ദലൈലാമയുടെ സന്ദര്‍ശനം;  ഇന്ത്യക്ക് ചൈനയുടെ ഭീഷണി

Posted on: December 23, 2016 6:16 am | Last updated: December 22, 2016 at 11:17 pm

ബീജിംഗ്: തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുമായി സൗഹൃദം പുലര്‍ത്തുന്ന ഇന്ത്യയെ ഭീഷണിപ്പെടുത്തി ചൈന. സര്‍ക്കാര്‍ മാധ്യമമായ ഗ്ലോബല്‍ ടൈംസിലാണ് ഇന്ത്യയെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്നത്. ഇന്ത്യ തലതെറിച്ച കൊച്ചുകുട്ടികളെ പോലെ പെരുമാറുകയാണെന്നും അമേരിക്ക പോലും തങ്ങളോട് കൊമ്പ് കോര്‍ക്കുന്നതിന് മുമ്പ് രണ്ടാമതൊന്ന് ആലോചിക്കാറുണ്ടെന്നും ഗ്ലോബല്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വ്യക്തമാക്കി. ഒറ്റചൈന നയത്തിനെതിരെ തിരിഞ്ഞ ട്രംപിനെ ചൈന കൈകാര്യം ചെയ്തത് എങ്ങനെയാണെന്ന് ഇന്ത്യ മനസ്സിലാക്കണം. ഇതില്‍ നിന്ന് പാഠം ഉള്‍ക്കെള്ളാന്‍ ഇന്ത്യ സന്നദ്ധമാകണമെന്ന് ലേഖനം പറയുന്നു.

‘ഒറ്റ ചൈന’ നയത്തിനെതിരെ നിലപാട് സ്വീകരിക്കുന്നതും ചൈനയുമായി വിഘടിച്ച് നില്‍ക്കുന്ന പ്രദേശങ്ങളോട് ബന്ധം പുലര്‍ത്തുന്നതും ചൈനയെ ചൊടിപ്പിക്കാറുണ്ട്. തിബറ്റന്‍ മേഖലയെ ചൈനയില്‍ നിന്ന് വിഘടിപ്പിക്കാന്‍ ശ്രമിക്കുന്ന വിമതനാണ് ചൈനക്ക് ദലൈലാമ. ഇതാണ് ദലൈലാമയോടുള്ള ഇന്ത്യയുടെ സൗഹൃദം ചൈനയെ പ്രകോപിപ്പിക്കുന്നത്. ചൈനയുടെ താക്കീത് വകവെക്കാതെ കഴിഞ്ഞയാഴ്ച ദലൈലാമക്ക് ഇന്ത്യയില്‍ സന്ദര്‍ശിക്കാനും പ്രണബ് മുഖര്‍ജിയുമായി സംസാരിക്കാനും അവസരം ഒരുക്കിയിരുന്നു. ഇത് ചൈനയുടെ കടുത്ത വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. രാജ്യത്തിന്റെ എതിര്‍പ്പ് വകവെക്കാതെ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായ നിലപാട് ശരിയല്ലെന്ന് ചൈനീസ് വക്താക്കള്‍ പ്രതികരിച്ചിരുന്നു.
ചൈനയുടെ നയതന്ത്ര സമ്മര്‍ദം വകവെക്കാതെ തായ്‌വാന്‍ പ്രസിഡന്റുമായി സംസാരിച്ച ഡൊണാള്‍ഡ് ട്രംപിനെ നിലക്ക് നിര്‍ത്തിയെന്നും ഈ വിഷയത്തില്‍ ചൈന ട്രംപിന് കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുത്തിട്ടുണ്ടെന്നുമാണ് ലേഖനം സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍, എങ്ങനെയാണ് ട്രംപിനെ കൈകാര്യം ചെയ്തതെന്ന കാര്യം ലേഖനം വിശദീകരിക്കുന്നില്ല.
‘ഒറ്റ ചൈന’ നയം ലോകത്തെ മുഴുവന്‍ രാജ്യങ്ങളും അംഗീകരിക്കണമെന്നാണ് ചൈനയുടെ വാശി. എന്നാല്‍ ടിബറ്റിന്റെ സ്വതന്ത്ര്യപോരാട്ടത്തെ ഇന്ത്യ പിന്തുണക്കുകയാണ്.