Connect with us

Gulf

മലയാള മീഡിയം സ്‌കൂള്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കും

Published

|

Last Updated

ദുബൈ :സ്‌കൂള്‍ സീറ്റ് ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ വടക്കന്‍ എമിറേറ്റില്‍ മലയാള മീഡിയം സ്‌കൂള്‍ ആരംഭിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന പരക്കെ സ്വാഗതം ചെയ്തു. കുറഞ്ഞ ചിലവില്‍ ആദ്ധ്യാപനം നടത്തുന്ന സ്‌കൂള്‍ ഇല്ലാത്തതും, ഉള്ള സ്‌കൂളില്‍ ആവശ്യത്തിന് സീറ്റില്ലാത്തതുമായ പരിമിതിയില്‍ വീര്‍പ്പുമുട്ടി കഴിയുന്ന നിരവധി രക്ഷിതാക്കള്‍ക്കാണ് മുഖ്യമന്ത്രിയുടെ വാക്ക് ആശ്വാസം പകരുന്നത്. മക്കള്‍ക്ക് സ്‌കൂളില്‍ സീറ്റ് ലഭിക്കാത്തത് കൊണ്ട് നിരവധി രക്ഷിതാക്കളാണ്

കുടുംബങ്ങളെ നാട്ടിലേക്ക് അയച്ചിട്ടുള്ളത്. തങ്ങളുടെ മക്കള്‍ മലയാളം നിര്‍ബന്ധമായും പഠിക്കണമെന്ന താല്‍പര്യം മലയാളി കുടുംബങ്ങളില്‍ വര്‍ദ്ധിച്ചു വരികയാണ് ഇതിന് ആവശ്യമായ സൗകര്യം ഇവിടെ ഇല്ല. ഇതാണ് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഇവിടെ പൊതു വിദ്യാലയങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരാന്‍ കാരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കെ ജി ഒന്ന്,സീറ്റിലേക്കാണ് സീറ്റ് ക്ഷാമം രൂക്ഷതഅനുഭവപ്പെടുന്നത്. മലയാള മീഡിയത്തില്‍ ആവശ്യത്തിന് സീറ്റ് ലഭിക്കാത്തത് കൊണ്ട് പലരും സി ബി എസ് സി മീഡിയത്തിലാണ് കുട്ടികളെ ചേര്‍ക്കുന്നത്. എന്നാല്‍ സി ബി എസ് സി സിലബസില്‍ ഉയര്‍ന്ന നിരക്കാണ് സൗകര്യസ്‌കൂളുകള്‍ ഈടാക്കുന്നത്.

ഡല്‍ഹി സിലബസ് പഠിക്കുന്ന കുട്ടികള്‍ക്ക് മലയാളത്തോടുള്ള അടുപ്പം കുറയുന്നത് കൂടാതെ, തുടര്‍ വിദ്യാഭ്യാസത്തിന് നാട്ടില്‍ സീറ്റ് ലഭിക്കാതെ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. സ്‌കൂളുമായി ബന്ധപ്പെട്ട വിഷയം ഷാര്‍ജ ഭരണാധികാരിയുമായി ചര്‍ച്ച ചെയ്തതായും, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് ഭരണാധികാരി അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്‌കൂളിന് പുറമെ അറബ് കേരളാ സാംസ്‌കാരിക ബന്ധം കൂടുതല്‍ ദൃഢമാക്കുവാന്‍ ഷാര്‍ജയില്‍ സാംസ്‌കാരിക നിലയം നിര്‍മ്മിക്കുന്നതിന് ആവശ്യമായ സഹായം നല്‍കാമെന്ന് ഭരണാധികാരി അറിയിച്ചിട്ടുണ്ടെന്നും,സാംസ്‌കാരിക നിലയം നിര്‍മിച്ചാല്‍ മലയാളികള്‍ക്ക് സാംസ്‌കാരിക പരിപാടികള്‍ നടത്തുവാന്‍ ഉപകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രൊഫഷണല്‍ കോളജ് തുടങ്ങേണ്ടതിന്റെ ആവശ്യകത ഇവിടുത്തെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി