്ള വ്യാപാരികളെ ലക്ഷ്യമിട്ടാണ് ഈ ആപ്പ് അവതരിപ്പിക്കുന്നത്. ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ബയോമെട്രിക് മെഷീനുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തിപ്പിക്കേണ്ടത്. 2000 രൂപയാണ് ബയോമെട്രിക് മെഷീന് വില.

കസ്റ്റമറുടെ ആധാര്‍ നമ്പര്‍ ടൈപ്പ് ചെയ്ത ശേഷം ഇടപാട് നടക്കേണ്ട ബാങ്ക് തിരഞ്ഞെടുക്കണം. ബയോമെട്രിക് സ്‌കാനര്‍ വഴി ഇടപാടുകാരന്റെ വിവരങ്ങള്‍ നല്‍കുന്നതോടെ ഇത് പാസ്‌വേഡായി പ്രവര്‍ത്തിച്ച് എക്കൗണ്ടില്‍ നിന്ന് പണം ഈടാക്കാനാവും.