Connect with us

Gulf

ഇന്‍ഡോമി നൂഡില്‍സില്‍ പുഴുക്കള്‍; അഭ്യൂഹങ്ങള്‍ ദുബൈ നഗരസഭ നിരസിച്ചു

Published

|

Last Updated

ദുബൈ: ഇന്‍ഡോമി നൂഡില്‍സിനെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ ദുബൈ നഗരസഭ നിരസിച്ചു. ഇന്‍ഡോമി നൂഡില്‍സിന്റെ പ്രചാരത്തിലുള്ള പാസ്തയില്‍ പുഴുക്കള്‍ കണ്ടെത്തിയെന്ന വാര്‍ത്തയാണ് നഗരസഭാധികൃതര്‍ നിരസിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വീഡിയോയില്‍ ഒരു സ്ത്രീ താന്‍ പാകം ചെയ്യാന്‍ വാങ്ങിയ നൂഡില്‍സ് പാക്കില്‍ പുഴുക്കള്‍ കണ്ടെത്തിയെന്ന് വിവരിക്കുന്നുണ്ട്.

ഈ വീഡിയോയുടെ ആധികാരികതയാണ് ദുബൈ നഗരസഭ നിരസിച്ചത്. ഇന്‍ഡോമി നൂഡില്‍സിനെ കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാനമില്ലാത്തതാണ്. ഇത്തരം ആരോപണങ്ങള്‍ക്ക് തെളിവുകള്‍ നിരത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ദുബൈ മുനിസിപ്പാലിറ്റി ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ഇമാന്‍ അല്‍ ബസ്തകി പറഞ്ഞു. വിപണിയിലുള്ള എല്ലാ ഭക്ഷ്യ വസ്തുക്കളുടെയും ഗുണനിലവാരം ഫുഡ് സേഫ്റ്റി വിഭാഗം രാജ്യത്തേക്ക് ഭക്ഷ്യ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ഘട്ടത്തില്‍ തന്നെ ഉറപ്പുവരുത്തുന്നതാണ്.
അതിനാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ തള്ളിക്കളയണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇത്തരമൊരു അഭ്യൂഹം പരന്നതിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. എന്നാല്‍ അവര്‍ അഭ്യൂഹങ്ങളില്‍ പ്രചരിക്കുന്ന രീതിയില്‍ പുഴുക്കളെയോ മറ്റ് ഹാനികരമായതോ മലിനകരമായതോ ആയ വസ്തുക്കള്‍ പരിശോധനയില്‍ കണ്ടെത്തിയില്ല. ഈ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്‍ഡോമി നൂഡില്‍സിന്റെ ഗുണനിലവാരം ഉറപ്പുവരുത്തിക്കൊണ്ട് മുനിസിപ്പാലിറ്റി പ്രതികരിക്കാന്‍ തയ്യാറായത്.
നവ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത്. കേവലം വിനോദത്തിന് വേണ്ടി ഇത്തരം വീഡിയോകള്‍ പ്രചരിപ്പിച്ചാലും ജനങ്ങളില്‍ ആശയ കുഴപ്പമുണ്ടാകുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

പൊതു ജനങ്ങള്‍ക്ക് ഏതെങ്കിലും ഭക്ഷണ ഉത്പന്നങ്ങളുടെ ഗുണനിലവാരത്തെ കുറിച്ച് പരാതികളോ സംശയങ്ങളോ ഉണ്ടെങ്കില്‍ മുനിസിപ്പാലിറ്റിയുടെ ടോള്‍ ഫ്രീ നമ്പറായ 800900 ലേക്ക് വിളിക്കുകയോ +971 50 1077799 എന്ന വാട്‌സ്ആപ് നമ്പറില്‍ ബന്ധപ്പെടുകയോ വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

Latest