അസാധുനോട്ടുകള്‍ ഉരുപ്പടികളായി എത്തും

Posted on: December 15, 2016 9:14 pm | Last updated: December 15, 2016 at 9:14 pm

ഇന്ത്യയില്‍ അസാധുവാക്കപ്പെട്ട നോട്ടുകള്‍, കെട്ടുകളായി പുനഃസംസ്‌കരിച്ച് വീട്ടു സാമഗ്രികള്‍ ഉണ്ടാക്കാനുള്ള അസംസ്‌കൃത വസ്തുവായി ഗള്‍ഫിലെത്തുന്നു. ഷാര്‍ജയില്‍ എം കെ റിയാസിന്റെ ഉടമസ്ഥതയിലുള്ള പെര്‍സെപ്റ്റ ട്രേഡിംഗ് കമ്പനിയാണ് നോട്ടുകെട്ടുകള്‍ കൊണ്ടുള്ള, ഷെല്‍ഫ് ഫോട്ടോ ഫ്രെയിം ഉരുപ്പടികള്‍ നിര്‍മിക്കുക.

കണ്ണൂരിലെ വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് ആണ് പുനഃസംസ്‌കരിച്ച നോട്ടുകള്‍ ഗള്‍ഫിലെത്തിക്കുന്നത്. ഇതിന് ഇവര്‍ക്ക് ഇന്ത്യയിലെ റിസര്‍വ് ബേങ്കിന്റെ അനുമതിയുണ്ട്. 500, 1000 എന്നിവയുടെ കോടിക്കണക്കിന് നോട്ടുകളാണ് വിലയില്ലാ കടലാസായി റിസര്‍വ് ബേങ്ക് ഗോഡൗണില്‍ എത്തിയത്. ഇവ പുനഃസംസ്‌കരിക്കാന്‍ ടെന്‍ഡര്‍ വിളിച്ചപ്പോള്‍ വാങ്ങിയത് കണ്ണൂരിലെ വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് ആണ്. ഇനി 30 മുതല്‍ 40 വരെ ശതമാനം ഹാര്‍ഡ് ബോര്‍ഡുകള്‍ ഇത്തരം അസംസ്‌കൃത വസ്തുക്കള്‍കൊണ്ടായിരിക്കുമെന്ന് കമ്പനി ഉടമ പി കെ മായന്‍ മുഹമ്മദ് പറഞ്ഞു. ഈ മാസം 25ന് കണ്ടെയ്‌നര്‍ വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.