Connect with us

Sports

രണ്ടാം പകുതി നിര്‍ണായകമാകും !

Published

|

Last Updated

മുഹമ്മദ് റഫീഖ്: 2014ല്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ കൊല്‍ക്കത്തക്ക് ഫൈനല്‍ ജയം ഒരുക്കിയത് റഫീഖ് ആയിരുന്നു. ഇപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് താരം

കൊച്ചിയില്‍ നാളെ ഐ എസ് എല്‍ ഫൈനല്‍. കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും കൊമ്പുകോര്‍ക്കാനിരിക്കുന്നു. ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങള്‍ക്കുള്ള കാത്തിരിപ്പിലാണ് കേരളക്കര. എല്ലാ റോഡുകളും കൊച്ചിയിലെ കലൂരിലേക്ക് എന്നതാണ് അവസ്ഥ. ടിക്കറ്റില്ല, ഫുട്‌ബോള്‍ പ്രേമികള്‍ നിരാശരാണ്. എത്ര പേര്‍ നാളെ സ്റ്റേഡിയത്തിലേക്ക് ഇരച്ചു കയറും. ഒരെത്തുംപിടിയും ഇല്ല. സുരക്ഷ ശക്തമാണ്. ജനപ്രവാഹത്തെ മാന്യമായി ടാക്കിള്‍ ചെയ്യാന്‍ പോലീസ് വേണ്ട മുന്‍ കരുതലുകളെല്ലാം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം. കരിഞ്ചന്തക്കാരും നാളെ പൊടിപൊടിക്കും ! ഇനി കളിയിലേക്കും ഫൈനലിലെത്തിയ ടീമുകളിലേക്കും വരാം. രസകരമായ ചില വിശേഷങ്ങളൊക്കെയുണ്ട് ഈ ടീമുകള്‍ക്ക്.

അതിലാദ്യം ഫൈനലിസ്റ്റുകള്‍ക്ക് പൊതുവെയുള്ള ഒരു പ്രത്യേകതയാണ്. രണ്ട് കൂട്ടരും മൂന്നാം സീസണില്‍ ലീഡ് നേടിയ ശേഷം തോറ്റിട്ടില്ല.
കണക്കുകള്‍ സൂചിപ്പിക്കുന്നത് പാസിംഗിലെ കൃത്യതയില്‍ ഏറ്റവും പിറകില്‍ കേരള ബ്ലാസ്റ്റേഴ്‌സാണെന്നതാണ്. 65.68 ശതമാനമാണ് കൃത്യത. ഫൈനലില്‍ കൃത്യത വര്‍ധിപ്പിച്ചില്ലെങ്കില്‍ പണി പാളും.
അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത വഴങ്ങിയ പതിനാറ് ഗോളുകളില്‍ പകുതിയും അവസാന അര മണക്കൂറിലായിരുന്നു. അതുകൊണ്ടു തന്നെ കേരളം ഏറ്റവും ജാഗ്രത പാലിക്കേണ്ടത് അവസാന അരമണിക്കൂറിലാകും.ഈ സീസണില്‍ എവേ മത്സരങ്ങളില്‍ കൊല്‍ക്കത്ത ആകെ ഒരു മത്സരത്തില്‍ മാത്രമേ തോറ്റിട്ടുള്ളൂ എന്ന റെക്കോര്‍ഡും ബ്ലാസ്റ്റേഴ്‌സ് കോച്ച് സ്റ്റീവ് കോപ്പലിന്റെ ഉറക്കം കെടുത്തും. രണ്ടാം പകുതിയില്‍ മികച്ചു കളിക്കുന്ന രീതിയാണ് കൊച്ചിയില്‍ കൊല്‍ക്കത്തയുടേത്. കാരണം, കൊച്ചിയില്‍ കൊല്‍ക്കത്തക്കാര്‍ നേടിയ അഞ്ച് ഗോളുകളില്‍ നാലും രണ്ടാം പകുതിയിലായിരുന്നു എന്ന റെക്കോര്‍ഡ്.

അതേ സമയം ബ്ലാസ്റ്റേഴ്‌സിന് ആശ്വാസമേകുന്ന ഒരു കാര്യമുണ്ട്. കൊല്‍ക്കത്തക്ക് പുറത്ത് അത്‌ലറ്റിക്കോ കൊല്‍ക്കത്ത കളിച്ച നാല് നോക്കൗട്ട് മത്സരങ്ങളില്‍ ജയിച്ചത് ഒന്നില്‍ മാത്രം. 2014 ഫൈനലില്‍ മുംബൈയില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചതാണത്. ഇവിടെയാണ് ഒരു കുരുക്കുള്ളത്. ആ ജയം തങ്ങള്‍ക്കെതിരെയാണല്ലോ എന്ന ഞെട്ടലിലാണ് മഞ്ഞപ്പട.
രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്‌സ് തകര്‍ത്താടുക. ബ്ലാസ്റ്റേഴ്‌സ് ഈ സീസണില്‍ നേടിയ പത്ത് ഗോളുകള്‍ രണ്ടാം പകുതിയിലാണ്.
2014 ഫൈനലില്‍ കൊല്‍ക്കത്ത മുംബൈയില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ കണ്ണീരണിയിപ്പിച്ച് കപ്പുയര്‍ത്തിയത് സൂപ്പര്‍ സബ് ആയെത്തി ഗോളടിച്ച മുഹമ്മദ് റഫീഖ്. ഇത്തവണ, റഫീഖ് കേരള നിരയിലാണ്. ആ കണക്ക് തീര്‍ക്കാന്‍ റഫീഖിന് സാധിച്ചാല്‍ ചരിത്രം പിറക്കും.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നേര്‍ക്കുനേര്‍ കളിച്ച രണ്ട് പേര്‍ കൊച്ചിയിലെ ഫൈനലിലും മുഖാമുഖം വരുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ അന്റോണിയോ ജെര്‍മെയ്‌നും കൊല്‍ക്കത്തയുടെ ഇയാന്‍ ഹ്യൂമും. ജെര്‍മെന്‍ ക്യൂന്‍സ്പാര്‍ക് റേഞ്ചേഴ്‌സിന് വേണ്ടിയും ഹ്യൂം ബാണ്‍സ്‌ലിക്കായും 2009-10 പ്രീമിയര്‍ ലീഗ് സീസണില്‍ കളിച്ചപ്പോഴാണ് കൊമ്പുകോര്‍ത്തത്. ബ്ലാസ്റ്റേഴ്‌സിന്റെ മൈക്കല്‍ചോപ്ര (കാര്‍ഡിഫ്)യും ഹ്യൂമിനെതിരെ (ലെസ്റ്റര്‍ സിറ്റി) ഇംഗ്ലീഷ് ഫുട്‌ബോളില്‍ മുഖാമുഖം വന്നിട്ടുണ്ട്. സ്റ്റീഫന്‍ പിയേഴ്‌സന്‍ (ബ്രിസ്റ്റോള്‍ സിറ്റി)-മൈക്കല്‍ ചോപ്ര (ഇപ്‌സ്‌വിച് ടൗണ്‍), ഹെല്‍ഡര്‍ പോസ്റ്റിഗ (ടോട്ടനം)-ആരോണ്‍ ഹ്യൂസ് (ന്യൂകാസില്‍ യുനൈറ്റഡ്) എന്നിവരും ഇംഗ്ലീഷ് ഫുട്‌ബോളില്‍ എതിരിട്ടവരാണ്.