ഹരിതകീര്‍ത്തിയില്‍ അലവി

Posted on: December 23, 2016 9:46 am | Last updated: December 23, 2016 at 9:46 am

എടവണ്ണ: ജില്ലയിലെ മികച്ച കര്‍ഷകനുള്ള ഹരിതകീര്‍ത്തി അവാര്‍ഡ് എടവണ്ണ സ്വദേശി അലവിക്ക്. കേരള വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ 2015-16ലെ മികച്ച കര്‍ഷകനുള്ള ഹരിത കീര്‍ത്തി അവാര്‍ഡിനാണ് ഐന്തൂര്‍ സ്വദേശിയായ ഇദ്ദേഹം അര്‍ഹനായത്. കേരളത്തിലെ പതിനാല് ജില്ലകളില്‍ നിന്ന് ഓരോരുത്തരെയാണ് ഈ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
ഇന്ന് രാവിലെ 11ന് വയനാട് ജില്ലയിലെ കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ കൃഷി മന്ത്രി വി എസ് സുനില്‍കുമാറില്‍ നിന്ന് അലവി അവാര്‍ഡ് ഏറ്റുവാങ്ങും. പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ഇതിനോടകം തന്നെ ബ്ലോക്കിലും പഞ്ചായത്തുകളിലുമായി നിരവധി കര്‍ഷക പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കൃഷി മാന്യമായ തൊഴിലായി കണ്ടുവരുന്ന അലവി നേരത്തെ ലോറി ഡ്രൈവറായിരുന്നു. ലോറി ഓടിച്ച് അലവിക്ക് ഒടുവില്‍ ബാക്കിയായത് ഏഴ് ലക്ഷം രൂപ കടം മാത്രമായിരുന്നു.
കടത്തില്‍ മുങ്ങിയ അലവിയോട് അന്ന് തൊട്ടടുത്ത സ്ഥല ഉടമയാണ് സ്വന്തം സ്ഥലം കൃഷി ചെയ്യാനായി അലവിക്ക് പാട്ടത്തിന് നല്‍കിയത്. അന്നു മുതല്‍ തുടങ്ങിയതാണ് അലവിക്ക് കൃഷിയോടുള്ള സ്‌നേഹം. തുടക്കത്തില്‍ ഇതിന് വളമിടുന്ന ചെലവ് മനസിലായപ്പോഴാണ് പശുവിനെ വാങ്ങിയത്. ഒരു പശുവില്‍ തുടങ്ങി അലവിക്ക് ഇന്ന് അഞ്ച് പശുക്കളായി.
പാലില്‍ നിന്നുള്ള വരുമാനം മാത്രമല്ല, കൃഷി ആവശ്യത്തിനുള്ള ജൈവവളവും ഇതില്‍ നിന്നും ലഭിക്കുന്നു. കൂടാതെ വാഴയും പച്ചക്കറികളുമെല്ലാമായി അലവി ഭൂമിയേയും ജീവിതത്തേയും പച്ച പിടിപ്പിച്ചു. നാലായിരത്തോളം വരും. നേന്ത്ര, മൈസൂര്‍, സ്വര്‍ണമുഖി എന്ന വിശേഷപ്പെട്ടയ അടക്കം നാലായിരത്തോളം വാഴകളുണ്ട് തോട്ടത്തില്‍. വെള്ളരി, ചുരക്ക, പയര്‍, ചീര, മുളക്, മത്തന്‍, കുമ്പളം, വെണ്ട, തക്കാളി തുടങ്ങിയ ഒരു വീട്ടിലേക്ക് വേണ്ട എല്ലാ തരം പച്ചക്കറികളും ഈ കര്‍ഷകന്റെ അടുത്തുണ്ട്.
ഇപ്പോള്‍ പത്തിരിയാല്‍, മാടശേരി, ഐന്തൂര്‍ തുടങ്ങിയ ഭാഗങ്ങളിലായി ആറ് ഏക്കറോളം സ്ഥലത്താണ് ഈ കര്‍ഷകന്‍ ജൈവ കൃഷി നടത്തുന്നത്. അലവിയോട് ആരെങ്കിലും കൃഷിയുടെ ലാഭം എന്തെന്ന് ചോദിച്ചാല്‍ അദ്ദേഹം പറയും, കടം വീട്ടി സ്വന്തമായി ഒരു വീടും 20 സെന്റ് സ്ഥലവും വാങ്ങി. പെണ്‍മക്കളായ ബിനീസ, ഫാരിസ എന്നിവരുടെ വിവാഹം നടത്തി. നാല് പശുക്കളെ വാങ്ങി, ഒരു ഓട്ടോറിക്ഷയുടെ ഉടമയുമായി എന്ന്. പുലര്‍ച്ചെ പള്ളിയിലെ ബാങ്കുവിളി കഴിയുമ്പോള്‍ തന്നെ അലവി തന്റേതായ ജോലികളിലേര്‍പ്പെടാന്‍ തുടങ്ങും. കാലി തൊഴുത്ത് വൃത്തിയാക്കല്‍, കറവ, കൃഷിയിടത്തിലെ പണികള്‍ തുടങ്ങിയവയിലേര്‍പ്പെടും. സ്വന്തമായി വാങ്ങിയ ഓട്ടോറിക്ഷ പച്ചക്കറികളും മറ്റു വിളകളും മാര്‍ക്കറ്റിലെത്തിക്കുവാനും, കൃഷിക്കാവശ്യമായ വളവും മറ്റും കൊണ്ടുവരാനായിട്ടാണ് ഉപയോഗിക്കുന്നത്.
ശാസ്ത്രീയ കൃഷിരീതികള്‍ പ്രാവര്‍ത്തികമാക്കാനും ട്രൈനിംഗുകളില്‍ പങ്കെടുക്കാനും തന്റെ കൃഷിയിലെ പരിചയ സമ്പത്ത് മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാനും യാതൊരുമടിയുമില്ലാത്ത കര്‍ഷകനാണ് അലവി. നന്നായി അധ്വാനിക്കാന്‍ തയ്യാറാണെങ്കില്‍ കൃഷി ഒരിക്കലും നഷ്ടമാവില്ലെന്നാണ് അനുഭവ സാക്ഷ്യം. ഭാര്യ നസീറയും, പ്ലസ്ടു വിദ്യാര്‍ഥിയായ മകന്‍ ശിഹാദും അലവിയുടെ കൂടെ കൃഷിയില്‍ സജീവമായുണ്ട്.