Connect with us

Editorial

ഇതാണോ പാര്‍ലിമെന്റ് സമ്മേളനം?

Published

|

Last Updated

സഹസ്ര കോടികള്‍ ചെലവഴിച്ചു തിരഞ്ഞെടുപ്പ് നടത്തി കുറേ ജനപ്രതിനിധികളെ പാര്‍ലിമെന്റിലേക്കയക്കുന്നത് എന്തിനാണ്? രാജ്യവും ജനങ്ങളും നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുകയാണ് ജനപ്രതിനിധികളുടെ ചുമതല. ഇന്നാകട്ടെ പാര്‍ലിമെന്റ് നടപടികള്‍ തടസ്സപ്പെടുത്താനും സ്തംഭിപ്പിക്കാനുമാണ് അവര്‍ സഭയിലെത്തുന്നതെന്ന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടക്കുന്ന പാര്‍ലിമെന്റ് സമ്മേളനങ്ങള്‍ വീക്ഷിക്കുന്നവര്‍ക്ക് നിസ്സംശയം ബോധ്യപ്പെടും. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ റദ്ദാക്കിയ രീതിയെക്കുറിച്ചുണ്ടായ ബഹളത്തെ തുടര്‍ന്ന് ഇത്തവണ പാര്‍ലിമെന്റിന്റെ ശൈത്യകാല സമ്മേളനം കാര്യമായ നടപടികളിലേക്കൊന്നും കടക്കാതെയാണ് സമാപിച്ചത്. സമ്മേളനത്തിന്റെ ആദ്യ നാളുകളില്‍ നോട്ടുകള്‍ അസാധുവാക്കിയത് സംബന്ധിച്ചു വോട്ടെടുപ്പോടെയുള്ള ചര്‍ച്ചയും, പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സഭയിലെത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷമാണ് സഭാനടപടികള്‍ തടസ്സപ്പെടുത്തിയതെങ്കില്‍ അവസാന ഘട്ടത്തില്‍ പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി അഴിമതിയാരോപണമുന്നയിക്കുന്നത് തടസ്സപ്പെടുത്താനായി ഭരണപക്ഷം തന്നെയാണ് സഭാ നടപടികള്‍ അലങ്കോലപ്പെടുത്തിയതും സ്തംഭിപ്പിച്ചതും. ഭരിക്കുന്ന പാര്‍ട്ടി തന്നെ സഭ സ്തംഭിപ്പിക്കുന്നത് പാര്‍ലിമെന്റിന്റെ ചരിത്രത്തില്‍ അപൂര്‍വമാണ്. ഒരു മാസത്തെ സമ്മേളനം പാഴായിപ്പോയതില്‍ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഒരു പോലെ ഉത്തരവാദിത്വമുണ്ടെന്ന് രാജ്യസഭാ സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി തുറന്നു പറയുകയും ചെയ്തു.
ഭരണപക്ഷത്തിന്റെ നയമില്ലായ്മയും തെറ്റായ നിലപാടുകളുമാണ് പ്രധാനമായും ഈ ദുരവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചത്. സര്‍ക്കാറിലെയും റിസര്‍വ് ബേങ്കിലെയും ചില ഉന്നതര്‍ സ്വകാര്യമായി ചര്‍ച്ച ചെയ്തു ജനങ്ങള്‍ക്ക് തീരെ സാവകാശം നല്‍കാതെ പൊടുന്നനെ നടപ്പാക്കേണ്ടതല്ല നോട്ട് നിരോധം പോലുള്ള അതീവ ഗൗരവതരമായ നടപടികള്‍. വേണ്ടത്ര കൂടിയാലോചന നടക്കാത്തതിന്റെ പ്രത്യാഘാതങ്ങള്‍ ജനങ്ങളും രാജ്യവും അനുഭവിച്ചു കൊണ്ടരിക്കുകയാണിപ്പോള്‍. പാര്‍ലിമെന്റ് സമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ സഭയില്‍ ഹാജരായി ഇതുസംബന്ധിച്ചു തൃപ്തികരമായ വിശദീകരണം നല്‍കാതെ പ്രധാനമന്ത്രി സമ്മേളനത്തില്‍നിന്ന് വിട്ടുനിന്നതും നീതീകരിക്കാവതല്ല. മോദിയുടെ സ്ഥാനത്ത് വാജ്‌പേയി ആയിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ലെന്ന് ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അഡ്വാനി വ്യംഗമായി പറയുകയും