നോട്ട് നിരോധനം: ആര്‍ബിഐ ഗവര്‍ണര്‍ അടുത്ത മാസം പാര്‍ലമെന്റ് സമിതിയില്‍ വിശദീകരണം നല്‍കും

Posted on: December 22, 2016 9:33 pm | Last updated: December 23, 2016 at 10:57 am
SHARE
ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍

ന്യൂഡല്‍ഹി: 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ വിഷയത്തില്‍ റിസര്‍വ് ബാങ്ക്(ആര്‍ബിഐ) ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ ജനുവരി 18നു പാര്‍ലമെന്റ് ഫിനാന്‍സ് കമ്മിറ്റിക്കു മുന്നില്‍ വിശദീകരണം നല്‍കും. നോട്ട് നിരോധനത്തെ തുടര്‍ന്ന് സാമ്പത്തിക മേഖലയില്‍ വന്ന മാറ്റങ്ങളെ സംബന്ധിച്ചാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറില്‍നിന്ന് പാര്‍ലമെന്ററി സമിതി വിശദീകരണം കേള്‍ക്കുന്നത്. നോട്ട് നിരോധിച്ചതിനെ തുടര്‍ന്ന് ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി റിസര്‍വ് ബാങ്ക് സ്വീകരിച്ച നടപടികളെക്കുറിച്ചും സമിതി ഉര്‍ജിത് പട്ടേലിനോട് വിശദീകരണം തേടും.

നേരത്തെ കോണ്‍ഗ്രസ് നേതാവ് എം.വീരപ്പ മൊയ്‌ലി അധ്യക്ഷനായ സമിതിയുടെ യോഗത്തില്‍ വിവിധ സാമ്പത്തിക വിദഗ്ധരില്‍നിന്ന് നോട്ട് നിരോധനം സംബന്ധിച്ച വിഷയത്തില്‍ അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്നു. പ്രമുഖ സാമ്പത്തിക വിദഗ്ധനായ രാജീവ് കുമാര്‍, മഹേഷ് വ്യാസ്, പ്രണോബ് സെന്‍, കവിത റാവു തുടങ്ങിയവര്‍ സമിതിക്കു മുന്‍പാകെ വ്യത്യസ്ത അഭിപ്രായങ്ങള്‍ പങ്കുവെച്ചു.

ബുധനാഴ്ച ഉര്‍ജിത് പട്ടേല്‍ സമിതിക്കു മുന്നില്‍ എത്തുമെന്നായിരുന്നു മുന്‍പ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍, കേന്ദ്ര ധനമന്ത്രാലയത്തില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചശേഷം ആര്‍ബിഐ ഗവര്‍ണറെ വിളച്ചുവരുത്തിയാല്‍ മതിയെന്നാണ് സമിതിയുടെ തീരുമാനം.

 

LEAVE A REPLY

Please enter your comment!
Please enter your name here