Connect with us

Kerala

കള്ളപ്പണവേട്ട-മിഥ്യയും യാഥാര്‍ത്ഥ്യവും:നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ തോമസ് ഐസകിന്റെ പുസ്തകം

Published

|

Last Updated

തിരുവനന്തപുരം: 500,1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയ വിഷയവുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസകിന്റെ പുസ്തകം വരുന്നു. കള്ളപ്പണവേട്ട-മിഥ്യയും യാഥാര്‍ത്ഥ്യവും എന്നാണ് പുസ്തകത്തിന്റെ പേര്. അമ്പതുചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളുടെ രൂപത്തിലാണ് പുസ്തകം സംവിധാനിച്ചിട്ടുള്ളതെന്ന് തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം….

അങ്ങനെ ഒരാഴ്ചകൊണ്ട് ഡീമോണിറ്റൈസേഷനെക്കുറിച്ച് ഒരു പുസ്തകം തീര്‍ന്നു. പേര്: കള്ളപ്പണവേട്ടമിഥ്യയും യാഥാര്‍ത്ഥ്യവും. അമ്പതു ദിവസം കൊണ്ടെല്ലാം നേരെയായില്ലെങ്കില്‍ രാജ്യത്തിന്റെ ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണന്നല്ലേ മോഡി പറഞ്ഞത്. അതുകൊണ്ട് അമ്പതു ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളുടെ രൂപത്തിലാണ് പുസ്തകം സംവിധാനം ചെയ്തിട്ടുള്ളത്. പരമാവധി ലളിതമായി പ്രതിപാദിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എട്ട് അധ്യായവും ആഗ്രഹം പോലെ എഴുതാന്‍ കഴിഞ്ഞു. എന്നാല്‍ സാമ്പത്തികശാസ്ത്രജ്ഞന്മാരുടെ നിലപാടുകള്‍ സംബന്ധിച്ച ഒമ്പതാം അധ്യായവും ഇനിയെന്തു ചെയ്യാനാവും എന്ന ഉപസംഹാര അധ്യായവും കുറച്ച് ക്ലിഷ്ടമാണെന്ന് ഇപ്പോള്‍ തോന്നുന്നു.
ഒരാഴ്ചയായി ഞാന്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സയിലാണ്. ഡിസ്‌കിന് മുകളിലുള്ള നട്ടെല്ല് കട്ടകള്‍ ഞരമ്പിനെ മുറുക്കുന്നതാണ് പ്രശ്‌നം. നടുവേദന, കാലിലേയ്ക്ക് പടര്‍ന്നു. നടക്കുന്നതിന് ബുദ്ധിമുട്ട്. നീരും വന്നു. ഒരാഴ്ചകൊണ്ട് കാലിലെ നീര് അപ്രത്യക്ഷ്യമായി. തൂക്കം നാല് കിലോ കുറഞ്ഞു. നടുവേദനയും ഗണ്യമായി കുറഞ്ഞു. ഒരാഴ്ചകൂടി ഇവിടുണ്ടാകും. സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ട്. അതുകൊണ്ട് സന്ദര്‍ശനം ഒഴിവാക്കുക.
ഏതാനും ദിവസം കൊണ്ട് അച്ചടി തീരും. 29ന്റെ മനുഷ്യച്ചങ്ങലയുടെ പ്രചാരണത്തിന് ഈ ലഘുഗ്രന്ഥം ഉപയോഗപ്രദമാകും. ഔപചാരികമായ പുസ്തകപ്രകാശനം തുഞ്ചന്‍ പറമ്പില്‍വെച്ച് 27ന് വൈകുന്നേരം നടക്കും. എം.ടി.യെക്കൊണ്ട് പ്രകാശനം ചെയ്യിക്കണമെന്നാണ് മോഹം. അവിടേയ്‌ക്കെല്ലാവര്‍ക്കും സ്വാഗതം.