വികസന ബജറ്റ്

>>19,840 കോടി റിയാല്‍ ചെലവ് >>2,830 കോടി റിയാല്‍ കമ്മി >>പെടോള്‍ വില 45 ഡോളര്‍ >>പദ്ധതി ചെലവില്‍ വര്‍ധന >>ലോകകപ്പ് സൗഹൃദ ബജറ്റ് >>വികസനത്തിന് ഊന്നല്‍
Posted on: December 16, 2016 7:09 pm | Last updated: December 19, 2016 at 8:11 pm
SHARE
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി

ദോഹ: അടുത്ത വര്‍ഷത്തേക്കുള്ള ഖത്വര്‍ പൊതു ബജറ്റിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി അംഗീകാരം നല്‍കിയതായി ധനമന്ത്രി അലി ശരീഫ് അല്‍ ഇമാദി അറിയിച്ചു. 19,840 കോടി റിയാല്‍ ചെലവു പ്രതീക്ഷിക്കുന്ന ബജിറ്റില്‍ 17,010 കോടി റിയാല്‍ ആണു പ്രതീക്ഷിക്കുന്ന വരുമാനം. 2,830 കോടി റിയാലിന്റെ കമ്മി രേഖപ്പെടുത്തുന്നു. എണ്ണവിലിയിടിവിനെത്തുടര്‍ന്ന് ഇതു തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഖത്വര്‍ കമ്മി ബജറ്റ് അവതരിപ്പിക്കുന്നത്.

ധനമന്ത്രി അലി ശരീഫ് അല്‍ ഇമാദി

ബജറ്റിലെ 47 ശതമാനം തുകയും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനാണ് നീക്കി വെച്ചിരിക്കുന്നത്. ആരോഗ്യ വിദ്യാഭ്യാസ മേഖലക്കാണ് ബജറ്റില്‍ രണ്ടാം സ്ഥാനം. നടന്നു വരുന്ന പദ്ധതികള്‍ക്കും പുതിയ പദ്ധിതികള്‍ക്കുമെല്ലാം ബജറ്റില്‍ തുക നീക്കി വെച്ചിട്ടുണ്ട്. ചെലവുകള്‍ ചുരുക്കുമ്പോഴും വികസന പദ്ധതികളുടെ പൂര്‍ത്തീകരണം സാധ്യമാക്കുക എന്ന താത്പര്യവും ദേശീയ ദര്‍ശനരേഖ 2030ന്റെ പ്രയോഗവും ലക്ഷ്യംവെച്ചു കൊണ്ടാണ് ബജറ്റ് തയറാക്കിയിരിക്കുന്നത്. ലോകകപ്പിനു വേണ്ടി നടന്നു വരുന്ന പദ്ധതികള്‍ക്കെല്ലാം മതിയായ തുക വകയിരിത്തിയിട്ടുണ്ട്. ബജറ്റ് വരുമാനം മുന്‍ വര്‍ഷത്തേക്കാള്‍ ഒമ്പതു ശതമാനം ഉയര്‍ന്നു. അതേസമയം ആകെ ചെലവുകളില്‍ രണ്ടു ശതമാനത്തിന്റെ കുറവാണ് ബജറ്റ് രേപ്പെടുത്തുന്നത്. പെട്രോള്‍ വില ബാരലിന് 45 ഡോളര്‍ അടിസ്ഥാനപ്പടുത്തിയാണ് ബജറ്റ് തയാറാക്കിയതെന്ന് ധനമന്ത്രി അറിയിച്ചു. എണ്ണയിതര മേഖലയില്‍ നിന്നുള്ള വരുമാനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ചെലവുകളുടെ കാര്യക്ഷമത ഉറപ്പു വരുത്തുന്നതില്‍ ബജറ്റ് ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. മന്ത്രാലയങ്ങളുടെ ഏകോപനത്തിലൂടെ ജീവനക്കാരുടെ ശമ്പളയിനത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ മൂന്നു ശതമാനം കുറവുണ്ട് പുതിയ ബജറ്റില്‍. സര്‍ക്കാറിന്റെ പൊതു ചെലവുകളില്‍ 9.6 ശതമാനത്തിന്റെ കുറവും വരുത്താനായപ്പോള്‍ പദ്ധതികള്‍ക്കായി നീക്കി വെക്കുന്ന തുക മുന്‍ വര്‍ഷത്തേക്കാള്‍ 16.2 ശതമാനം കൂടുതലാണ്. ഈ വിഭാഗത്തില്‍ 370 കോടിയില്‍നിന്ന് 430 കോടി ആയാണ് ഉയര്‍ത്തിയത്. വിദ്യാഭ്യാസ, ആരോഗ്യ പദ്ധതികള്‍ക്കായാണ് ഈ വിഭാഗത്തില്‍ കൂടുതല്‍ തുക വകയിരുത്തിയിരിക്കുന്നത്.

