Connect with us

Kerala

ചരിത്ര കോണ്‍ഗ്രസ് രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

Published

|

Last Updated

തിരുവനന്തപുരം: കേരള സര്‍വകലാശാല ആതിഥ്യമരുളുന്ന ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് 28ന് ആരംഭിക്കുമെന്ന് പ്രോവൈസ്ചാന്‍സലര്‍ ഡോ. എന്‍ വീരമണികണ്ഠന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോണ്‍ഗ്രസ്സിന്റെ ഔപചാരിക ഉദ്ഘാടനം 29ന് ഉച്ചക്ക് 12.30ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി നിര്‍വഹിക്കും. ഗവര്‍ണര്‍ പി സദാശിവം മുഖ്യാതിഥിയാകും.

ചരിത്ര കോണ്‍ഗ്രസ് നടപടിക്രമങ്ങളുടെ ഔദ്യോഗിക പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രപതിക്ക് നല്‍കും. മികച്ച ചരിത്രകാരനുള്ള രാജ്വാഡെ പുരസ്‌കാരം രാഷ്ട്രപതി സമ്മാനിക്കും. മന്ത്രിമാരായ സി രവീന്ദ്രനാഥ്, കടകംപള്ളി സുരേന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കും.
ചരിത്രകോണ്‍ഗ്രസ്സിന്റെ ആമുഖ പരിപാടിയായി 27ന് “മതേതരത്വവും ആധുനിക ഇന്ത്യയുടെ നിര്‍മിതിയും” വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. യൂനിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ ഉച്ചക്ക് മൂന്നിന് നടക്കുന്ന സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചരിത്രകാരി പ്രൊഫ. റൊമീല ഥാപ്പര്‍ അധ്യക്ഷയാകും. ടി എം കൃഷ്ണ, എന്‍ റാം, ഡോ. മോഹന്‍ ഗോപാല്‍ സംസാരിക്കും.
ചരിത്രകോണ്‍ഗ്രസ്സിന്റെ ഭാഗമായുള്ള ചരിത്ര പ്രദര്‍ശനം 26ന് ഉച്ചക്ക് 2.30ന് കാര്യവട്ടം ക്യാമ്പസിലെ അക്വാട്ടിക് ബയോളജി ഹാളില്‍ മന്ത്രി ജി സുധാകരന്‍ ഉദ്ഘാനം ചെയ്യും. യൂനിവേഴ്‌സിറ്റി എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികള്‍ വികസിപ്പിച്ച മൊബൈല്‍ ആപ്പ് ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. ജേര്‍ണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥികളുടെ സിഗ്നേച്ചര്‍ ഫിലിം ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. അക്കാദമിക് പ്രസാധകരുട പുസ്തകമേളയും കോണ്‍ഗ്രസ്സിന്റെ ഭാഗമായി ഒരുക്കും. 30ന് വൈകീട്ട് നാലിന് സമാപന സമ്മേളനം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.
ദലിത്, ജര്‍മന്‍, ഡച്ച്, പട്ടണം പാനലുകള്‍ ചരിത്രകോണ്‍ഗ്രസിന്റെ സവിശേഷതയാണ്. രാജ്യത്തിന്റെ വിവിധ ഭാങ്ങളില്‍നിന്നും മൂവായിരത്തിലധികം ചരിത്രകാരന്മാരും ഗവേഷകരും പങ്കെടുക്കും. വിദേശത്തെയും ഇന്ത്യയിലെയും പ്രമുഖ ചരിത്രകാരന്മാര്‍ പാനല്‍ ചര്‍ച്ചകള്‍ നയിക്കും. കാര്യവട്ടം ഗോള്‍ഡന്‍ ജൂബിലി ഓഡിറ്റോറിയമാണ് ചരിത്ര കോണ്‍ഗ്രസിന്റെ മുഖ്യവേദി. വേദികള്‍ പ്ലാസ്റ്റിക് വിമുക്തവും പരിസ്ഥിതി സൗഹൃദമാക്കുവാനും ഗ്രീന്‍പ്രോട്ടോകോള്‍ നടപ്പാക്കും.

ചരിത്ര കോണ്‍ഗ്രസ് ലോക്കല്‍ സെക്രട്ടറി പ്രൊഫ. സുരേഷ് ജ്ഞാനേശ്വരന്‍, സിന്‍ഡിക്കറ്റംഗങ്ങളായ ഡോ. ഷാജി, എ എ റഹീം, ഗോപകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest