താപനില മൈനസിലേക്ക്; കശ്മീരില്‍ ‘ചില്ലൈ- കലാന്‍’ തുടങ്ങി

Posted on: December 22, 2016 5:24 am | Last updated: December 22, 2016 at 12:26 am
SHARE

ശ്രീനഗര്‍: ജമ്മുകശ്മീരിനെ കൊടും തണുപ്പിലേക്ക് നയിക്കുന്ന ശീതക്കാറ്റുമായി ചില്ലൈ-കലാന് തുടക്കമായി. സംസ്ഥാനത്ത് മൂന്ന് മാസം നീളുന്ന ശൈത്യകാലത്തിന്റെ മൂന്ന് ഭാഗങ്ങളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയതാണ് ചില്ലൈ- കലാന്‍.
4
0 ദിവസം നീണ്ടുനില്‍ക്കുന്ന ഇക്കാലയളവില്‍ താഴ്‌വരയില്‍ മൈനസ് ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തുന്നത്. പ്രസിദ്ധമായ ഡാല്‍ തടാകം ഉള്‍പ്പെടെ പല ജലാശയങ്ങളും ഇനി തണുത്തുറഞ്ഞ് മഞ്ഞുകട്ടയായി മാറും. പൈപ്പ് വഴിയുള്ള ജലവിതരണം പോലും ഇവിടെ തടസ്സപ്പെടും.
ഇത്തവണ ചില്ലൈ കലാന്റെ ആദ്യ ദിനത്തില്‍ തന്നെ മൈനസ് 6.5 ഡിഗ്രിയാണ് ശ്രീനഗറില്‍ രാത്രിതണുപ്പ് അനുഭവപ്പെട്ടത്. പഹല്‍ഗാമും ഗുല്‍മാര്‍ഗും ഒഴികെയുള്ള ലഡാക്ക് മേഖലയിലും കശ്മീര്‍ താഴ്‌വരിയിലും സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. 2010 ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ മൈനസ് 6.6 ഡിഗ്രിസെല്‍ഷ്യസിന് ശേഷം ഇതാദ്യമാണ് ശ്രീനഗറില്‍ താപനില ഇത്രയും താഴുന്നത്. 1934 ഡിസംബര്‍ 13ന് അനുഭവപ്പെട്ട മൈനസ് 12.8 ആണ് ശ്രീനഗറിലെ എക്കാലത്തെയും താഴ്ന്ന താപനില.
അതേസമയം, ലഡാക്ക് മേഖലയില്‍ ലേയില്‍ ഇന്നലെ മൈനസ് 14.9 ആണ് താപനില രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കടുത്ത തണുപ്പ് അനുഭവപ്പെടുന്ന മേഖലയാണിത്. കാര്‍ഗിലില്‍ മൈനസ് 11.4, കുപ്‌വാരയില്‍ മൈനസ് 5.5, പഹല്‍ഗാമില്‍ മൈനസ് 6.2, ഗുല്‍മാര്‍ഗില്‍ മൈനസ് 2.2 എന്നിങ്ങനെയാണ് ഇന്നലത്തെ താപനില. ജനുവരി 31 വരെ നീളുന്ന ചില്ലൈ- കലാന് പിന്നാലെ ചില്ലൈ- ഖുര്‍ദ് (20 ദിവസം), ചില്ലൈ- ബച്ചാ (10) എന്നിവയാണ് കശ്മീരിനെ കാത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here