രാജ്യത്തെ പ്രധാന പദ്ധതികള്‍ക്കായുള്ള വിഹിതം 2.6 ശതമാനം വര്‍ധിപ്പിച്ച് 9,320 കോടി റിയാലാണ് വകയിരുത്തിയത്. ആകെ ബജറ്റ് ചെലവുകളുടെ 47 ശതമാനവും ചെലവിടുന്നത് ഈ വിഭാഗത്തിലാണ്. രാജ്യത്തെ മുഖ്യധാരയില്‍ നടപ്പിലാക്കുന്ന എല്ലാ പ്രധാന വികസന പദ്ധതികളും നിശ്ചയിച്ച സമയത്തു തന്നെ പൂര്‍ത്തിയാക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്രയും തുക നീക്കി വെക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. വരുന്ന മൂന്നു വര്‍ത്തിനകം പൂര്‍ത്തിയാക്കാനുള്ള പദ്ധതികള്‍ക്കാണ് തുക അനുവദിച്ചത്. 37,400 കോടി റിയാലിന്റെ പ്രധാന പദ്ധതികളാണ് രാജ്യത്തു നടന്നു വരുന്നത്. എന്നാല്‍ എണ്ണ, വാതക മേഖലയുടെ വികസനം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ മേഖലയില്‍ 4,610 കോടിയുടെ പദ്ധതി കരാറുകള്‍ അടുത്ത വര്‍ഷം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
രാജ്യത്ത് നടപ്പിലാക്കുന്ന പ്രധാന വികസന പദ്ധതികളുടെയും ലോകകപ്പ് പദ്ധതികളുടെയും പൂര്‍ത്തീകരണത്തിനാണ് 2017ലെ ബജറ്റ് മുഖ്യ പരിഗണന നല്‍കുന്നതെന്ന് മന്ത്രി അറിയിച്ചു. അടിസ്ഥാന വികസനത്തിനും ഗതാഗത വികസനത്തിനുമായി 2,500 കോടി റിയാലാണ് വകയിരുത്തിയിരിക്കുന്നത്. 2022ലെ ലോക കപ്പിനു വേണ്ടി നടപ്പിലാക്കുന്ന പദ്ധതികള്‍ക്കായി 850 കോടി റിയാല്‍ വേറെയും നീക്കി വെക്കുന്നു. വിദ്യാഭ്യാസ ആരോഗ്യ രംഗത്തെ പൊതു വികസനത്തിന് 580 കോടിയും മറ്റു പൊതു മേഖലകള്‍ക്കായി 680 കോടിയും വകയിരുത്തുന്നു. രാജ്യത്ത് നടപ്പിലാക്കുന്ന വികസന പദ്ധതികള്‍ സാമ്പത്തിക വളര്‍ച്ചാ രംഗത്ത് വലിയ തോതിലുള്ള സ്വാധീനം ചെലുത്തുമെന്ന് മന്ത്രി പറഞ്ഞു.
അടുത്ത വര്‍ഷം രാജ്യത്തെ ആഭ്യന്തര ഉത്പാദന വരുമാന വളര്‍ച്ച 3.4 ശതമാനമായിരിക്കുമെന്നാണ് ഇന്റര്‍നാഷനല്‍ മോണിറ്ററി ഫണ്ട് നിരീക്ഷിക്കുന്നത്. വികസന പദ്ധതികള്‍ എണ്ണയിതര മേഖലയുടെ സുസ്ഥിരതക്ക് സാഹചര്യമൊരുക്കും. ഈ രംഗത്ത് ഈ വര്‍ഷം ആദ്യ പകുതിയില്‍ 5.8 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസത്തിന് 10.4 ശതമാനം
ദോഹ: വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയില്‍ ബജറ്റ് പ്രതീക്ഷ പുലര്‍ത്തുന്നു. ബജറ്റ് ചെലവിന്റെ 10.4 ശമതാനം തുക (2060 കോടി റിയാല്‍) ബജറ്റില്‍ നീക്കി വെച്ചിരിക്കുന്നു. 17 പുതിയ സ്‌കൂളുകളുടെയും നഴ്‌സറികളുടെയും നിര്‍മാണമുള്‍പ്പെടെയുള്ള പദ്ധതികളാണ് വിദ്യാഭ്യാസ മേഖലയില്‍ ബജറ്റ് മുന്നോട്ടു വെക്കുന്നത്.

28 സ്‌കൂളുകളുടെയും നഴ്‌സറികളുടെയും പൂര്‍ത്തീകരണത്തിനും തുക വക കൊള്ളിച്ചിട്ടുണ്ട്. ഖത്വര്‍ യൂനിവേഴ്‌സിറ്റിയുടെ പുതിയ പദ്ധതികളായ ഫാക്വല്‍റ്റീസ് എജുക്കേഷന്‍, ഫാര്‍മസി കോളജ്, ലോ, സയന്‍സ് ഫാക്വല്‍റ്റി ലബോറട്ടറികള്‍ തുടങ്ങിയ വികസനങ്ങള്‍ക്കും ബജറ്റില്‍ വിഹിതമുണ്ട്. എജുക്കേഷന്‍ സിറ്റിയില്‍ കൂടുതല്‍ ഗവേഷണ വിഭാഗങ്ങളും നിലവില്‍ വരും.

റയില്‍വേക്ക് 1000 കോടി
ദോഹ: ഗതാഗത പദ്ധതികള്‍ക്ക് 4200 കോടി റിയാലാണ് ബജറ്റ് വിഹിതം. ആകെ ബജറ്റ് ചെലവുകളുടെ 21.2 ശതമാനമാണിത്. ഇതില്‍ റയില്‍ പദ്ധതിക്കു മാത്രമായി 1000 കോടി നീക്കി വെച്ചിരിക്കുന്നു. ഹമദ് പോര്‍ട്ട്, ലുസൈല്‍, റയ്യാന്‍, ദുഖാന്‍ റോഡുകള്‍, ട്രക്കുകള്‍ക്കായുള്ള പുതിയ റിംഗ് റോഡ്, പുതിയ അല്‍ ഖോര്‍ റോഡ്, നോര്‍ത്ത് വെസ്റ്റ് ദോഹ, അല്‍ ഖോര്‍, അല്‍ മശാഫ്, വക്‌റ, വുകൈര്‍ എന്നിവിടങ്ങളില്‍ ഭൂമി ഏറ്റെടുക്കല്‍ തുടങ്ങിയ പദ്ധതികളെല്ലാം ഗതാഗത വികസന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here