കൊച്ചിയില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ മിന്നല്‍ പണിമുടക്ക്

Posted on: December 19, 2016 10:34 am | Last updated: December 19, 2016 at 12:00 pm

കൊച്ചി: കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ മിന്നല്‍ പണിമുടക്ക്. ഓണ്‍ലൈന്‍ ടാക്‌സികള്‍ തടഞ്ഞതിന്റെ പേരില്‍ ഓട്ടോ ഡ്രൈവര്‍മാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതിനെതിരെയാണ് പ്രതിഷേധം. എറണാകുളം നോര്‍ത്ത്, സൗത്ത് റെയില്‍വേ സ്‌റ്റേഷനുകളിലെ ഓട്ടോ ഡ്രൈവര്‍മാരും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപമുള്ള ഓട്ടോക്കാരുമാണ് ആദ്യം സമരം തുടങ്ങിയത്. പിന്നീട് അത് കോര്‍പറേഷന്‍ പരിധിയിലേക്ക് വ്യാപിക്കുകയായിരുന്നു.

പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയ ഓണ്‍ലൈന്‍ ടാക്‌സി ഓട്ടോ ഡ്രൈവര്‍ തടഞ്ഞു. ഇതറിഞ്ഞ് പോലീസ് ഇവിടെയെത്തി തടഞ്ഞവര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു.

എന്നാല്‍ ഓട്ടോ ഡ്രൈവര്‍മാര്‍ പോലീസിനെ സംഘടിതമായി നേരിട്ടു. പോലീസും ഓട്ടോ ഡ്രൈവര്‍മാരും തമ്മില്‍ ഉന്തും തള്ളുമായതിനെ തുടര്‍ന്ന് അമ്പതോളം പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സമാനമായ സംഭവം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലും ഉണ്ടായതോടെ തൊഴിലാളികള്‍ സമരം പ്രഖ്യാപിക്കുകയായിരുന്നു.