ദേശീയപാതയോരത്ത് മദ്യശാലകള്‍ വേണ്ടെന്ന് സുപ്രീംകോടതി

Posted on: December 15, 2016 11:14 am | Last updated: December 15, 2016 at 6:08 pm

ന്യൂഡല്‍ഹി: ദേശീയസംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ വേണ്ടെന്ന് സുപ്രീംകോടതി. ദേശീയസംസ്ഥാന പാതകളുടെ 500 മീറ്റര്‍ ചുറ്റളവിലുള്ള ബാറുകളും ബീവറേജസ് ഔട്ട്‌ലെറ്റുകളും പൂട്ടാനാണ് ഉത്തരവ്. ഈ ദൂരപരിധിക്കുള്ളില്‍ മദ്യശാലകളുടെ ബോര്‍ഡുകളും പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു. നിലവില്‍ പ്രവര്‍ത്തിക്കുന്നവക്ക് മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കാം. ഏപ്രില്‍ ഒന്ന് മുതല്‍ ലൈസന്‍സ് പുതുക്കി നല്‍കരുതെന്നും കോടതി ഉത്തരവിട്ടു.

ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. മദ്യശാലകള്‍ കാരണം പ്രധാനപാതകളിലെ യാത്രക്കാര്‍ക്ക് തടസം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. ഗതാഗതം തടസപ്പെടുന്നതിനും അപകടങ്ങള്‍ക്കും മദ്യശാലകളുടെ പ്രവര്‍ത്തനം കാരണമാകുന്നുവെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.