മോദിയെ തുറന്നു കാണിക്കാനുള്ള ആര്‍ജവം രാഹുല്‍ ഗാന്ധിക്കില്ലെന്ന് കെജ്‌രിവാള്‍

Posted on: December 17, 2016 12:01 am | Last updated: December 16, 2016 at 11:56 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തുറന്നുകാണിക്കാനുള്ള ആര്‍ജവം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. റോബര്‍ട്ട് വദ്രക്ക് എതിരെ നടപടിയെടുക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കുമോ എന്ന ഭയമാണ് ഇതില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ പിന്തിരിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മോദിജിക്കെതിരെ എന്തെങ്കിലും വെളിപ്പെടുത്താന്‍ രാഹുല്‍ ഗാന്ധിക്ക് ആര്‍ജവമില്ല. കാരണം മോദിജി റോബര്‍ട്ട് വദ്രയെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം. പ്രധാനമന്ത്രി വ്യക്തിപരമായി വലിയ അഴിമതി ചെയ്തിട്ടുണ്ടെന്നും അതിന് തന്റെ കൈവശം തെളിവുണ്ടെന്നും ഇതാണ് തന്നെ ലോക്‌സഭയില്‍ സംസാരിക്കാന്‍ മോദി സമ്മതിക്കാത്തതെന്നും കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി.

രാഹുല്‍ ഗാന്ധി പറയുന്നത് പ്രകാരം മോദിക്കെതിരെ അദ്ദേഹത്തിന്റെ കൈവശം തെളിവുണ്ടെങ്കില്‍ അത് പുറത്തുവിടണമെന്ന് കഴിഞ്ഞ ദിവസം കെജ്‌രിവാള്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. ബി ജെ പിയും കോണ്‍ഗ്രസും അത്തരത്തില്‍ കുറെ സാദൃശ്യങ്ങളുണ്ടെന്നും അവര്‍ ഒന്നും പുറത്തുവിടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.