Connect with us

Gulf

ഹൃദ്രോഗ ബാധിതയായ ഗര്‍ഭിണിയെയും കുഞ്ഞിനെയും ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു

Published

|

Last Updated

ദുബൈ: ഹൃദ്രോഗം മൂലം ബുദ്ധിമുട്ടുന്ന ഗര്‍ഭിണിയായ യുവതിയെയും കുഞ്ഞിനേയും ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു. ദുബൈ ഹോസ്പിറ്റലിലാണ് വിഷമമേറിയ ശസ്ത്രക്രിയ നടന്നത്. ഹൃദയ വാള്‍വിനുണ്ടായ തകരാറിനൊപ്പം യുവതി പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഇറാഖി സ്വദേശിയും 33കാരിയുമായ യുവതിക്ക് ശ്വാസ തടസം അനുഭവപ്പെട്ടിരുന്നു. ആശുപത്രിയില്‍ എത്തിച്ചയുടനെ യുവതിയെ എക്കോ കാര്‍ഡിയോഗ്രാഫിന് വിധേയയാക്കി.
വളരെ വര്‍ഷങ്ങള്‍ മുമ്പേ യുവതി ഹൃദ്രോഗിയാണെന്നും യുവതിയുടെ രണ്ട് ഹൃദയ വാള്‍വുകള്‍ കൃത്രിമമായി ഘടിപ്പിച്ചതാണെന്നും പരിശോധനയില്‍ കണ്ടെത്തി. എന്നാല്‍ ഇതിലെ ഒരു വാള്‍വ് പ്രവര്‍ത്തന രഹിതമായിരുന്നു. യുവതിയുടെ നില ഗുരുതരമാണെന്ന് മനസിലാക്കിയ വിദഗ്ധ സംഘം കൂടുതല്‍ ഗൈനക്കോളജി, കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിസ് സര്‍ജന്‍ എന്നിവരടങ്ങുന്ന വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ യുവതിയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും ജീവന്‍ രക്ഷിക്കുന്നതിന് നിയോഗിക്കുകയായിരുന്നുവെന്ന് ദുബൈ ഹോസ്പിറ്റല്‍ കാര്‍ഡിയോതൊറാസിക് സര്‍ജറി വിഭാഗം മേധാവി ഡോ. ഉബൈദ് ജാസിം വ്യക്തമാക്കി.
അടിയന്തിരമായി സി സെക്ഷന്‍ ശസ്ത്രക്രിയക്ക് വിധേയമാക്കി കുട്ടിയുടെ ജീവന്‍ രക്ഷിക്കാനും തുടര്‍ന്ന് യുവതിക്ക് വിശ്രമം നല്‍കി 48 മണിക്കൂറിനു ശേഷം തകരാറിലായ വാല്‍വിന്റെ പ്രശ്‌നം പരിഹരിക്കുന്നതിന് ഹൃദയശസ്ത്രക്രിയ നടത്താനും തീരുമാനിക്കുകയായിരുന്നു. ദുബൈ ഹോസ്പിറ്റല്‍ ഗൈനോക്കോളജി വിഭാഗം മേധാവി ഡോ നവാല്‍ മഹ്മൂദ് ഹുബൈഷി പറഞ്ഞു.
ഏതു അടിയന്തിര ഘട്ടവും നേരിടുന്നതിനും കുട്ടിയെ പുറത്തെടുക്കാന്‍ ശാസ്ത്രക്രിയ നടത്തുന്നതിനിടയില്‍ യുവതിയുടെ നില മോശമാകുകയാണെങ്കില്‍ അടിയന്തിരമായി യുവതിയുടെ ഹൃദയ ശസ്ത്രക്രിയ നടത്തുന്നതിനും കാര്‍ഡിയോ സര്‍ജന്‍മാര്‍ അടങ്ങുന്ന വിദഗ്ധ സംഘത്തെ നിയോഗിച്ചിരുന്നെന്ന് ഡോ. ഉമൈമ അബ്ദുല്‍ കരീം പറഞ്ഞു.

ഹൃദയശസ്ത്രക്രിയക്കു തയ്യാറെടുക്കുന്നതിന് രോഗിയെ കൃത്രിമ ലംഗ്‌സ് മെഷീനുമായി ഘടിപ്പിക്കേണ്ടതുണ്ട്. കൂടാതെ രക്തപ്രവാഹം നിയന്ത്രണാധീതമായാല്‍ രക്തത്തെ കട്ടപിടിപ്പിക്കുന്നതിനുള്ള സാമഗ്രികളും ഒപ്പം കരുതേണ്ടതുണ്ട്.
എന്നാല്‍ വിദഗ്ധമായ സി സെക്ഷന്‍ ശസ്ത്രക്രിയക്കു ശേഷം കുട്ടിയേയും മാതാവിനെയും തീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. തുടന്ന് 48 മണിക്കൂര്‍ വിശ്രമത്തിനായി ഐ സി യുവിലായിരുന്ന യുവതിയെ നിരീക്ഷിച്ചുകൊണ്ടിരുന്ന ഡോക്ടര്‍മാര്‍ 24 മണിക്കൂറിനു ശേഷം യുവതിയുടെ നില മോശമാകുമെന്ന് കണ്ടതിനാല്‍ അടിയന്തിരമായി ഹൃദയ ശസ്ത്രകൃയയിലൂടെ തകരാര്‍ സംഭവിച്ച വാള്‍വിന്റെ പ്രശനം പരിഹരിച്ചു യുവതിയെ രക്ഷിച്ചെടുത്തു. ഇന്‍ഫെക്ഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് യുവതിയുടെ തകരാറിലായ കൃത്രിമ വാള്‍വ് കൂടുതല്‍ വിദഗ്ധ പരിശോധനകള്‍ക്കായി ലബോറട്ടറിയിലേക്കയച്ചു, ദുബൈ ഹോസ്പിറ്റലിലെ സീനിയര്‍ കാര്‍ഡിയോതൊറാസിക് സര്‍ജറി സ്‌പെഷ്യലിസ്റ്റ് ഡോ. താരിഖ് അബ്ദുല്‍ അസീസ് പറഞ്ഞു.
ഒരു മാസത്തെ തീവ്ര പരിചരണങ്ങള്‍ക്കു ശേഷം യുവതിക്കും കുട്ടിക്കും പൂര്‍ണ ആരോഗ്യം തിരിച്ചുകിട്ടി. കഴിഞ്ഞ ആഴ്ച ആശുപത്രി വിടുകയായിരുന്നു എന്ന് ഡോ. താരിഖ് ചൂണ്ടിക്കാട്ടി. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ മാതാവിന് മരണം സംഭവിക്കാനുള്ള സാധ്യത 65 ശതമാണെന്നും ആശുപത്രിയിലെ വിദഗ്ധരടങ്ങുന്ന സംഘത്തിന്റെ നിതാന്ത പരിശ്രമങ്ങളിലൂടെയാണ് വിജയം കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.