Connect with us

Sports

ജൂനിയര്‍ ഹോക്കി ലോകകപ്പ് : ഓസീസിനെ വീഴ്ത്തി; ഇന്ത്യ ഫൈനലില്‍

Published

|

Last Updated

ന്യൂഡല്‍ഹി: പുരുഷ വിഭാഗം ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ പതിനഞ്ച് വര്‍ഷത്തിന് ശേഷം ഇന്ത്യയുടെ ചുണക്കുട്ടികള്‍ ഫൈനലില്‍. കരുത്തരായ ആസ്‌ത്രേലിയയെ ഷൂട്ടൗട്ടില്‍ 4-2ന് തോല്‍പ്പിച്ചാണ് ഫൈനല്‍ ടിക്കറ്റെടുത്തത്. നിശ്ചിത സമയത്ത് 2-2ന് തുല്യമായിരുന്നു. മന്‍ദീപ്, ഗുര്‍ജന്ദ് എന്നിവര്‍ ഇന്ത്യക്കായി ലക്ഷ്യം കണ്ടപ്പോള്‍ ടോം ക്രെയ്ഗ്, ലച്‌ലാന്‍ ഷാര്‍പ് എന്നിവര്‍ ഓസീസിനായി ഗോളടിച്ചു. ഷൂട്ടൗട്ടില്‍ സുമിത്, ഹര്‍മന്‍പ്രീത്, ഹര്‍ജീത്, മന്‍പ്രീത് എന്നിവര്‍ ഇന്ത്യക്കായി കിക്ക് ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ആസ്‌ത്രേലിയന്‍ നിരയില്‍ രണ്ട് പേര്‍ക്കേ ലക്ഷ്യം കാണാനായുള്ളൂ. ഗോള്‍ കീപ്പര്‍ വികാസ് ദാഹിയ നിര്‍ണായക രക്ഷപ്പെടുത്തലുമായി ഷൂട്ടൗട്ടില്‍ ഹീറോയായി.
2001 ല്‍ ഹൊബാര്‍ട്ടില്‍ നടന്ന ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായിരുന്നു. അതിന് ശേഷം ആദ്യമായാണ് ഫൈനലില്‍ ഇടം നേടുന്നത്.

ഫൈനലില്‍ ബെല്‍ജിയമാണ് ഇന്ത്യയുടെ എതിരാളി. ആറ് തവണ ചാമ്പ്യന്‍മാരായ ജര്‍മനിയെ തോല്‍പ്പിച്ചാണ് ബെല്‍ജിയം ഫൈനല്‍ ബെര്‍ത് സ്വന്തമാക്കിയത്.
ലോകഹോക്കിയിലെ ശക്തിയായ ആസ്‌ത്രേലിയന്‍ യുവനിരക്കെതിരെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇന്ത്യന്‍ ടീം കാഴ്ചവെച്ചത്. പതിനാലാം മിനുട്ടില്‍ തന്നെ സന്ദര്‍ശക ടീം ലീഡെടുത്തു. ടോം ഗ്രെയ്ഗാണ് ആതിഥേയ നിരയെ ഞെട്ടിച്ചത്. എന്നാല്‍, മനോഹരമായ ഫീല്‍ഡ് ഗോളുകളിലൂടെ ഇന്ത്യ കഥ മാറ്റിയെഴുതി. നാല്‍പ്പത്തിരണ്ടാം മിനുട്ടില്‍ ഗുര്‍ജന്ദ് സിംഗും നാല്‍പ്പത്തെട്ടാം മിനുട്ടില്‍ മന്ദീപ് സിംഗും നേടിയ ഗോളുകളില്‍ ഇന്ത്യ ആധിപത്യം സ്ഥാപിച്ചു. ജയം ഉറപ്പിച്ച മട്ടില്‍ ഇന്ത്യ നില്‍ക്കുമ്പോഴാണ് നിസാരമായ പിഴവില്‍ ഗോള്‍ വഴങ്ങുന്നത്. അമ്പത്തേഴാം മിനുട്ടില്‍ ലാച്‌ലാന്‍ ഷാര്‍പിന്റെ ഗോള്‍ മത്സരം ഷൂട്ടൗട്ടിലേക്ക് നീട്ടി.ഗോളി വികാസ് ദാഹിയ തകര്‍പ്പന്‍ പ്രകടനമാണ് ഷൂട്ടൗട്ടില്‍ കാഴ്ചവെച്ചത്. മാത്യുബേര്‍ഡിന്റെയും ഷാര്‍പിന്റെയും കിക്കുകള്‍ പറന്ന് തട്ടിയകറ്റി ദാഹിയ. ആസ്‌ത്രേലിയന്‍ ഗോള്‍ കീപ്പറാകട്ടെ വലിയ പരാജയമാവുകയും ചെയ്തു.

ആദ്യ സെമിയില്‍ ബെല്‍ജിയം ജയിച്ചതും ഷൂട്ടൗട്ടിലാണ്. 4-3ന് ജയിച്ച ബെല്‍ജിയം ആദ്യമായാണ് ജൂനിയര്‍ ഹോക്കിയില്‍ ആദ്യമായി ഫൈനല്‍ ബെര്‍ത് നേടി. ബെല്‍ജിയം ഗോളി ലോയിസ് വാന്‍ ഡോറന്റെ സൂപ്പര്‍ പ്രകടനമാണ് ജര്‍മനിയെ കുഴക്കിയത്. നിശ്ചിത സമയത്ത് ഗോള്‍ രഹിതമായിരുന്നു. ഷൂട്ടൗട്ടില്‍ ഫിലിപ് ഷമിദും ടിം ഹെര്‍സ്ബ്രചും എടുത്ത കിക്ക് ഗോളി വാന്‍ ഡോറെന്‍ തടഞ്ഞു.

 

Latest