വീഡിയോ പെനാല്‍റ്റി തുണച്ചു, ജാപനീസ് ക്ലബ്ബ് ഫൈനലില്‍ !

Posted on: December 15, 2016 6:09 am | Last updated: December 15, 2016 at 1:11 am
SHARE

ഒസാക: കൊളംബിയന്‍ ക്ലബ്ബ് അത്‌ലറ്റിക്കോ നാഷനല്‍സിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തുരത്തി ജാപനീസ് ലീഗ് (ജെ ലീഗ്) ചാമ്പ്യന്‍മാരായ കാഷിമ അന്റ്‌ലേഴ്‌സ് ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ ഫൈനലില്‍. മുപ്പത്തിമൂന്നാം മിനുട്ടില്‍ ചരിത്രപ്രധാനമായ പെനാല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഷോമ ഡോയ് ജാപനീസ് ക്ലബ്ബിനെ മുന്നിലെത്തിച്ചു. ചരിത്രത്തില്‍ ആദ്യമായിട്ട് വീഡിയോ സാങ്കേതിക വിദ്യ ഉപയോഗിച്ച് റഫറി അനുവദിച്ച പെനാല്‍റ്റി കിക്കായിരുന്നു ഇത്. രണ്ടാം പകുതിയുടെ അന്തിമഘട്ടങ്ങളില്‍ യാസുഷി എന്‍ഡോയും യുമ സുസുകിയും കാഷിമയുടെ ഫൈനല്‍ പ്രവേശം ആധികാരികമാക്കി.

ക്ലബ്ബ് ലോകകപ്പില്‍ ആദ്യമായിട്ടാണ് ഒരു ജാപനീസ് ക്ലബ്ബ് ഫൈനലില്‍ എത്തുന്നത്. രണ്ടാം സെമിയില്‍ ഇന്ന് ക്ലബ്ബ് അമേരിക്കയും റയല്‍മാഡ്രിഡും ഏറ്റുമുട്ടും.
ആവേശകരമായ മത്സരത്തിന്റെ ആദ്യപകുതിയില്‍ അത്‌ലറ്റിക്കോ നാഷനലിനായിരുന്നു പൊസഷന്‍. ഇരുപത്തൊന്നാം മിനുട്ടില്‍ മിഗ്വേല്‍ ബോയയുടെ അപകടകരമായ വലതുകാല്‍ ഷോട്ട് കാഷിമ ഗോളി തട്ടിമാറ്റി. പിന്നാലെ, ഹോന്‍ മോസ്‌ക്വുറയുടെ ഷോട്ട് ക്രോസ്ബാറില്‍ തട്ടിത്തെറിച്ചു. പിന്നാലെ ഒര്‍ലാന്‍ഡോ ബെറിയോയുടെ സിസര്‍ കിക്ക് ഗോള്‍ ലൈനില്‍ വെച്ച് കാഷിമ ഡിഫന്‍ഡര്‍ ജെന്‍ ഷോജി ക്ലിയര്‍ ചെയ്തു.
ഇങ്ങനെ, തുടക്കത്തില്‍ ജാപനീസ് ക്ലബ്ബിനെ വിറപ്പിക്കുകയായിരുന്നു കോപ ലിബര്‍ട്ടഡോറസ് ജേതാക്കളായ കൊളംബിയന്‍ ടീം ചെയ്തത്. മത്സരഗതിക്കെതിരെ ജെ ലീഗ് ചാമ്പ്യന്‍മാര്‍ നേടിയ ഗോള്‍ വിധി നിര്‍ണയിച്ചു. രണ്ടാം പകുതിയില്‍ പ്രതിരോധം മറന്ന് കയറിക്കളിക്കുന്നതിനിടെ രണ്ട് ഗോളുകള്‍ കൂടി വഴങ്ങി ലാറ്റിനമേരിക്കന്‍ ടീം ഫൈനല്‍ കാണാതെ പുറത്തായി.