Connect with us

Kerala

മലമ്പുഴയില്‍ അമൂര്‍ ഫാല്‍ക്കണുകള്‍

Published

|

Last Updated

തേഞ്ഞിപ്പലം: അമൂര്‍ ഫാല്‍ക്കണുകളെ കേരളത്തില്‍ ആദ്യമായി പാലക്കാട്ടെ മലമ്പുഴയില്‍ കണ്ടെത്തി. ഫാല്‍ക്കണ്‍ ഗവേഷകനും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ജന്തു ശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. സുബൈര്‍ മേടമ്മലും സംഘവുമാണ് അമൂര്‍ ഫാല്‍ക്കണുകളെ കണ്ടെത്തിയത്.

ചരിത്രത്തിലാദ്യമായാണ് അമൂര്‍ ഫാല്‍ക്കണുകളെ കേരളത്തില്‍ കാണുന്നതെന്ന് ഡോ. സുബൈര്‍ പറഞ്ഞു. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റമാണ് ഇതിനു കാരണം. മലമ്പുഴ ഉദ്യാനത്തില്‍ നിന്ന് അഞ്ച് കിലോമീറ്ററോളം അകലെ അകത്തേത്തറ പഞ്ചായത്തില്‍ കാവാ എന്ന സ്ഥലത്താണ് അമൂര്‍ ഫാല്‍ക്കണുകളെ കഴിഞ്ഞ ദിവസം കണ്ടത്തിയത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ദൂരം ദേശാടനം നടത്തുന്ന പക്ഷികളില്‍ പ്രമുഖരാണ് അമൂര്‍ ഫാല്‍ക്കണുകള്‍. വടക്കു കിഴക്കന്‍ സൈബീരിയ, മംഗോളിയ, വടക്കന്‍ ചൈന ഭാഗങ്ങളില്‍ നിന്ന് പുറപ്പെട്ട് 22,000 കിലോമീറ്റിര്‍ താണ്ടി തെക്കെ ആഫ്രിക്കയിലേക്കുള്ള യാത്രക്കിടെയാണ് ഇവ മലമ്പുഴയിലെത്തിയത്.

സാധാരണ ഈ സഞ്ചാരത്തിനിടെ ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ മൂന്നാഴ്ചക്കാലം ഇവ നാഗാലന്റിലെ വോഖ ജില്ലയിലെ പാങ്തി വില്ലേജില്‍ ചേക്കേറുന്ന അമൂര്‍ ഫാല്‍ക്കണുകള്‍ ഇത്തവണ പതിവില്‍ നിന്ന് മാറി മലമ്പുഴ അണക്കെട്ട് ഇടത്താവളമാക്കുകയായിരുന്നുവെന്ന് കരുതുന്നു.
അമൂര്‍ ഫാല്‍ക്കണുകളുടെ ദേശാടനത്തിന്റെ യഥാര്‍ഥ ചിത്രം ലഭിക്കാന്‍ 2013 ല്‍ മൂന്നു പക്ഷികളുടെ കാലില്‍ ഉപഗ്രഹസംവിധാനമുപയോഗിച്ച് സ്ഥാനം നിര്‍ണ്ണയിക്കാവുന്ന ഇലക്‌ട്രോണിക് മോതിരം ഗവേഷകര്‍ ഘടിപ്പിച്ചിരുന്നു. ഇതുപ്രകാരം ലഭിച്ച വിവരം പ്രകാരം ഇവ നാഗാലാന്റില്‍ നിന്ന് ആസാമിലേക്കും അവിടെ നിന്ന് ബംഗ്ലാദേശിലേക്കും പിന്നെ ബംഗാള്‍ ഉള്‍ക്കടലിലൂടെ സഞ്ചരിച്ച് തെക്കെ ഇന്ത്യ പിന്നിട്ട് അറബിക്കടല്‍ താണ്ടി തെക്കേ ആഫ്രിക്കയില്‍ എത്തുന്നതായി സ്ഥിരീകരിച്ചിരുന്നു.
2014ല്‍ ലക്ഷക്കണക്കിന് ഫാല്‍ക്കണുകളെക്കുറിച്ച് സര്‍വെ നടത്താന്‍ നാഗാലാന്റ് വനം പരിസ്ഥിതി മന്ത്രി ഡോ. നിക്കി കിരെയുടെ ക്ഷണപ്രകാരം ഡോ. സുബൈര്‍ മേടമ്മല്‍ പോയിരുന്നു. ആ പക്ഷികള്‍ക്ക് ഇരുണ്ട ചാരനിറവും തവിട്ടുനിറവുമാണ്. കണ്ണുകള്‍ ചുവപ്പ് കലര്‍ന്ന ഓറഞ്ച് നിറവുമാണ്. പെണ്‍ പക്ഷികള്‍ക്ക് കുറച്ചുകൂടി ഇളം നിറമാണ്, ഓറഞ്ച് കണ്ണുകളും. ലക്ഷക്കണക്കിന് വരുന്ന ഈ ഫാല്‍ക്കണുകള്‍ ദേശാടനത്തിനിടെ ചെറു സംഘങ്ങളായി തിരിയും. ഇതില്‍ ഒരു സംഘമാണ് മലമ്പുഴയിലിറങ്ങിയത്. പക്ഷി നിരീക്ഷകരായ പി അനില്‍കുമാറും കെ ശിവദാസനുമാണ് അമൂര്‍ ഫാല്‍ക്കണുകളുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.

Latest