ചെയ്തു. പാര്‍ലിമെന്റിനെയും ജനപ്രതിനിധികളെയും വിശ്വാസത്തിലെടുത്തു വേണം പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രവര്‍ത്തനങ്ങള്‍. ഇതുസംബന്ധിച്ച് പ്രതിപക്ഷം അവരുടെ വികാരം പ്രകടിപ്പിക്കുക സ്വാഭാവികമാണ്. എങ്കിലും തങ്ങളുടെ പ്രതിഷേധം സഭാനടപടികളെ ബാധിക്കാതിരിക്കാന്‍ അവരും ശ്രദ്ധിക്കേണ്ടതായിരുന്നു. മുന്‍ കാലങ്ങളിലും ഇത്തരം പ്രശ്‌നങ്ങളെ പാര്‍ലിമെന്റ് അഭിമുഖീകരിക്കാറുണ്ടായിരുന്നെങ്കിലും അത് പരിഹരിക്കാന്‍ കെല്‍പ്പുറ്റ നേതാക്കള്‍ ഇരുപക്ഷത്തുമുണ്ടായിരുന്നു.
അഡ്വാനി അഭിപ്രായപ്പെട്ടത് പോലെ പാര്‍ലിമെന്റ് പൂര്‍ണമായി തടസ്സപ്പെടുന്നത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. ചര്‍ച്ചയില്ലാതെ പാര്‍ലിമെന്റ് അനിശ്ചിതകാലത്തേക്ക് പിരിയുന്നത് ജനാധിപത്യത്തിന്റെ പരാജയവുമാണ്. കേവലം 22 മണിക്കൂര്‍ മാത്രമാണ് കഴിഞ്ഞ മാസം 16ന് ആരംഭിച്ച് ഈ മാസം 16ന് സമാപിച്ച പാര്‍ലിമെന്റ് കൂടിയത്. സമ്മേളനത്തിന്റെ വിലപ്പെട്ട 97 മണിക്കൂര്‍ പ്രതിപക്ഷ, ഭരണപക്ഷ ബഹളം മൂലം നഷ്ടമാകുകയായിരുന്നു. ഒരു മണിക്കൂര്‍ ലോക്‌സഭ സമ്മേളിക്കാന്‍ രണ്ട് കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. രാജ്യസഭക്ക് 1.5 കോടി രൂപയും. മണ്‍സൂണ്‍ സമ്മേളനം മൊത്തത്തില്‍ നടത്താന്‍ 300 കോടി രൂപയിലേറെ ചെലവ് വരും. ഇത്രയും സംഖ്യ പൊതുഖജാനാവിന് പാഴായി. രാജ്യത്തെ സാധാരണക്കാരായ നികുതി ദായകരാണ് ഇത് സഹിക്കേണ്ടത്.
പാര്‍ലിമെന്റ് നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുന്നതിനെ അടുത്ത ദിവസം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ശക്തമായി വിമര്‍ശിച്ചിരുന്നു. എം പിമാരെ ജനങ്ങള്‍ തിരഞ്ഞെടുത്തയച്ചത് രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാനാണെന്ന് ഓര്‍മിപ്പിച്ച രാഷ്ട്രപതി ദൈവത്തെയോര്‍ത്ത് ജോലി ചെയ്യണമെന്നും പാര്‍ലിമെന്റ് നടപടികള്‍ സുഗമമായി മുന്നോട്ട് കൊണ്ട് പോകാന്‍ സഹകരിക്കണമെന്നും ജനപ്രതിനിധികളോട് അഭ്യര്‍ഥിക്കുകയുണ്ടായി. ദീര്‍ഘകാലമായിട്ടും വനിതാ സംവരണ ബില്‍ അടക്കമുള്ള സുപ്രധാന ബില്ലുകള്‍ പാസ്സാക്കാന്‍ കഴിയാത്തതിലും അദ്ദേഹം നിരാശ രേഖപ്പെടുത്തി. ഇത്തവണത്തെ ശൈത്യകാല സമ്മേളനത്തിന്റെ മാത്രം അവസ്ഥയല്ല ഇത്. കുറേ വര്‍ഷങ്ങളായി പാര്‍ലിമെന്റ് സമ്മേളനം യഥാവിധി കൃത്യമായി നടക്കാറില്ല. ബജറ്റ് അവതരണത്തോടനുബന്ധിച്ചും മണ്‍സൂണ്‍, ശൈത്യകാലങ്ങളിലുമായി പാര്‍ലിമെന്റിന് സാധാരണ ഗതിയില്‍ മൂന്ന് സമ്മേളനങ്ങളാണുള്ളത്. ഈ മൂന്ന് ഘട്ടങ്ങളിലായി സഭ നൂറ് ദിവസം സമ്മേളിക്കണമെന്നണ് ചട്ടം. എന്നാല്‍ പേരിന് സമ്മേളിക്കുകയും എം പിമാര്‍ അവരുടെ വേതനവും ആനുകൂല്യങ്ങളും ഒപ്പിട്ടു വാങ്ങുകയും ചെയ്യാറുണ്ടെങ്കിലും ബഹളത്തില്‍ മുടങ്ങാതെ സഭ കൃത്യമായി നടന്ന ദിവസങ്ങള്‍ അടുത്ത കാലത്ത് തുലോം വിരളമാണ്.

---- facebook comment plugin here -----

Latest