Connect with us

Gulf

മുഖ്യമന്ത്രിയുടെ സമക്ഷത്തിലേക്ക്‌

Published

|

Last Updated

ദുബൈ ഹോള്‍ഡിംഗ് മേധാവികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച
നടത്തുന്നു. എം എ യൂസുഫലി സമീപം

മുഖ്യമന്ത്രി പിണറായി വിജയന്‍ യു എ ഇ സന്ദര്‍ശിക്കുന്നത് ഇവിടെയുള്ള മലയാളികളില്‍ ആവേശം പടര്‍ത്തിയിട്ടുണ്ട്. യു എ ഇ-കേരള ബന്ധത്തില്‍ വലിയ കുതിപ്പിന് സന്ദര്‍ശനം വഴിവെക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിന്റെ പശ്ചാതല സൗകര്യ വികസനത്തിന് വലിയ പങ്കുവഹിക്കാന്‍ കഴിയുന്ന രാജ്യമാണെന്നിരിക്കെ, യു എ ഇയിലെ വാണിജ്യ സമൂഹം പ്രതീക്ഷ പുലര്‍ത്തുന്ന ഭരണകൂടമാണ് കേരളത്തിലേത് എന്നിരിക്കെ സന്ദര്‍ശനം സാര്‍ഥകമാകുമെന്നാണ് കരുതേണ്ടത്. ഇന്നലെ ദുബൈ ഹോള്‍ഡിംഗ് വൈസ് ചെയര്‍മാനും എം ഡിയുമായ അഹ്മദ് ബിന്‍ ബയാത്തുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയുടെ ഫലം ഒരു രജതരേഖയാണ്. കേരളത്തില്‍ സ്മാര്‍ട്‌സിറ്റിക്ക് പുറമെ കൂടുതല്‍ നിക്ഷേപം നടത്താമെന്ന് അഹ്മദ് ബിന്‍ ബയാത്ത് സൂചന നല്‍കിയിരിക്കുന്നു.
കേരളവും അറബിനാടുകളും തമ്മിലെ ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ചരിത്രാതീകാലമുള്ളതാണ്. അറബിക്കടലിന്റെ രണ്ട് ഭാഗത്ത് നില്‍ക്കുന്ന ഭൂപ്രദേശങ്ങള്‍ വാണിജ്യപരമായും സാംസ്‌കാരികമായും നിരന്തര കൊള്ളക്കൊടുക്കലുകള്‍ നടന്നു. പണ്ടുകാലത്ത് അരി, പലവ്യഞ്ജനങ്ങള്‍, കയറുത്പന്നങ്ങള്‍ എന്നിവക്ക് വേണ്ടി അറബി സമൂഹം പായ്കപ്പലുകളില്‍ കേരളത്തിലേക്ക് കൂട്ടമായി യാത്രചെയ്തു. പെട്രോ ഡോളറിന്റെ കാലമായപ്പോള്‍, അഭ്യസ്ത വിദ്യരായ മലയാളികള്‍ വന്‍തോതില്‍ ഗള്‍ഫ്തീരത്തെത്തി. പിന്നീട് മറ്റു ദേശക്കാരും വന്‍തോതില്‍ എത്തിയിട്ടും ഇന്നും, അറബി സമൂഹം ഏറ്റവും വിശ്വസിക്കുന്നത് മലയാളികളെ.
മാറിയ ആഗോള രാഷ്ട്രീയ സാഹചര്യത്തില്‍ ഗള്‍ഫ് നിക്ഷേപത്തിന് അനുയോജ്യമായ രാജ്യമാണ് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദി യു എ ഇയിലെത്തിയപ്പോള്‍ ഭരണാധികാരികള്‍ അത് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്.

കേരളത്തിലാകുമ്പോള്‍, കുറേ കാലത്തെ പാരമ്പര്യം ഇതിന് സഹായകമായി വര്‍ത്തിക്കും. മാത്രമല്ല, ദുബൈ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തിലുള്ള സ്മാര്‍ട്‌സിറ്റി കൊച്ചിയില്‍ സ്ഥാപിക്കപ്പെട്ടു. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ നിര്‍മിച്ചത് ദുബൈ പോര്‍ട് വേള്‍ഡാണ്. ഇനി, മറ്റു മേഖലകളില്‍കൂടി ബന്ധം വികസിപ്പിക്കണം. പരിസ്ഥിതി സൗഹൃദ പദ്ധതികളില്‍ കുറേയേറെ മുന്നോട്ടുപോകാന്‍ യു എ ഇക്ക് കഴിഞ്ഞിട്ടുണ്ട്. സൗരോര്‍ജ പദ്ധതികള്‍ വ്യാപകമാവുകയാണ്. ഈ വൈദഗ്ധ്യവും മൂലധനവും കേരളത്തിന് ഉപയോഗപ്പെടുത്താനാവുന്നതാണ്.
കേരളത്തില്‍ മതനിരപേക്ഷ സമൂഹം ശക്തമാണെന്നതും ഇതിനോട് ചേര്‍ത്തുവെക്കണം. വര്‍ണമോ വര്‍ഗമോ നോക്കാതെ, നല്ലതെന്തിനേയും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന സമൂഹമാണത്. അതുകൊണ്ടുതന്നെ ധൈര്യപൂര്‍വം നിര്‍ദേശങ്ങള്‍ പങ്കുവെക്കാം.
ഗള്‍ഫിലെ മലയാളീ സമൂഹം കേരള ഭരണകൂടത്തില്‍നിന്ന് എന്തൊക്കെ പ്രതീക്ഷിക്കുന്നുവെന്ന് ഉണര്‍ത്താനുള്ള അവസരംകൂടിയാണിത്. മലയാളികള്‍ ജീവിതോപാധി തേടി കൂട്ടമായി ഗള്‍ഫിലെത്താന്‍ തുടങ്ങിയിട്ട് 60 വര്‍ഷത്തോളമായി. രണ്ട് തലമുറ തിരിച്ച് നാടണഞ്ഞിരിക്കുന്നു. മൂന്നാംതലമുറ തിരിച്ചുപോകാനൊരുങ്ങുന്നു. നേരത്തെ മടങ്ങിയവരില്‍ പലരും നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. നാട്ടിലെ പുതിയ സാഹചര്യങ്ങളുമായി ഇണങ്ങിപ്പോകാന്‍ കഴിയുന്നില്ല. ചെറുകിട സംരംഭങ്ങള്‍ വിജയിക്കുന്നില്ല. പത്തോ ഇരുപതോ വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്തവര്‍, തുച്ഛമായ സമ്പാദ്യവുമായി നാട്ടിലെത്തിയാല്‍ പകച്ചുപോവുകയാണ്. അവരുടെ സമ്പാദ്യം പ്രത്യുല്‍പാദനപരമായ വഴികളിലേക്ക് തിരിച്ചുവിടാന്‍ ഭരണകൂടത്തിന്റെ ബോധവത്കരണവും പിന്തുണയും വേണം. ഓരോ ജില്ലയിലും പ്രവാസി സഹകരണ സംഘങ്ങള്‍ തുടങ്ങണമെന്ന ആശയം അതിലൊന്നാണ്.
(തുടരും)

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്