അബുദാബി-അല്‍ ഐന്‍ ഹൈപ്പര്‍ലൂപ് സര്‍വീസിന് വഴിയൊരുങ്ങുന്നു

Posted on: December 14, 2016 7:08 pm | Last updated: December 14, 2016 at 7:08 pm

അബുദാബി: ഗതാഗത മേഖലയില്‍ പുതിയ നാഴികക്കല്ലാകുന്ന അബുദാബി-അല്‍ ഐന്‍ ഹൈപ്പര്‍ലൂപ് സര്‍വീസിന് വഴിയൊരുങ്ങുന്നു. ഇരു നഗരങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള സര്‍വീസിന്റെ സാധ്യതാപഠനത്തിനായി അബുദാബി ട്രാന്‍സ്‌പോര്‍ട് മുനിസിപ്പല്‍ വകുപ്പ് ഹൈപ്പര്‍ലൂപ് വണ്‍ കമ്പനിയുമായി കരാറില്‍ ഒപ്പുവെച്ചു.

പദ്ധതി യാഥാര്‍ഥ്യമായാല്‍ എട്ട് മുതല്‍ 12 വരെ മിനുട്ടിനുള്ളില്‍ അബുദാബിയില്‍ നിന്ന് അല്‍ ഐനിലേക്കെത്താനാകുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് മുനിസിപ്പല്‍ വകുപ്പിലെ കരഗതാഗത വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഖാലിദ് മുഹമ്മദ് ഹാഷിം പറഞ്ഞു.
അബുദാബിയുടെ സാമൂഹിക, സാമ്പത്തിക, വിനോദസഞ്ചാര രംഗങ്ങളില്‍ വലിയ മാറ്റമായിരിക്കും ഇതുവഴിയുണ്ടാകുക. പദ്ധതിയുടെ പ്രായോഗികത, അബുദാബി-അല്‍ ഐന്‍ ഹൈപര്‍ലൂപ് പാത, ആവശ്യമായി വരുന്ന ചെലവ് തുടങ്ങിയ കാര്യങ്ങളിലാണ് പ്രാരംഭഘട്ടത്തില്‍ പഠനം നടക്കുക. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അടുത്ത നടപടിക്രമങ്ങള്‍ തുടങ്ങുക.

നിലവിലുള്ളവയെ കവച്ചുവെക്കുന്ന അതിവേഗ ഗതാഗത മാര്‍ഗമാണ് ഹൈപ്പര്‍ലൂപ്. ലോകത്ത് ഒരിടത്തും ഇത് പ്രാവര്‍ത്തികമാക്കിയിട്ടില്ല. ദുബൈയില്‍ ആഭ്യന്തര സര്‍വീസ് നടത്തുന്നതിനും ദുബൈയില്‍ നിന്ന് ഫുജൈറയിലേക്കും അബുദാബിയിലേക്കും സര്‍വീസ് നടത്തുന്നതിനുമുള്ള പ്രാരംഭ പഠനങ്ങള്‍ക്ക് ഹൈപ്പര്‍ലൂപ് വണ്ണുമായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി നേരത്തെ ധാരണയിലെത്തിയിട്ടുണ്ട്. മണിക്കൂറില്‍ 1,200 കിലോമീറ്റര്‍വരെ വേഗതയുള്ള സംവിധാനം യാഥാര്‍ഥ്യമായാല്‍ ഗതാഗതരംഗത്തെ വിപ്ലവകരമായ മുന്നേറ്റമായിട്ടായിരിക്കും ചരിത്രം ഇതിനെ രേഖപ്പെടുത്തുക.